കൊറോണയ്ക്ക് ശേഷം യുദ്ധം? മോശം സാഹചര്യം നേരിടാന്‍ തയ്യാറാകാന്‍ സൈന്യത്തോട് ഷീ ജിന്‍പിങ്

ബീജിങ്- ചൈനീസ് മിലിട്ടറിയോട് എന്ത് മോശം അവസ്ഥയും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രസിഡന്റ് ഷീ ജിന്‍പിങ്. എന്നാല്‍ ഏത് വിധത്തിലുള്ള ഭീഷണിയാണ് നേരിടാന്‍ തയ്യാറാകേണ്ടതെന്ന് പ്രസിഡന്റ് വ്യക്തമായി പറഞ്ഞില്ല. അതേസമയം അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യന്‍ പട്ടാളക്കാരും ചൈനീസ് സേനയും തമ്മില്‍ ലഡാക്കിലും സിക്കിമിലും അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തെ ലക്ഷ്യം വെച്ചാണെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍  തയ്യാറായിരിക്കണമെന്നാണ് അദ്ദേഹം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തലവന്‍മാരുടെ യോഗത്തില്‍ ആഹ്വാനം ചെയ്തത്.

ലഡാക്കിലെയും വടക്കന്‍ സിക്കിമിലെയും അതിര്‍ത്തികളില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ നിലവില്‍ തര്‍ക്കങ്ങളുള്ള ദക്ഷിണ ചൈനാക്കടലിലും തായ്‌വാന്‍ കടലിടുക്കിലും യുഎസ് നാവികസേന പട്രോളിങ് നടത്തിനെ തുടര്‍ന്ന് ചൈനയും യുഎസും തമ്മില്‍ സംഘര്‍ഷങ്ങള്‍ മുറുകുന്നുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിയുടെ ഉത്ഭവം സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങളുണ്ട്. മെയ് 22ന് ചൈന തങ്ങളുടെ പ്രതിരോധ ബജറ്റ് 6.6 % വര്‍ധിപ്പിച്ച് 179 ബില്യണ്‍ ഡോളറാക്കിയിട്ടുണ്ട്. കൊറോണയ്ക്ക് ഇടയിലും ഇത്രയും വലിയ സൈനിക ബജറ്റ് യുദ്ധസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണ്.ഇന്ത്യയേക്കാള്‍ മൂന്നിരട്ടിയാണ് ചൈനയുടെ പ്രതിരോധ ബജറ്റ്.
 

Latest News