Sorry, you need to enable JavaScript to visit this website.

'അയ്യപ്പനും കോശിയും' ഇനി ഹിന്ദിയിലേക്ക്

കൊയിലാണ്ടി-മലയാള ചിത്രമായ 'അയ്യപ്പനും കോശിയും' ഇനി ഹിന്ദിയിലേക്ക്.  കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലയെങ്കിലും സംഭവം സത്യമാണ്.  പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി സച്ചി രചനയും സംവിധാനവും ചെയ്ത ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. ചിത്രം തമിഴിലേക്കും, തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ക്ക് പുറകെയാണ് ഹിന്ദിയിലേക്കും എന്ന വാര്‍ത്തയും പുറത്തുവന്നത്. ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയതാരാണെന്ന് അറിയണ്ടേ അത് മറ്റാരുമല്ല ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആണ്.  അദ്ദേഹത്തിന്റെ  ജെ. എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. 
അയ്യപ്പനും കോശിയും ആക്ഷനും കഥയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണെന്നും ഇതുപോലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ജെ. എ എന്റര്‍ടെയ്ന്‍മെന്റ്  ശ്രമിക്കാറുള്ളതെന്നും ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ  നിങ്ങള്‍ക്ക് മികച്ച സിനിമാ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ജോണ്‍ എബ്രഹാം ട്വീറ്റ് ചെയ്തത്. 
ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ബിജുമേനോന്‍ അഭിനയിച്ച അയ്യപ്പന്‍ നായരായി നന്ദമൂരി ബാലകൃഷ്ണയും പൃഥ്വിരാജ് അഭിനയിച്ച കോശിയായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന.  തെലുങ്ക് നിര്‍മ്മാണ കമ്പനിയായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്.  തമിഴ് റീമേക്കില്‍ ബിജുമേനോന്‍ അഭിനയിച്ച അയ്യപ്പന്‍ നായരായി വിജയ് സേതുപതിയും പൃഥ്വിരാജ് അഭിനയിച്ച കോശിയായി ധനുഷും അഭിനയിക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.  


 

Latest News