Sorry, you need to enable JavaScript to visit this website.

ട്രംപിന് ട്വിറ്ററിന്റെ കൊട്ട്‌


യു.എസ് പ്രസിഡന്റിന്റെ രണ്ട് ട്വീറ്റുകൾ തെറ്റിദ്ധാരണ പരത്തുന്നതെന്ന് ട്വിറ്റർ ലേബൽ

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ട് ട്വീറ്റുകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ലേബൽ ചെയ്ത് ട്വിറ്റർ. ആദ്യമായാണ് പ്രസിഡന്റിന്റെ ട്വീറ്റുകളെ കുറിച്ച് ട്വിറ്റർ വസ്തുതാ പരിശോധന നടത്തുന്നത്. തപാൽ വോട്ടിംഗിനെ കുറിച്ചുള്ള ട്രംപിന്റെ ട്വീറ്റുകളാണ് വിവാദമായത്. 
തപാൽ വഴിയുള്ള ബാലറ്റ് കൃത്രിമത്തിനു കാരണമാകുമെന്നും ഇലക്ഷൻ കൃത്രിമമായിരിക്കും ഫലമെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. 
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തപാൽ വോട്ടിംഗ് ഏർപ്പെടുത്താനുള്ള കാലിഫോർണിയ സ്‌റ്റേറ്റിന്റെ ശ്രമങ്ങളെയാണ് ട്രംപ് ലക്ഷ്യമിട്ടത്. തപാൽ വോട്ട് വ്യാപിപ്പിക്കാനുള്ള നീക്കത്തിനെതിരെ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമിനെതിരെ റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. 
വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിനാലാണ് പ്രസിഡന്റിന്റെ ട്വീറ്റിന് മുന്നറിയിപ്പ് ലേബൽ നൽകിയതെന്ന് ട്വിറ്റർ വക്താവ് അറിയിച്ചു. 


ട്രംപിന്റെ ട്വീറ്റ് കാണുന്നവർക്ക് തപാൽ ബാലറ്റിനെ കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കുന്ന ലിങ്കും ട്വിറ്റർ നൽകുന്നുണ്ട്. പ്രസിഡന്റിന്റെ പ്രസ്താവനയെ ചോദ്യം ചെയ്യുന്ന നിരവിധി ട്വീറ്റുകളിലേക്കും പുതിയ ലേഖനങ്ങളിലേക്കുമാണ് ട്വിറ്റർ ഉപയോക്താവിനെ എത്തിക്കുക. 


മെയിൽ ഇൻ ബാലറ്റ് റിഗിംഗിനു തുല്യമാണെന്ന പ്രസിഡന്റിന്റെ അവകാശവാദം തെറ്റാണെന്നും ഇത് വോട്ടെടുപ്പ് കൃത്രിമത്തിലേക്ക് നയിക്കുമെന്നതിന് തെളിവില്ലെന്നും ഫാക്ട് ചെക്ക് പേജിന്റെ ഏറ്റവും മുകളിൽ ട്വിറ്റർ രേഖപ്പെടുത്തിയിട്ടുണ്ട്. 


ഹാനികരവും തെറ്റിദ്ധാരണ പരത്തുന്നതുമായ സന്ദേശങ്ങൾ പരിമിതപ്പെടുത്തുന്നതിന് ഈ മാസാദ്യം ട്വിറ്റർ കൈക്കൊണ്ട തീരുമാനങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് കമ്പനി വക്താവ് പറഞ്ഞു. കോവിഡ് രോഗത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ വ്യാപകമായതോടെയാണ് ട്വിറ്റർ നയം കർശനമാക്കിയത്. മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ കോവിഡിന്  ഉപയോഗിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ മാസം ട്രംപ് തെറ്റായ ട്വീറ്റ് നൽകിയപ്പോൾ ഈ നയപ്രകാരം ലേബൽ ചെയ്തിരുന്നില്ല. 
ഈവർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്വിറ്റർ കമ്പനി ഇടപെടുകയാണെന്നും അഭിപ്രയ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നുമാണ് ട്രംപിന്റെ പ്രതികരണം. വിശ്വാസ്യതയുടെ പേരിൽ കമ്പനി രാഷ്ട്രീയം കളിക്കുകയാണെന്ന് ട്രംപിന്റെ കാമ്പയിൻ മാനേജർ ബ്രാഡ് പാർസ്‌കേലും പറഞ്ഞു. 

 

Latest News