Sorry, you need to enable JavaScript to visit this website.

വേണം, പുതിയൊരു കേരള മോഡൽ

ആഗോള പ്രശംസ നേടിയ കേരള വികസന മാതൃകയുടെ നട്ടെല്ല് പ്രവാസികൾ കൊണ്ടുവന്ന സാമ്പത്തിക സമൃദ്ധിയായിരുന്നു. എന്നാൽ ഭാവിയിലേക്കുള്ള കരുതലായി അതിനെ മാറ്റിയെടുക്കുന്നതിൽ നാം പരാജയപ്പെട്ടു. പ്രവാസികൾ കൂട്ടത്തോടെ മടങ്ങിവരാൻ ഒരുങ്ങവേ, പരിഭ്രാന്തിയിലേക്ക് നാം വലിച്ചെറിയപ്പെട്ടിരിക്കുന്നു. പ്രവാസികൾ താങ്ങിനിർത്തിയ മോഡലിന് പകരം പ്രവാസികളെ ഉൾക്കൊള്ളുന്ന വികസന മാതൃകയാണ് ഇനി വേണ്ടത്.


പ്രവാസിയുടെ കരുത്തുള്ള കരങ്ങളാണ് കേരളത്തെ താങ്ങിനിർത്തുന്നത് എന്ന സമ്മതം, നിരന്തര പ്രയോഗത്താലും അർഥശൂന്യമായ പ്രശംസാപരതയാലും പലപ്പോഴും കേവല വാക്കുകളായി ഒടുങ്ങുമ്പോഴും അതിലടങ്ങിയിരിക്കുന്ന ചരിത്ര യാഥാർഥ്യത്തെ ആർക്കും നിഷേധിക്കാനാവില്ല. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരാതെ കാത്തുസൂക്ഷിക്കുന്നതിൽ വിദേശങ്ങളിലേക്ക് കുടിയേറിയ മലയാളികളുടെ വിയർപ്പുതുള്ളികൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഒരു ഘട്ടത്തിൽ ആഗോള പ്രശംസ നേടുകയും പിന്നീട് തുടർച്ചയില്ലാതെ മന്ദീഭവിക്കുകയും ചെയ്ത കേരള വികസന മാതൃകയുടെ വിജയകരമായ നടത്തിപ്പിലും പ്രവാസിയുടെ പണം ഗണ്യമായ പങ്കുവഹിച്ചു. കേരള വികസന മാതൃക, സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പല സവിശേഷതകളുടെയും ആകത്തുകയായി രൂപംകൊണ്ടതാണെങ്കിലും അതിനെ തകരാതെ പിടിച്ചുനിർത്താൻ കഴിഞ്ഞതിൽ കടൽ കടന്നുവന്ന പണത്തിനും വലിയ പങ്കുണ്ട്. 


കേരളം എക്കാലവും അംഗീകരിക്കുന്ന ഈ യാഥാർഥ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വാക്കുകളിൽ രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു രാജ്യാന്തര സമ്മേളനത്തിൽ 'കേരള സമ്പദ്‌വ്യവസ്ഥയുടെ പുനഃസംഘടന- ബദൽ കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു: 'കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ ആക്കം കൂട്ടിയത് നമ്മുടെ സംസ്ഥാനത്തുനിന്നു ഗൾഫ് മേഖലകളിലേക്കും മറ്റും പ്രവാസികളായി കുടിയേറിപ്പാർത്തവർ നാട്ടിലേക്കയച്ച സമ്പാദ്യങ്ങളാണ്. പ്രവാസികൾ ഇന്ത്യയിലേക്കയക്കുന്ന പണത്തിന്റെ ഭൂരിഭാഗവും കേരളത്തിലേക്കാണ് വരുന്നത്, 19 ശതമാനം. പല കണക്കുകൾ പ്രകാരം ഈ തുക കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 30 മുതൽ 33 ശതമാനം വരെ വരും.
എന്നാൽ അടുത്തിടെ നടത്തപ്പെട്ട ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇപ്പോൾ ഇതിൽ കുറവുണ്ടാകുന്നുണ്ട് എന്നാണ്. മൈഗ്രേഷൻ സർവേ റിപ്പോർട്ടുകൾ പ്രകാരം നമ്മുടെ കുടിയേറ്റക്കാരുടെ എണ്ണവും കുറയുകയാണ്. അതായത്, ഗൾഫ് മേഖലയിലെ പല രാജ്യങ്ങളിലും ഉണ്ടാകുന്ന പുതിയ നയസമീപനങ്ങളുടെ ഫലമായി കുടിയേറ്റത്തിലും അതിലൂടെ കേരളത്തിലേക്ക് വരുന്ന സമ്പത്തിന്റെ അളവിലും കുറവുണ്ടാകുന്നു. അതേസമയം, തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണത്തിൽ വർധന ഉണ്ടാവുകയും ചെയ്യുന്നു.


നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്ന ഈ വിഷയങ്ങൾ ഏറ്റെടുക്കാതെ കേരളത്തിന്റെ പുനർനിർമാണം പൂർണമാവുകയില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ മടങ്ങിവരുന്ന പ്രവാസികൾക്ക് നിക്ഷേപത്തിനും സംരംഭകത്വത്തിനും വേണ്ട അവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ. നവകേരള നിർമിതിയിൽ പ്രവാസികളുടെ പങ്ക് ഉറപ്പാക്കുകയാണ്.'
ഈ വാക്കുകൾ പറയുമ്പോൾ കൊറോണ എന്ന മഹാമാരിയെക്കുറിച്ച വിദൂര ലാഞ്ചന പോലും അദ്ദേഹത്തിന്റെയോ നമ്മുടെയോ മനസ്സിലില്ല. ഇന്ന്, ഗൾഫ് അടക്കമുള്ള പ്രവാസ ഭൂമികളിൽനിന്ന് വലിയ തോതിലുള്ള മടക്കം അപ്രതീക്ഷിതമായി ആസന്നമായിരിക്കേ, ചിട്ടിയും കിഫ്ബിയും കൊണ്ട് മാത്രം പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പ്രവാസികളുടെ നിക്ഷേപം പിഴിഞ്ഞെടുക്കുകയല്ല, ഇത്ര നാൾ സംഭരിച്ചതിൽനിന്ന് ഇനിയെന്തു തിരിച്ചുനൽകുമെന്ന രീതിയിലേക്ക് അതിവേഗം കാര്യങ്ങൾ തിരിഞ്ഞുമറിഞ്ഞത്, സർക്കാറിനെയല്ല, സാമ്പത്തിക വിദഗ്ധരെയും കുഴക്കുന്ന ചോദ്യങ്ങൾ ഉയർത്തിക്കഴിഞ്ഞിരിക്കുന്നു.


കൊറോണ, ദീർഘനാൾ നീളുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളാണ് എല്ലാ രാജ്യങ്ങളിലും വരുത്തിയിരിക്കുന്നത്. കുടിയേറ്റത്തെക്കുറിച്ചും കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനെക്കുറിച്ചുമുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പല രാജ്യങ്ങളിലും ഉരുത്തിരിഞ്ഞുവരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. ഇത്, മലയാളികളുടെയടക്കം കുടിയേറ്റ സ്വപ്‌നങ്ങൾക്ക് മേൽ നിഴൽ വീഴ്ത്തുകയാണ്. വിദ്യാസമ്പന്നനായ മലയാളിയെപ്പോലും അന്യരാജ്യങ്ങളിലേക്ക് പറഞ്ഞയച്ച്, നാടിന്റെ സാമ്പത്തിക നട്ടെല്ല് വളയാതെ നിലനിർത്താമെന്ന പ്രതീക്ഷകൾക്ക് ഇനി അധികം ആയുസ്സില്ലെന്നർഥം. ഒരിക്കൽ എഴുത്തുകാരൻ സക്കറിയ ശരിയായി ചൂണ്ടിക്കാണിച്ച പോലെ, നമ്മുടെ ഭാവനാശൂന്യരായ രാഷ്ട്രീയക്കാരുടെ പിടിപ്പുകേട് കൊണ്ടു മാത്രം, വിദേശങ്ങളിലേക്ക് എടുത്തെറിയപ്പെടുകയും എന്നിട്ടും, അവരുടെ, മാനസികവും പ്രത്യയശാസ്ത്രപരവുമായ അടിമത്തം പേറാൻ വിധിക്കപ്പെടുകയും ചെയ്ത പ്രവാസി, മടങ്ങിവരവിന്റെ ഈ അപ്രതീക്ഷിത വേളയിൽ, നാടിന്റെ കൈത്താങ്ങ് പ്രതീക്ഷിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. 


