Sorry, you need to enable JavaScript to visit this website.

കോവിഡ് കാലം ഷീജക്ക് തേനിൽ ചാലിച്ച മധുരിതകാലം

ഈ കോവിഡ് കാലത്ത് ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ ലോക്ഡൗൺ ചെയ്യപ്പെട്ടപ്പോൾ, ചാലക്കര ശ്രീ നിലയത്തിൽ എസ്. ഷീജക്ക് ഹോം മെയ്ഡ് കേക്ക് നിർമാണം ജീവിതോപാധിയായി. കഴിഞ്ഞ സെപ്തംബറൽ യാദൃശ്ചികമായി യുട്യൂബിൽ നിന്നാണ് കേക്ക് നിർമാണത്തിന്റെ  ടെക്‌നിക്കുകൾ ഷീജ സ്വായത്തമാക്കിയത്. പിന്നീട് ലോക്ഡൗൺ വന്നപ്പോൾ ഇതൊന്ന് പരീക്ഷിച്ചാലെന്തെന്നായി. സ്വാദിനൊപ്പം, കലാപരതയും, കൈ പുണ്യവും മാറ്റുരച്ചപ്പോൾ ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടേറെ കേക്കുകൾ ഷീജയുടെ മിടുക്കിനാൽ പിറന്നു വീണു. കേക്കിന്റെ നിയതമായ രൂപങ്ങൾ വെടിഞ്ഞ്, മൃഗ -മനുഷ്യാകാരങ്ങളിലേക്കും, പ്രകൃതിയിലേക്കും തിരിഞ്ഞപ്പോൾ ആവശ്യക്കാരും വർദ്ധിച്ചു. വൻകിട ബേക്കറിക്കാരുടെ ഉൽപന്നങ്ങളോട് കിടപിടിക്കുന്ന കേക്കുകൾക്ക് വിലയും കൂടുതലില്ല.

വില അൽപം കൂടിയാലും ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാൻ ഷീജ തയാറല്ല.  രുചി കൂട്ടാനും, മൃദുവാക്കാനും, കേട് കൂടാതെ നീണ്ടു നിൽക്കാനുമൊക്കെ ഉപയോഗിക്കുന്ന കേക്ക് ജെല്ലുകളൊന്നും ഷീജ ഇവിടെ ഉപയോഗിക്കുന്നില്ല. തീർത്തും ഗാർഹിക - പ്രകൃതിദത്ത ഉൽപന്നങ്ങൾ മാത്രം. ഉപഭോക്താക്കളെ ആകർഷിക്കാൻ ഇതും കാരണമായി. 


പല തരം ഫ്‌ളേവറുകളിൽ, വിവിധ ടേസ്റ്റുകളിൽ, വ്യത്യസ്ത രൂപങ്ങളിൽ പുതുപുതു ഇനങ്ങൾ പിറവിയെടുക്കുമ്പോൾ, പാചകക്കാരിയിലെ സർഗപരതയും പീലി വിടർത്തുകയാണ്. കേക്കിന്റെ ആദിമരൂപം തൊട്ട്, ആധുനിക കാലത്തിന്റെ രുചി ഭേദങ്ങൾ വരെ ആവശ്യക്കാരുടെ ഡിമാന്റ് അനുസരിച്ച് നിർമിച്ച് നൽകും. പൈനാപ്പിൾ, ആപ്പിൾ, പപ്പായ, പഴം, ഈന്തപ്പഴം, കാരറ്റ്, വനില തുടങ്ങി പലതരം പഴവർഗങ്ങളുടെ ചാറും, മൈദയും, വെണ്ണയും, മുട്ടയും, പാലും, ചോക്ക് ലേറ്റും, ഫ്രെഷ്‌ക്രീമും, ബദാമും, അണ്ടിപ്പരിപ്പുമെല്ലാം പല തരം ചേരുവകളുമായി ഇഴചേരുമ്പോൾ നൂതനമായ രുചിക്കൂട്ടുകളായി മാറുന്നു. സുൽത്താന, ചോക്‌ളൈറ്റ്, വാനില, ബട്ടർ ഐസിംഗ്, ബട്ടർ സ്‌കോച്ച്, കരാമൽ, ബ്ലാക്ക് ആ്ന്റ് വൈറ്റ് ഫോറസ്റ്റ് തുടങ്ങി ഒട്ടേറെ ഇനങ്ങളാണ് കേക്ക് കമ്പക്കാരുടെ മനം കവരുന്നത്. പരമ്പരാഗതമായ രീതിയിൽ നിർമിച്ചാലേ ആത്മാവിഷ്‌ക്കാരത്തിന്റെ പൂർണത കൈവരിക്കാനാവുകയുള്ളൂവെന്നാണ് പഴമയെ കൈവിടാത്ത ഈ പുതു തലമുറക്കാരി ഉറച്ച് വിശ്വസിക്കുന്നത്.


കോവിഡ് കാലം പലർക്കും തൊഴിലില്ലാ കാലമായപ്പോൾ, ഷീജക്ക് ഇത് തൊഴിൽ നൽകും കാലമായത് ശുഭാപ്തി വിശ്വാസവും, പരീക്ഷണത്വരയും കൊണ്ടാണ്. പിറന്നാളിന് ആൺകുട്ടികളുടേയും, പെൺകുട്ടികളുടെയും ഓമനത്തമുള്ള കേക്കുകൾ തീർക്കുമ്പോൾ, വിവാഹ വാർഷികത്തിന് ദമ്പതികളുടെ ചിത്രങ്ങളുള്ള കേക്കിനാണ് പ്രിയം. കോവിഡ് കാലത്ത് കരഗതമായ കേക്ക് നിർമ്മാണത്തിന്റെ അനന്ത സാധ്യതകൾ, കൊറോണാന്തര കാലത്തിൽ നാടറിഞ്ഞുള്ള ഹോം ബിസിനസാക്കി വളർത്തിയെടുക്കുകയെന്നതാണ് ഷീജയുടെ മോഹം. ആത്മ സംതൃപ്തിക്കൊപ്പം, സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും കൊറോണക്കാലം തനിക്ക് സമ്മാനിച്ചുവെന്ന് ഷീജ നന്ദിയോടെ അഭിമാനത്തോടെ പറയുകയാണ്.

Latest News