Sorry, you need to enable JavaScript to visit this website.

ബെവ്ക്യൂ ആപ്പിന് അംഗീകാരം;  ഓൺലൈൻ വിൽപന നാളെ മുതൽ

തിരുവനന്തപുരം- ബെവ്ക്യൂ ആപ്പിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മദ്യവിൽപന നാളെ മുതൽ ആരംഭിച്ചേക്കും. ബുക്കിംഗ് ഇന്ന് തുടങ്ങും. ബുക്കിംഗ് നടത്തി ലഭിക്കുന്ന ടോക്കൺ നമ്പറിന് അനുസരിച്ചാകും വിൽപന. വിശദാംശങ്ങൾ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കും. 
ഇന്നലെ രാവിലെയാണ് ആപ്പിന്റെ ബീറ്റ വേർഷന് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്. ട്രയലുകൾക്ക് ശേഷമായിരിക്കും മദ്യ വിൽപന. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗ നിർദേശങ്ങളും പുറത്തിറക്കും. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും. ഇതിന് പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്.എം.എസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സാധാരണക്കാർക്ക് പോലും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ആപ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ആപ്പ് നിർമിച്ച ഫെയർ കോഡ് കമ്പനി അവകാശപ്പെട്ടു. 


പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻ കോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തി വിവരങ്ങൾ ചോദിക്കില്ല. ആപ് വഴി മദ്യത്തിന്റെ ബ്രാൻഡ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. അവിടെ ബ്രാൻഡ് തെരഞ്ഞെടുത്ത് പണമടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താൽ നാല് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. ഒരു തവണ പരമാവധി മൂന്നു ലിറ്റർ മദ്യം വാങ്ങാം. 
ഒരാഴ്ച മുമ്പാണ് ഫെയർ കോഡ് കമ്പനി തയാറാക്കിയ ആപ്പ് തെരഞ്ഞെടുത്തത്. പക്ഷെ സർക്കാർ അംഗീകൃത ഏജൻസികൾ നടത്തിയ പരിശോധനയിൽ ആപ്പ് പരാജയപ്പെട്ടു. സുരക്ഷാ ഏജൻസികൾ നിർദേശിച്ച ഏഴ് പോരായ്മകൾ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്.


ബെവ് ക്യൂ ആപ്പിന് 2,84,203 രൂപയാണ് ചെലവ്. ഒരു വർഷത്തെ വാറന്റി ചാർജ് ഉൾപ്പെടുന്നതാണ് തുക. വാറന്റി പീരീഡ് കഴിഞ്ഞുള്ള വാർഷിക അറ്റകുറ്റപ്പണിക്ക് രണ്ട് ലക്ഷം രൂപ നൽകണം. ഒരു സാങ്കേതിക വിദഗ്ധന്റെ ഒരു ദിവസത്തെ ബത്ത 4,500 രൂപ. ട്രെയിനിംഗ് ചാർജ് 2,000 രൂപ. ഉപഭോക്താക്കൾക്ക് അയയ്ക്കുന്ന എസ്.എം.എസിന് 12 പൈസയാണ്. സ്വീകരിക്കുന്ന എസ്.എം.എസിന് മൂന്ന് പൈസ. എസ്.എം.എസ് സേവനത്തിന് മാസ വാടക 2,000 രൂപ. വാറന്റി പീരിഡ് കഴിഞ്ഞുള്ള അറ്റക്കുറ്റപ്പണികൾക്കുള്ള തുക അഡ്വാൻസായി നൽകുമെന്നും കരാറിൽ പറയുന്നു.

 

Latest News