Sorry, you need to enable JavaScript to visit this website.

രമേഷ് പെരുമ്പിലാവ് അനുഭവത്തിന്റെ തീച്ചൂള

അനുഭവങ്ങളുടെ തീച്ചൂളയിൽ മുളച്ച എഴുത്തിന് എന്നും വശ്യശക്തി കൂടുതലായിരിക്കും. മണലാരണ്യത്തിലെ ചുട്ടുപഴുത്ത നിമിഷങ്ങളിൽനിന്ന് രമേഷ് പെരുമ്പിലാവ് എന്ന എഴുത്തുകാരൻ അരിച്ചെടുക്കുന്ന അക്ഷരങ്ങൾക്ക് കനക കാന്തി സിദ്ധിക്കുന്നതിന്റെ രഹസ്യവും അത് തന്നെയാണ്. ഭാവനകൾക്കപ്പുറം ജീവിത മുഹൂർത്തങ്ങളുടെ വിശുദ്ധിയും തനിമയും സമന്വയിക്കുന്ന രചനകളാൽ ശ്രദ്ധേയനാണ് ഈ പ്രതിഭ. ഭാഷയെ ഒതുക്കത്തോടെ ഉപയോഗിക്കാനും അനുഭവങ്ങളെ അവധാനതയോടെ ആറ്റിക്കുറുക്കാനുമുള്ള പാടവം തന്നെയാണ് രമേഷിലെ എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നത്.
കുട്ടിക്കാലത്ത് തന്നെ രമേഷ് പെരുമ്പിലാവിന് വായനയോട് താൽപര്യം ഉണ്ടായിരുന്നു. 80 കളിലെ ബാല്യത്തിൽ സ്വാഭാവികമായും വായന തുടങ്ങുന്നത് പൂമ്പാറ്റയും ബാലരമയും അമർച്ചിത്രകഥകളും ബോബനും മോളിയും ഒക്കെത്തന്നെയായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ ടീച്ചർ ഓരോരുത്തർക്കും വായിക്കാൻ പുസ്തകങ്ങൾ കൊടുത്തത് ഇന്നും രമേഷ് ഓർക്കുന്നു. പലരുടേയും ജീവചരിത്രങ്ങളായിരുന്നു ആ പുസ്തകങ്ങൾ. പുസ്തകങ്ങൾ വായനയ്ക്ക് ശേഷം മറ്റു കുട്ടികൾക്ക് കൈമാറണം എന്നതാണ് ഉടമ്പടി. ഒരു മാസം നീണ്ടുനിൽക്കുന്ന വായനാചരണമായിരുന്നു അത്. രമേഷിന് കിട്ടിയത് ഡോ. ബീം റാവ് അംബേദ്ക്കർ എന്ന പുസ്തകമായിരുന്നു. അതാണ് ആദ്യം വായിച്ച പുസ്തകം. 
മംഗളം, മനോരമ തുടങ്ങിയ വാരികകളും വായനയെ മുന്നോട്ട് കൊണ്ടുപോകാൻ രമേഷിന് ഉപകരിച്ചു. ആ വായനയാണ് നാട്ടിലെ വായനശാലയിലേക്ക് രമേഷിനെ അടുപ്പിച്ചത്. 18-ാം വയസ്സിൽ പ്രവാസിയാവാനായിരുന്നു നിയോഗം. ഗൾഫിൽ പുസ്തകങ്ങളും ഇഷ്ടാനുസരണം പത്രങ്ങളും വായനയുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് മാലിക്ക് ബുക്ക്സ്റ്റാളിലും ബർദുബൈ ബസ് സ്‌റ്റേഷനിലെ പുസ്തകശാലയിലുമൊക്കെ ഏറ്റവും ചെറിയ വിലയ്ക്ക് കിട്ടുന്ന വൈക്കം മുഹമ്മദ് ബഷീർ പുസ്തകങ്ങൾ വായനയെ തിരിച്ചുപിടിക്കാൻ രമേഷിനെ സഹായിച്ചു.
സലീം കേച്ചേരി എന്ന എഴുത്തുകാരനെ ദുബൈയിൽനിന്ന് പരിചയപ്പെട്ടതിലൂടെയാണ് രമേഷ് കഥ എഴുത്തിന്റെ മേഖലയിലേക്ക് എത്തുന്നത്. സലീം എഴുതിയ പല കഥകളുടേയും ആദ്യ വായനക്കാരൻ രമേഷായിരുന്നു അക്കാലത്ത്. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഥ എഴുതാൻ ശ്രമിച്ചത്. ഓണവുമായി ബന്ധപ്പെട്ട ഒരു കഥയാണ് ആദ്യമായി എഴുതിയത്. 'ഓണമോർമകൾ'  എന്നാണ് കഥയുടെ പേര്. ഗൾഫ് മനോരമയുടെ 1999 ലെ ഓണപ്പതിപ്പിൽ 'കോളാമ്പിപ്പൂക്കളും കാക്കപ്പൂക്കളും' എന്ന പേരിൽ അത് പ്രസിദ്ധീകരിച്ചു. ഗൾഫ് മനോരമയുടെ എഡിറ്റർ ജോസ് പനച്ചിപ്പുറം പത്രത്തിന്റെ കോപ്പിയും പ്രശംസാപത്രവും അയച്ചത് എഴുത്ത് തുടരാനുള്ള ഏറ്റവും വലിയ പ്രചോദനമായി രമേഷിന്.
