ന്യൂദൽഹി- ചൈന-ഇന്ത്യ അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം കള്ളമാണെന്ന് കേന്ദ്ര സർക്കാർ. ചൈനയുമായുള്ള തർക്കത്തിൽ പ്രധാനമന്ത്രി മോഡി നല്ല മാനസികാവസ്ഥയിൽ അല്ലെന്നും മോഡിയുമായി താൻ സംസാരിച്ചുവെന്നും ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ മോഡിയും ട്രംപും തമ്മിൽ അവസാനം സംസാരിച്ചത് ഏപ്രിൽ നാലിന് ഹൈഡ്രോക്‌സിക്ലോറോക്വിൻ കയറ്റുമതിയുമായി ബന്ധപ്പെട്ടാണെന്നും ഇന്ത്യ വ്യക്തമാക്കി.സ്ഥാപിതമായ സംവിധാനങ്ങളിലൂടെയും നയതന്ത്ര സമ്പർക്കങ്ങളിലൂടെയും തങ്ങൾ നേരിട്ട് ചൈനയുമായി ബന്ധപ്പെട്ടുവരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ആവർത്തിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതായി അറിയിച്ചിരുന്നു. വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം.
ഞാൻ മോഡിയുമായി സംസാരിച്ചിരുന്നു. ചൈനയുമായി നടക്കുന്ന കാര്യത്തിൽ അദ്ദേഹം നല്ല മാനസികാവസ്ഥയിലല്ല. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ട്. ഓരോ രാജ്യത്തും 1.4 ബില്യൺ ജനങ്ങളുണ്ട്. ഇന്ത്യ സന്തോഷത്തിലല്ല, അതേപോലെ ചൈനക്കും സന്തോഷമില്ല എന്നായിരുന്നും ട്രംപിന്റെ പ്രതികരണം.