Sorry, you need to enable JavaScript to visit this website.

സൗദിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മൂന്നു ഘട്ടമായി തുറക്കും - മാനവ ശേഷി മന്ത്രി

റിയാദ്- സൗദിയിലെ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും മെയ് 31 മുതല്‍ മൂന്നു ഘട്ടമായി പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹ്മദ് അല്‍റാജ്ഹി. ആദ്യഘട്ടത്തില്‍ 50 ശതമാനം പേരും രണ്ടാംഘട്ടത്തില്‍ 75 ശതമാനം പേരും മൂന്നാംഘട്ടത്തില്‍ സമ്പൂര്‍ണമായും പ്രവര്‍ത്തന നിരതമാവും. ഓരോ ഘട്ടത്തിലും ആരൊക്കെ ജോലിക്ക് ഹാജറാകണമെന്നത് വകുപ്പ് മേധാവിക്ക് തീരുമാനിക്കാം.
മെയ് 31 മുതല്‍ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍ ഉള്‍പ്പെടെ ഉന്നത തസ്തികയിലുള്ള 50 ശതമാനംപേരാണ് ജോലിക്ക് ഹാജറാകേണ്ടത്. ജൂണ്‍ ഏഴിന് 75 ശതമാനം ജീവനക്കാരും ജൂണ്‍ 14 ഓടെ മുഴുവന്‍ പേരും ജോലിക്കെത്തണം. സൗകര്യപ്രദമായ രീതിയില്‍ ജോലി ചെയ്യാനുള്ള തൊഴില്‍ നിയമഭേദഗതിപ്രകാരം ജീവനക്കാരുടെ ഹാജര്‍ ക്രമം മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഈ ഹാജര്‍ ഗ്രൂപുകള്‍ അനുസരിച്ചാണ് ജീവനക്കാര്‍ ജോലിക്ക് ഹാജറാകേണ്ടത്. രാവിലെ 7.30, 8.30, 9.30 എന്നിങ്ങനെയാണ് ഈ ഹാജര്‍ ഗ്രൂപ്. ജൂണ്‍ 18 വരെ ഹാജര്‍ രേഖപ്പെടുത്തുന്നതിന് വിരലടയാളം ആവശ്യമില്ല.
കര്‍ഫ്യൂ സമയത്തും പൊതുമേഖല പൂര്‍ണമായി അടച്ചിരുന്നില്ലെന്നും വിദൂര സേവനം ലഭ്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും നിര്‍ദേശിച്ചത് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാണ് സ്ഥാപനങ്ങള്‍ തുറക്കേണ്ടത്.

Latest News