ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍

ഇഖ് ബാല്‍ കസ്‌ക്കര്‍

താനെ- ഇന്ത്യ അന്വേഷിച്ചു കൊണ്ടിരിക്കുന്ന പിടികിട്ടാപുള്ളി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയെന്ന് പോലീസ് പിടിയിലായ സഹോദരന്‍ ഇഖ്ബാല്‍ കസ്‌ക്കര്‍. ദാവൂദിന്റെ പാക്കിസ്ഥാനിലെ നാലോ അഞ്ചോ വിലാസങ്ങള്‍ കസ്‌ക്കര്‍ നല്‍കിയതായും പോലീസ് പറയുന്നു. ഇന്ത്യ പാക്കിസ്ഥാനു നല്‍കിയ രേഖകളില്‍ പറയുന്ന ഒമ്പതു വിലാസങ്ങളും കസ്‌ക്കര്‍ നല്‍കിയ വിവരങ്ങളും യോജിക്കുന്നതാണെന്നും പോലീസ് പഞ്ഞു. ദാവൂദ് രാജ്യത്തുണ്ടെന്ന വാദം പാക്കിസ്ഥാന്‍ പലതവണ നിഷേധിച്ചിരുന്നു.

കവര്‍ച്ച കേസില്‍ കഴിഞ്ഞയാഴ്ചയാണ് താനെ പോലീസ് മുംബൈയില്‍ കഴിയുന്ന ദാവൂദിന്റെ ഏക സഹോദരനായ 60-കാരന്‍ ഇഖ്ബാല്‍ കസ്‌ക്കറിനെ അറസ്റ്റ് ചെയ്തത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കവര്‍ച്ചാ റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് കസ്‌ക്കര്‍ പിടിയിലായത്.

ഫോണ്‍ ചോര്‍ത്തല്‍ ഭയം കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ദാവൂദ് താനുമായോ ഇന്ത്യയിലെ മറ്റു കുടുംബാംഗങ്ങളുമായി സംസാരിക്കാറില്ലെന്നും കസ്‌ക്കര്‍ പറഞ്ഞതായി പോലീസ് പറയുന്നു. അതേസമയം മറ്റൊരു സഹോദരനായ അനീസ് അഹമദ് തന്നെ ചില സമയങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും കസ്‌ക്കര്‍ വെളുപ്പെടുത്തി. രാജ്യാന്തര നമ്പറുകളില്‍ നിന്നാണ് അനീസ് മൊബൈല്‍ വഴി ഈദ് ഉള്‍പ്പെടെയയുള്ള ചില സന്ദര്‍ഭങ്ങളില്‍ തന്നെ വിളിച്ചതെന്ന് കസ്‌ക്കര്‍ പോലീസിനോട് പറഞ്ഞു. 1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയാണ് അനീസ്. 

താനെ മേഖലയിലെ റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണാഭരണ കമ്പനികളില്‍ നിന്ന് ഭീഷണിപ്പെടുത്തി 100 കോടി രൂപയോളം കവര്‍ന്ന കുറ്റമാണ് കസ്‌ക്കറിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ ഇടപാടില്‍ ദാവൂദിന് ബന്ധമില്ല. അതേസമയം താന്‍ പിടിച്ചുപറി നടത്തിയിട്ടില്ലെന്നും ഈ കമ്പനികളുമായി ചേര്‍ന്ന് ബിസിനസ് നടത്തിയതാണെന്നും കസ്‌ക്കര്‍ പറയുന്നു. 

അതേസമയം കസ്ക്കറിന്റെ വെളിപ്പെടുത്തല്‍ പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്നും ഇന്ത്യയ്ക്കു പുറത്തുള്ള സഹോദരന്മാരുമായി കസ്‌ക്കർ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് സംശയിക്കുന്നതെന്നും പോലീസ് പറയുന്നു. ചോദ്യം ചെയ്യലിനോട് കസ്‌ക്കര്‍ പൂര്‍ണമായും സഹകരിക്കുന്നില്ല. അല്‍പ്പം മാത്രമെ സംസാരിക്കുന്നുള്ളൂ. 

ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീലുമായി താന്‍ നല്ല ബന്ധത്തിലല്ലെന്നും കസ്‌ക്കര്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. എട്ടു ദിവസമായി പോലീസ് കസ്റ്റഡിയിലുള്ള കസ്‌ക്കറിനെ നിരന്തരം ചോദ്യം ചെയ്തു വരികയാണ്. ദാവൂദുമായി നല്ല ബന്ധമുള്ള വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍ എന്നിവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചികഞ്ഞെടുക്കാനാണ് പോലീസ് ശ്രമം.

 

Latest News