ലക്ഷങ്ങള്‍ കോഴ വാങ്ങി തീവ്രവാദിയെ വിട്ടയച്ചു; യുപി പോലീസ് ഐജി കുരുക്കില്‍

ലക്‌നൗ- 45 ലക്ഷം രൂപ കോഴ വാങ്ങി തടവിലായിരുന്ന ഖലിസ്ഥാനി തീവ്രവാദിയെ വിട്ടയച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശ് പോലീസിലെ ഇന്‍സ്‌പെക്ടര്‍ ജനറലിനെതിരെ (ഐജി) അന്വേഷണം.ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കോഴ വാങ്ങിയതിന് തെളിവുകള്‍ ഹാജരാക്കിയാണ് പഞ്ചാബ് പോലീസ് സംഭവം പുറത്തു കൊണ്ടു വന്നരിക്കുന്നത്. യുപി പോലീസിന് വലിയ നാണക്കേടായ സംഭവത്തില്‍ ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പദിവിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 

അതീവ സുരക്ഷയുള്ള പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച് ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവിനെ അടക്കം അഞ്ചു പേരെ പുറത്തു ചാടിച്ച കേസിലെ മുഖ്യപ്രതിയായ ഗോപി ഗണശ്യാംപുരയെ വിട്ടയക്കാനാണ് യുപി പൊലീസ് ഐജി സഹായിച്ചത്. കോഴ ഇടപാടിന് തെളിവായി ഐജിയുടെ ശബ്ദ രേഖയും പഞ്ചാബ് പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

സന്ദീപ് തിവാരി എന്ന രാഷ്ട്രീ നേതാവ് ഉള്‍പ്പെട്ട ഒരു കാരാര്‍ പ്രകാരമാണ് ഐജി ഗോപിയെ വിട്ടയച്ചതെന്ന് പഞ്ചാബ് പോലീസ് പറയുന്നു. 2012-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് തിവാരി. ഗോപിയ വിട്ടയക്കാന്‍ ഐജി ആദ്യം ആവശ്യപ്പെട്ടത് ഒരു കോടി രൂപയാണ്. എന്നാല്‍ അവസാം 45 ലക്ഷം രൂപയ്ക്ക് സമ്മതിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. പിന്റൂ എന്നു വിളിക്കപ്പെടുന്ന തിവാരിയേയും അമന്‍ദീപ് സിങ്, ഹര്‍ജിന്ദര്‍ സിങ് ഖലോന്‍ എന്നിവരേയും അറസറ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കോഴ വിവര പോലീസ് അറിയുന്നത്. ഇവരെ ചോദ്യം ചെയ്ത് ശബ്ദരേഖയും ചോര്‍ത്തിയ ഫോണ്‍ രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകളും പഞ്ചാബ് പോലീസ് യുപി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.

 

സെപ്തംബര്‍ 10-ന് ഷാജഹാന്‍പൂരില്‍ ഗോപിയെ കണ്ടെത്തിയെങ്കിലും അവിടെ നിന്നും നിഗൂഢമായി ഇയാള്‍ അപ്രത്യക്ഷമായെന്ന് പഞ്ചാബ് പോലീസ് പറയുന്നു. ജയില്‍ ആക്രമണക്കേസില്‍ മുങ്ങിനടക്കുകയായിരുന്ന ആറു പേരെ കഴിഞ്ഞയാഴ്ച യുപി പോലീസും പഞ്ചാബ് പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. 2016 നവംബര്‍ 27-നാണ് നാഭ ജയില്‍ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ യുപി കേന്ദ്രീകരിച്ച പഞ്ചാബ് പേലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 

 

 

 

Latest News