പ്രവാസി എഴുത്തുകാരെ മാത്രം ഉൾപ്പെടുത്തി രമേഷ് പുറത്തിറക്കിയ 'മണൽ ജലം കാലം' എന്ന കഥാസമാഹാരം ശ്രദ്ധേയമാണ്. ടി.വി. കൊച്ചുബാവയുടെ സ്മരണയ്ക്കായി 2002 ലാണ്  ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഇന്ന് പ്രശസ്തരായ പല എഴുത്തുകാരുടേയും കഥകൾ ഈ പുസ്തകത്തിലുണ്ട്. ബെന്യാമിൻ, സുറാബ്, കണ്ണൻകുട്ടി, ബഷീർ മേച്ചേരി, എസ്. സിത്താര, ബിന്ദു സന്തോഷ് തുടങ്ങി 15 പേരുടെ കഥകളുടെ സമാഹാരമായിരുന്നു ഇത്. ബാബു ഭരദ്വാജാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. കോഴിക്കോട് പാപ്പിയോൺ ബുക്‌സാണ് പ്രസാധകർ.
പ്രമുഖ നിരൂപകൻ ഡോ. എം.എം. ബഷീർ സാഹിത്യ അക്കാദമിക്ക് വേണ്ടി തയാറാക്കിയ 'നൂറ് വർഷത്തെ കഥകളുടെ ചരിത്രം' എന്ന ബ്രഹത്ഗ്രന്ഥത്തിൽ പ്രവാസലോകത്തുനിന്ന് ഇറങ്ങിയ ഏറ്റവും നല്ല കഥകളുടെ സമാഹാരമെന്ന് ഈ പുസ്തകത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന് പഠനം എഴുതാമെന്ന് ഏറ്റത് എഴുത്തുകാരി ഗീതാ ഹിരണ്യൻ ആയിരുന്നു. മുൻകൂട്ടി അറിയിച്ചതു പ്രകാരം കഥകൾ നേരിട്ട് നൽകാനായി ദുബൈയിലെ പ്രവാസ ജീവിതത്തിലെ ഒരു അവധിക്കാലത്ത് രമേഷ് നാട്ടിലെത്തി. അതനുസരിച്ച് അദ്ദേഹം ഗീത ടീച്ചറുടെ വീട്ടിലേക്ക് പോകാൻ വിചാരിച്ച ദിവസമായിരുന്നു അവർ മരണപ്പെട്ടത്. പിന്നീട് അവരുടെ ഭൗതികദേഹം കണ്ട് മടങ്ങേണ്ടിവന്നത് വലിയ സങ്കടമായി ഇന്നും രമേഷിന്റെ മനസ്സിൽ കനലായി ഉണ്ട്.
2019 ൽ രമേഷിന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി. 'ബർദുബൈ കഥകൾ' അഥവാ 25 കുബ്ബൂസ് വർഷങ്ങൾ എന്ന തലക്കെട്ടിലുള്ള പുസ്തകം ചിന്ത പബ്ലിഷേഴ്‌സാണ് പ്രസിദ്ധീകരിച്ചത്. 25 വർഷത്തെ പ്രവാസ അനുഭവങ്ങൾ ചരിത്രത്തോടൊപ്പം രേഖപ്പെടുത്തുന്നതാണ് ഇതിന്റെ ഉള്ളടക്കം. അറബികളുടെ ചരിത്രവും ദുബൈയുടെ ഭൂപ്രകൃതിയും പഠന വിഷയമായിട്ടുണ്ട് ഈ ഗ്രന്ഥത്തിൽ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത ഈ പുസ്തകം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഉൾപ്പെട്ടിരുന്നു. 'ബർദുബൈ കഥകൾ' പ്രസ്ദ്ധീകരിച്ച് ഒരു മാസത്തിനുള്ളിൽതന്നെ ആദ്യ പതിപ്പ് തീർന്നു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളിൽ ബെസ്റ്റ് സെല്ലർ ആയിരുന്നു ഈ പുസ്തകം.
