Sorry, you need to enable JavaScript to visit this website.

ക്വാറന്റൈൻ ചെലവ്: സർക്കാർ നിലപാട് വഞ്ചന -മുസ്ലിം ലീഗ്

കോഴിക്കോട് - വിദേശത്ത് നിന്ന് കേരളത്തിൽ മടങ്ങിയെത്തുന്നവർ നിർബന്ധിതമായി ക്വാറന്റൈനിൽ പോകണമെന്നിരിക്കെ അതിനുള്ള ചെലവ് അവർ നൽകണമെന്ന സംസ്ഥാന സർ നിലപാട് കടുത്ത അനീതിയും വഞ്ചനയുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. 

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളിൽ നിന്ന് നേരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് എത്തിക്കുന്നത്. ഗർഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ മാത്രമാണ് വീടുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുന്നത്.

ജോലി നഷ്ടപ്പെട്ടു വരുന്നവരും സർക്കാർ നൽകുന്ന ക്വാറന്റൈൻ ബില്ല് നൽകണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നെറികേടാണ്. ഇത്രയും കാലം കേരളത്തെ തീറ്റിപ്പോറ്റിയവർക്ക് ആപത്തു വന്നപ്പോൾ അവരെ സഹായിക്കുന്നില്ലെന്നു മാത്രമല്ല, ചൂഷണം ചെയ്യാനും ദ്രോഹിക്കാനുമാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ജോലി തേടിപ്പോയി വെറുംകയ്യോടെ മടങ്ങുന്നവരും മാസങ്ങളായി ജോലിയില്ലാതെ കഴിഞ്ഞവരും ജോലി നഷ്ടപ്പെട്ടവരുമാണ് തിരികെയെത്തുന്നതിൽ ഭൂരിപക്ഷവും. ഇവരെ ആരോഗ്യ സുരക്ഷാ കാരണങ്ങളാൽ പ്രത്യേക കേന്ദ്രത്തിൽ പാർപ്പിക്കുന്നതിനു പോലും പണം ഈടാക്കുന്ന സർക്കാറിന്റേത് ക്രൂര മനസ്സാണ്.

ജോലി നഷ്ടപ്പെട്ട് വരുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്നും പുനരധിവസിപ്പിക്കുമെന്നും ഭരണമേറ്റ ഉടൻ പ്രഖ്യാപിച്ച് കയ്യടി വാങ്ങിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇപ്പോൾ കഷ്ടപ്പാടിന്റെ കാലത്ത് വാക്കു പാലിക്കുന്നതിന് പകരം എൽ.ഡി.എഫ് സർക്കാറിന്റെ അഞ്ചാം വാർഷിക ഉപഹാരമായി പ്രവാസികളെ ശത്രുതയോടെ കാണുകയും പിടിച്ചുപറിക്കുകയുമാണ്. കോവിഡ് പകർച്ചാ ഭയത്താലും രോഗത്താലും ആശങ്കയിൽ കഴിയുന്ന പ്രവാസികൾ കേരളത്തിലെത്തുന്നത് പലവഴി തടയാൻ ശ്രമിക്കുകയാണ് സർക്കാർ. സ്വന്തം പണം മുടക്കി തിരിച്ചെത്തിയ പ്രവാസികളെ ക്വാറന്റൈനിന്റെ പേരിലും പിഴിയുന്നത് നന്ദി, നീതി എന്നീ വാക്കുകളുടെ അർത്ഥം അറിയാത്തതുകൊണ്ടാണെന്നും കെ.പി.എ മജീദ് കുറ്റപ്പെടുത്തി.

Latest News