Sorry, you need to enable JavaScript to visit this website.

'പിയാനോ' ലഹരിയിൽ ഷാഹിർ

വേറിട്ട വഴിയിലൂടെ ശ്രദ്ധേയനാവുകയാണ് 28 കാരനായ ഷാഹിർ. ജന്മനാ നടക്കാനുള്ള സ്വാധീനം നഷ്ടപ്പെട്ട ഷാഹിറിനൊപ്പം കൂടിയിരിക്കുകയാണ് പിയാനോ. ഓർമയുറക്കും പ്രായത്തിലൊന്നും കൂടെക്കൂടാതിരുന്ന പിയാനോ ഇന്ന് അവന്റെ ജീവനാണ്. പരിശീലനമേതും നേടാതെ പിയാനോയിൽ അത്ഭുതം തീർക്കുകയാണ് ഈ യുവാവ്. 
തെക്കത്ത് വളപ്പിൽ സൈദ്-സുബൈദ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഷാഹിർ. ജനിച്ച് അധികം വൈകാതെ ചികിത്സയുടെ കാലമായിരുന്നു. ഓരോ ചികിത്സാലയങ്ങൾ കയറുമ്പോഴും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോയി. ഭൂമുഖത്ത് കിട്ടാവുന്ന എല്ലാ ചികിത്സാരീതികളും മാതാപിതാക്കൾ പരീക്ഷിച്ചുനോക്കി, ഒന്നും ഫലമുണ്ടായില്ല. 
നീണ്ട കാലത്തെ ഈ ചികിത്സക്കിടയിൽ ഷാഹിർ എന്ന കലാകാരനിൽ കഴിവുകളും കൂടിക്കൂടി വരികയായിരുന്നു. ചികിത്സക്കിടെ കളിക്കോപ്പായി ലഭിച്ച പിയാനോയാണ് ഷാഹിറിന്റെ ജീവിതം മാറ്റിമറിച്ചത്. ഒറ്റ വിരലിലൂടെ പിയാനോ വായിച്ചു വിസ്മയം തീർക്കാൻ ഷാഹിറിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ ഒരനുഗ്രഹം. 
ഇന്ത്യൻ ദേശീയഗാനത്തിലൂടെയാണ് ഭിന്നശേഷിക്കാരനായ ഈ കലാകാരൻ ആദ്യമായി രംഗത്ത് എത്തുന്നത്. പിന്നീട് വിവിധങ്ങളായ ഭാഷകളിലുള്ള സിനിമാ പാട്ടുകൾ, മാപ്പിള പാട്ടുകൾ തുടങ്ങിയവ കീബോഡിൽ വായിച്ചു തുടങ്ങി. 
ഒരു ഗാനം ഒന്നോ രണ്ടോ പ്രാവശ്യം കേൾക്കും, പിന്നീട് ആരുടേയും സഹായമില്ലാതെ കീ ബോർഡിൽ അവൻ തന്നെ അത് തിട്ടപ്പെടുത്തിയെടുക്കുയും ചെയ്യും. അക്ഷരങ്ങളാടോ സംഗീതത്തോടോ യാതൊരു ബന്ധവും പരീശീലനവും ലഭിക്കാത്ത ഷാഹിർ പിയാനോയിലൂടെ സംഗീതത്തിന്റെ വിസ്മയങ്ങൾ തീർക്കുമ്പോൾ എറവറാംകുന്ന് ഗ്രാമവും, അതിലെ ഗ്രാമവാസികളും അവനിൽ അഭിമാനം കൊള്ളുന്നു. 


വർഷത്തിൽ ഒരിക്കൽ എറവറാംകുന്ന് ഗ്രാമത്തിൽ നടക്കുന്ന ഈദ് ഇശൽ മീറ്റാണ് ആദ്യത്തെ സ്‌റ്റേജ് പ്രോഗ്രാം. രണ്ട് മൂന്ന് പരിപാടികൾ കഴിഞ്ഞാൽ പിന്നെ വേദി ഷാഹിറിന് വേണ്ടി മാറ്റിവെക്കും. അത് കഴിഞ്ഞാൽ അവന് നാട്ടുകാരിൽനിന്ന് ലഭിക്കുന്ന പ്രോത്സാഹനവും അംഗീകാരവുമാണ് അവന്റെ മുന്നോട്ടുള്ള യാത്രയിലെ പ്രചോദനം. 
സംസ്ഥാന ഭിന്നശേഷി സംഘടനയിലെ അംഗമായ ഷാഹിർ അവരുടെ നിരവധി വേദികളിൽ പങ്കെടുക്കുകയും വൈക്കം വിജയ ലക്ഷ്മി പോലുള്ളവർ പങ്കെടുക്കുന്ന വേദികളിൽ അവസരം ലഭിക്കുകയും പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയിതിട്ടുണ്ട്. ഇന്ന് ഈ പ്രതിഭ അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു. സമീപ പ്രദേശങ്ങളിൽ നടക്കുന്ന വിവിധ വേദികളിൽ ഷാഹിറും അവന്റെ 'പിയാനോയും' മികവ് തെളീച്ചുകൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിൽ നടക്കുന്ന കൊയ്ത്തുത്സവങ്ങളിൽ, ക്ലബ്ബുകളുടെ വാർഷിക പരിപാടികൾ തുടങ്ങിയവ ഉദ്ഘാടനം ചെയുന്നത് അവന്റെ ഒറ്റവിരൽ പിയാനോ വിസ്മയം തീർത്താണ്. പ്രമുഖ  കലാകാരന്മാരുള്ള വേദിയിലും ഷാഹിറും അവന്റെ പിയാനോയും ശ്രദ്ധയാകർഷിക്കുന്നു. 
കുളിർക്കാറ്റൊഴുകുന്ന പോലെ എറവറാംകുന്നിന്റെ ഹൃദയത്തിൽ ഷാഹിറും അവന്റെ പിയാനോയും ഇടം പിടിച്ചിരിക്കുന്നു. ആ ഗ്രാമം പുറം ലോകം അറിയാൻ അവനും നിമിത്തമായിരുക്കുന്നു. അവനുമായി അടുപ്പവും ആത്മ ബന്ധവും സ്ഥാപിക്കാൻ ഗ്രാമവാസികൾ എപ്പോഴും താൽപര്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. 
മറ്റൊരാളുടെ സഹായമില്ലാതെ ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത ഈ കലാകാരന് സുഹൃത്തുക്കളുടെ സഹായം എപ്പോഴും ആവശ്യമാണ്.  അതുകൊണ്ടുതന്നെ തന്റെ ഈ കഴിവ് പുറം ലോകത്ത് എത്തിക്കാൻ വേണ്ടത്ര കഴിഞ്ഞിട്ടില്ല. ഓരോ പരിപാടികൾ കഴിയുമ്പോഴും അടുത്ത പരിപാടിക്കായുള്ള തയാറെടുപ്പുകൾ ഷാഹിർ ചെയ്തുകൊണ്ടിരിക്കും.

Latest News