പതിറ്റാണ്ടുകളുടെ സാമൂഹിക നവോത്ഥാന പ്രക്രിയയിൽനിന്ന് ഊർജം ഉൾക്കൊണ്ട രാഷ്ട്രീയവും ആധുനിക ജനാധിപത്യ സങ്കൽപങ്ങളെ അതിവേഗം ആശ്ലേഷിക്കാൻ കാണിച്ച ദീർഘവീക്ഷണവുമാണ് കേരളത്തിന്റെ സവിശേഷമായ വികസന മാതൃകക്ക് അടിസ്ഥാനമായത്. ഭൂമിയുടെ ഉടമസ്ഥാവകാശം വികേന്ദ്രീകരിക്കാൻ സഹായകമായ ഭൂപരിഷ്‌കരണ നയം, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ ഒരു നൂറ്റാണ്ടായി കേരളത്തിൽ നടന്ന വിപ്ലവാത്മകമായ മുന്നേറ്റം മുന്നോട്ടു കൊണ്ടുപോകാൻ കാണിച്ച വ്യഗ്രത എന്നിവയെല്ലാം കേരള മോഡലിന് വഴി കാണിച്ചെങ്കിലും സമഗ്രമായ ഒരു സാമ്പത്തിക ഭദ്രതയാണ് അതിന്റെ അടിത്തറയായി വർത്തിച്ചത്. അതിന് സഹായകമായതാവട്ടെ, നൂറ്റാണ്ട് പഴക്കമുള്ള മലയാളിയുടെ വിദേശ കുടിയേറ്റവും. 
സ്വാതന്ത്ര്യത്തിന് മുമ്പ് പൊതുവെ കാർഷിക മേഖലയിൽ ശ്രദ്ധയൂന്നിയ കേരളത്തിന്റെ സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം തീർച്ചയായും ആ രംഗത്തെ പുരോഗതിയല്ല എന്ന് എടുത്തുപറയേണ്ടതാണ്. കാർഷിക വൃത്തി പതുക്കെപ്പതുക്കെ സാമ്പത്തിക മെച്ചമില്ലാത്ത ഏർപ്പാടായി മാറുകയും ഭൂമിയുടെ അവകാശം നഷ്ടപ്പെട്ട വരേണ്യ വിഭാഗം കൃഷിയോടുള്ള ആഭിമുഖ്യം ഉപേക്ഷിച്ചതും കേരളത്തിന് തിരിച്ചടിയായിരുന്നു. ദാരിദ്ര്യം പടർന്നുപിടിച്ച അക്കാലത്ത്, ധാരാളമാളുകൾ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചു.

മലബാറിൽനിന്ന് കർണാടകയിലെ ചിക്കമംഗഌർ, ഷിമോഗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് കുടുംബങ്ങളാണ് കുടിയേറിയത്. അവിടങ്ങളിൽ നടന്നുവന്ന അണക്കെട്ട് നിർമാണ പ്രക്രിയയിലും മറ്റും ലഭിച്ച തൊഴിലവസരങ്ങളായിരുന്നു അവരുടെ പട്ടിണി മാറ്റിയത്. എഴുപതുകളിൽ പതുക്കെപ്പതുക്കെ ഗൾഫ് പ്രവാസം വികസിച്ചു വന്നതോടെയാണ് സ്വതവെ ദാരിദ്ര്യത്തിന്റേതായിരുന്ന കേരളത്തിന്റെ സാമൂഹികാവസ്ഥക്ക് മാറ്റം വന്നു തുടങ്ങിയത്. ഗൾഫ് കുടിയേറ്റം വിദ്യാസമ്പന്നരല്ലാത്ത ദരിദ്ര കുടുംബങ്ങൾക്ക് ആശ്വാസത്തുരുത്തായി മാറുകയായിരുന്നു. ബിഹാറിനെയോ ഉത്തർപ്രദേശിനെയോ പോലെ ദരിദ്രകർഷകരുടെയും നിർമാണത്തൊഴിലാളികളുടെയും സംസ്ഥാനമായി മാറാതെ കേരളത്തെ പടുത്തുയർത്തിയത് അറബിപ്പൊന്നായിരുന്നു. ഈ സാമ്പത്തിക ഊർജമാണ് ഊർധ്വൻ വലിക്കുകയായിരുന്ന കേരളത്തെ രക്ഷിച്ചെടുത്ത്, പുത്തനുണർവോടെ മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചത്. ഈ സാമ്പത്തികാടിത്തറയാണ് കേരള മാതൃകയുടെ വിജയത്തിന് യഥാർഥത്തിൽ നിദാനമായത്. ഗൾഫ് പണം, അടിസ്ഥാന വിദ്യാഭ്യാസ മേഖലയേയും ആവും വിധം പ്രോത്സാഹിപ്പിച്ചതു കാരണം വിദ്യാസമ്പന്നരായ പുതിയ തലമുറ സൃഷ്ടിക്കപ്പെടുകയും അവരും കേരളത്തിന്റെ പുനർനിർമാണത്തിൽ അണിചേരുകയും ചെയ്തു.