പ്രവാസിയുടെ കുറിപ്പുകൾ, ഖസാക്കിന്റെ ഇതിഹാസം, രണ്ടാമൂഴം എന്നിവയാണ് രമേഷിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ. വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി, ടി.വി. കൊച്ചുബാവ എന്നിവർ ഇഷ്ട എഴുത്തുകാരുടെ പട്ടികയിൽ മുൻനിരയിലെത്തുന്നു.ചിത്രകലാരംഗത്തെ നിറസാന്നിധ്യം കൂടിയാണ് രമേഷ്. സ്വദേശമായ പെരുമ്പിലാവിൽ 'വർണം' എന്ന പേരിൽ പരസ്യ ചിത്രകല സ്ഥാപനം നടത്തിയിരുന്നു. ചങ്ങരംകുളത്തെ നിറക്കൂട്ട് ആർട്‌സിലാണ് ചിത്രരചന പഠിച്ചത്. പോട്രൈറ്റ്, സൈൻബോർഡ് പരസ്യ വിഭാഗത്തിലാണ് ആദ്യം ജോലി ചെയ്തിരുന്നത്.
1992 മുതൽ ദുബൈയിൽ ചിത്രകാരനായി ജോലി ചെയ്തുവരുന്നു. ബർദുബൈയിൽ ആർട്ട് ഹോം എന്ന പെയിന്റ് ഷോപ്പിലാണ് പ്രവാസത്തിന് തുടക്കമിട്ടത്. പിന്നീട് എനർജൈസർ, പാർലേ ജി, വി.ഐ.പി തുടങ്ങിയ ബ്രാന്റുകളുടെ പരസ്യ ചിത്ര ജോലികൾ പത്തു വർഷക്കാലം ചെയ്തു. അബൂദാബിയിൽ അറബിവീടുകൾ ചിത്രപ്പണികളാൽ അലങ്കരിക്കുന്ന ജോലിയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 11 വർഷമായി എമിറേറ്റ്‌സ് എയർലൈൻസിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ക്യാബിൻ അപ്പയറൻസ് ആർട്ടിസ്റ്റായി സേവനമനുഷ്ഠിക്കുന്നു.ശൈഖ് മുഹമ്മദ്, ശൈഖ് അഹമ്മദ്, ഷാരൂഖ് ഖാൻ, പങ്കജ് ഉദാസ്, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രം വരച്ചു കൊടുക്കാൻ രമേഷിന് സാധിച്ചിട്ടുണ്ട്. ലോഗോഡ് പുറത്തിറക്കിയ ടി.വി. കൊച്ചുബാവയുടെ കഥാസമാഹാരത്തിനും ലിപിയുടെ അയ്യപ്പൻ, അടൂർ പുസ്തകത്തിനും സൈകതം ബുക്‌സിന്റെ യാത്രായനം എന്ന പുസ്തകത്തിനും രമേഷ് കവർ വരച്ചിട്ടുണ്ട്.
'സാളഗ്രമം' എന്ന കഥയ്ക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രഥമ സഹിത്യ പുരസ്‌കാരവും 'മരണപത്ര'മെന്ന കവിതയ്ക്ക് ചിന്താ പ്രവാസി പുരസ്‌കാരവും, പാം പുസ്തകപ്പുര പുരസ്‌കാരവും ലഭിച്ചു. സൈക്കിൾ എന്ന കഥയ്ക്ക് കലാപൂർണ പുരസ്‌കാരം, 'ഡത്ത് ക്ലോക്ക്' എന്ന കഥയ്ക്ക് ദുബൈ കെ.എം.സി.സി പുരസ്‌കാരം, 'കഥയിലെ ജാലക കാഴ്ചകൾ' എന്ന കഥയ്ക്ക് അറ്റ്‌ലസ് ഏഷ്യാനെറ്റ് പുരസ്‌കാരം, സമർപ്പണം മഞ്ഞപ്പൂമ്പാറ്റകൾ എന്ന കഥയ്ക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കൊച്ചുബാവ പുരസ്‌കാരവും ലഭിച്ചു. എമിറേറ്റ്‌സിന്റെ വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസിലെ ഇരിപ്പിടങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് മൂന്ന് തവണ ദുബൈ സർക്കാർ നൽകുന്ന നജൂം അവാർഡിന് അർഹനായിട്ടുണ്ട്. 
പ്രവാസ അനുഭവങ്ങളുടെ പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ രമേഷ്. കൂടാതെ ജന്മദേശമായ പെരുമ്പിലാവ് കേന്ദ്രമായി 'പെരുമ്പിലായ് പുരാണം' എന്ന പേരിൽ അനുഭവങ്ങളും ചെറുകഥകളുടെ സമാഹാരവും പുറത്തിറക്കുന്നുണ്ട്. പ്രവാസം വിഷയമാവുന്ന ഒരു നോവലും രമേഷിന്റെ ഭാവിപദ്ധതികളിൽ ഉൾപ്പെടുന്നു.
പിതാവ്: കുട്ടപ്പൻ, മാതാവ്: ദേവകി. ഭാര്യ: നീതു, മകൻ: ശ്രീവിനായക് എട്ടാം ക്ലാസ് വിദ്യാർഥിയാണ്. വിലാസം: വലിയറ വീട്, പെരുമ്പിലാവ് പി.ഒ, തൃശൂർ, 680519. 

Latest News