Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് വലിയ വിമാനമില്ല; നിരവധി യാത്രക്കാര്‍ പ്രതിസന്ധിയില്‍

ജിദ്ദ- ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് മെയ് 29,30 തിയതികളില്‍ സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യയുടെ 319 യാത്രക്കാര്‍ക്കു കയറാവുന്ന വലിയ വിമാനം റദ്ദാക്കി. പകരം   ചെറിയ വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  146 പേര്‍ക്കു കയറാവുന്ന ചെറിയ വിമാനമാക്കി മാറ്റിയതിനാല്‍ നിരവധിപേരുടെ യാത്ര മുടങ്ങും.

നേരത്തെ വലിയ വിമാനം ഷെഡ്യൂള്‍ ചെയ്തതനുസരിച്ച് കോണ്‍സുലേറ്റില്‍നിന്ന് അറുനൂറിലേറെ പേരുടെ ലിസ്റ്റ ്തയാറാക്കി ടിക്കറ്റു വാങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങിയിരുന്നു. ഇതുപ്രകാരം യാത്രക്ക് ഒരുങ്ങിയിരുന്നവര്‍ ടിക്കറ്റ് വാങ്ങാനും തുടങ്ങിയിരുന്നു. അതിനിടെയാണ് വിമാനം മാറ്റിയതായുള്ള വിവരം ലഭിച്ചത്. ഇതോടെ നേരത്തെ വിവരം അറിയിച്ചവരെ യാത്ര സാധ്യമാകില്ലെന്ന വിവരം അറിയിക്കുകയായിരുന്നു. ഇത് പലവിധ സമ്മര്‍ദങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കിയിരിക്കുകയാണ്. ആയിരക്കണക്കിനു പേരാണ് അടിയന്തരമായി നാട്ടിലെത്താന്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. ഇതില്‍  ഗര്‍ഭിണികളും രോഗികളും, സന്ദര്‍ശക വിസയിലെത്തിയവരുംമായ നൂറുകണക്കിനു  പേരുണ്ട്.


കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ പണി നടക്കുന്നതിനാല്‍ രാത്രിയില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിന് അനുമതിയില്ലെന്ന സാങ്കേതിക കാരണം പറഞ്ഞാണ് നേരത്തെ നിശ്ചയിച്ചിരുന്ന വിമാനം മാറ്റി ചെറിയ വിമാനം ആക്കി മാറ്റിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതു പുനപരിശോധിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പകല്‍ തന്നെ വിമാനത്തിന് ഇറങ്ങാനാവും വിധം സമയം മാറ്റി വലിയ വിമാനം തന്നെ സര്‍വീസ് നടത്താനാവുമോ എന്ന കാര്യം ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പരിശോധിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ഒന്നും ഇതുവരെ ആയിട്ടില്ല. ഇതേത്തുടര്‍ന്ന് നേരത്തെ അറിയിച്ചിരുന്നവരോട് യാത്ര തല്‍ക്കാലം പോകാനാവില്ലെന്നും അധികം താമസിയാതെ ജൂണ്‍ 15 മുന്‍ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുമെന്നും അതില്‍ പരിഗണിക്കാമെന്നുമുള്ള സന്ദേശം കോണ്‍സുലേറ്റ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചുകൊണ്ടിരിക്കുകയാണ്.

 

Latest News