റിവേഴ്‌സ് മൈഗ്രേഷൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഭൂതപൂർവമായ മടങ്ങിവരവിന്റെ പശ്ചാത്തലത്തിൽ കേരളം ഭീതിദമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊറോണ എത്തും മുമ്പേ, രണ്ട് പ്രളയങ്ങളും ദേശീയ തലത്തിലെ സാമ്പത്തിക മാന്ദ്യവും കേരളത്തെ ഉലച്ചുകഴിഞ്ഞിരുന്നു. 2018 ൽ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 2013 നും 2018 നും ഇടക്ക് മടങ്ങിവന്ന പ്രവാസികളുടെ എണ്ണം മൂന്ന് ലക്ഷമാണ്. പുതിയ സാഹചര്യത്തിലാകട്ടെ, ഇത് പതിന്മടങ്ങാകാൻ പോകുകയാണ്. പ്രവാസികൾ, ഗണ്യമായ തോതിൽ അതത് രാജ്യങ്ങളിൽ തന്നെ തുടരുകയും അവരുടെ സമ്പാദ്യത്തിനും നിക്ഷേപത്തിനും കാര്യമായ കുറവുകളില്ലാതെയിരിക്കുകയും ചെയ്യുമ്പോൾ, ഗൾഫിലെ തദ്ദേശവൽക്കരണവും മറ്റും മൂലമുള്ള പ്രതിസന്ധികളിൽപെട്ട് മടങ്ങിവരുന്നവരുടെ കാര്യത്തിൽ സർക്കാറിന് പുനരധിവാസ സാധ്യതകൾ തേടുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ കൂട്ടത്തോടെയുള്ള മടങ്ങിവരവും ഗൾഫ് നിക്ഷേപത്തിൽ സംഭവിക്കുന്ന കാര്യമായ ഇടിവും വ്യത്യസ്തമായ മറ്റൊരന്തരീക്ഷമാണ് സൃഷ്ടിക്കാൻ പോകുന്നത്. ഇത് മുൻകൂട്ടി മനസ്സിലാക്കാനുള്ള വിവേകവും ദീർഘദൃഷ്ടിയും സർക്കാറിനുണ്ടാവേണ്ടത് അനിവാര്യമാണ്. 


കേരള മോഡൽ ഉള്ളുപൊള്ളയായ ഒരു വികസന സങ്കൽപം മാത്രമാണെന്ന വിമർശനം ശരിയാണെന്ന് വിലയിരുത്തപ്പെടാൻ പോകുന്നത് പ്രവാസികളുടെ തിരിച്ചുവരവിലൂടെയായിരിക്കും. 2014 ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 36.3 ശതമാനം (86,000 കോടി) ഗൾഫിൽനിന്നാണ് ഒഴുകിയെത്തിയതെന്ന് സി.ഡി.എസ് പഠനങ്ങൾ പറയുന്നു. 2017-18 ലെ പബ്ലിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം നാഗാലാന്റും ഗോവയും മണിപ്പൂരും കഴിഞ്ഞാൽ ഉയർന്ന ശതമാനം തൊഴിലില്ലായ്മ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ വാർഷിക സർവേയും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. പ്രവാസിയുടെ പണം ക്രിയാത്മകമായി വിനിയോഗിക്കാനോ, ഭാവിയിലേക്കുള്ള സാമ്പത്തിക മുതൽക്കൂട്ടാക്കി മാറ്റുവാനോ നമുക്ക് കഴിഞ്ഞില്ലെന്നതാണ് കേരള മോഡലിന്റെ പരാജയമായി വിലയിരുത്തപ്പെടാൻ പോകുന്നത്.


 വ്യവസായ പുരോഗതിക്കോ, തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതികൾക്കോ അത് ദീർഘവീക്ഷണത്തോടെ ഉപയോഗിക്കപ്പെട്ടില്ല. നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽനിന്ന് ശൂന്യതയിലേക്ക് മറയുന്ന അനേകായിരം കോടികൾ, നാടിനെ മറ്റൊരു വിപത്തിലേക്ക് തീർച്ചയായും തള്ളിവിടും. 12 ശതമാനം തൊഴിലില്ലായ്മയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് വായ്പ നൽകിയും ചെറുകിട സംരംഭങ്ങൾക്ക് സഹായിച്ചും പിടിച്ചുനിർത്താമെന്ന ചിന്ത അങ്ങേയറ്റം ലളിതമാണ്. കൂടുതൽ സമഗ്രമായ പുനരധിവാസ പദ്ധതികളും ചലനാത്മകമായ പുതിയൊരു വികസന മാതൃകയും തീർച്ചയായും കാലം ആവശ്യപ്പെടുന്നുണ്ട്. 

Latest News