Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ മൊബൈല്‍ നമ്പരുകള്‍ 11 അക്കമാകുന്നു

ന്യൂദല്‍ഹി- ഏകീകൃത നമ്പറിംഗ് പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഫിക്‌സഡ് ലൈന്‍, മൊബൈല്‍ സര്‍വീസ് നമ്പറുകള്‍ നല്‍കുന്നതിന് പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് 11 അക്ക മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കാനാണ് ട്രായിയുടെ നിര്‍ദേശം. രാജ്യത്ത് കൂടുതല്‍ നമ്പറുകള്‍ ലഭ്യമാക്കാനാണ് ട്രായിയുടെ ശ്രമം.
ഇതുവഴി നിലവിലുള്ള മൊബൈല്‍ നമ്പറുകളില്‍ മാറ്റം വരും. പുതിയ മൊബൈല്‍ നമ്പറുകള്‍ക്ക് തുടക്കത്തില്‍ '9' എന്ന അക്കംകൂടി ചേര്‍ത്ത് ആകെ 11 അക്കങ്ങളാവും. ഫികസ്ഡ് ലൈനുകളില്‍നിന്നു മൊബൈലിലേക്ക് വിളിക്കുമ്പോള്‍ 'പൂജ്യം' കൂടി ചേര്‍ക്കണം. നിലവില്‍ എസ്.ടി.ഡി കോളുകള്‍ക്ക് മാത്രം പൂജ്യം ചേര്‍ത്താല്‍ മതി. എന്നാല്‍ ഇനി മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോഴും പൂജ്യം ചേര്‍ക്കണം.
ഫികസ്ഡ് ലൈന്‍ നമ്പറുകളെ 2 അല്ലെങ്കില്‍ 4 എന്ന സബ് ലെവലിലേക്ക് നീക്കും.  മുന്‍കാലങ്ങളില്‍ ചില ഓപ്പറേറ്റര്‍മാര്‍ 3, 5, 6 എന്നീ സംഖ്യകളുള്ള ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ വാഗ്ദാനം ചെയ്തിരുന്നു. അവ ഇന്ന് ഉപയോഗത്തിലില്ല. ഈ ഉപയോഗശൂന്യമായ നിശ്ചിത ലൈന്‍ നമ്പറുകള്‍ 2 അല്ലെങ്കില്‍ 4 എന്ന സബ് ലെവലിലേക്ക് നീക്കാന്‍ ട്രായ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഭാവിയില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കായി ഉപയോഗശൂന്യമായ നമ്പറുകള്‍ ഉപയോഗിക്കാന്‍ ഇത് മൊബൈല്‍ ഓപ്പറേറ്റര്‍മാരെ അനുവദിക്കും.
ഇന്റര്‍നെറ്റ് ഡോംഗിളുകള്‍ക്കുള്ള നമ്പറുകളില്‍ 13 അക്കങ്ങളുണ്ടാകും. നിലവില്‍ പത്ത് അക്ക മൊബൈല്‍ നമ്പറുകളാണ് ഡോംഗിളുകളിലും ഡാറ്റാ കാര്‍ഡുകളിലും ഉപയോഗിക്കുന്നത്.
പുതിയ തീരുമാനം വഴി 1000 കോടി നമ്പറുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും. നിലവില്‍ പിന്തുടരുന്ന നിര്‍ദേശം അനുസരിച്ച് 700 കോടി നമ്പറുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയെ ഉള്ളൂ. ഇതില്‍ 70 ശതമാനത്തോളം ഉപയോഗിച്ചിട്ടുണ്ട്.

 

Latest News