അബുദബിയില്‍നിന്ന് 184 പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി

കരിപ്പൂര്‍-കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍നിന്ന് ഒരു സംഘം പ്രവാസികള്‍ കൂടി ജന്മനാടിന്റെ കരുതലിലേക്ക് തിരിച്ചെത്തി. 184 യാത്രക്കാരുമായി ഐ.എക്‌സ് 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകീട്ട് ഏഴിനാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. 10 ജില്ലകളില്‍ നിന്നുള്ള 104 പുരുഷന്‍മാരും 80 സ്ത്രീകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള 21 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 31 കുട്ടികള്‍, 32 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു. തിരിച്ചെത്തിയവരില്‍ ഏഴ് പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (കോഴിക്കോട്  നാല്, മലപ്പുറം  ഒന്ന്, പാലക്കാട്  ഒന്ന്, കോട്ടയം  ഒന്ന്). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,
മലപ്പുറം  79, കണ്ണൂര്‍  10, കാസര്‍കോട്  നാല്, കോഴിക്കോട്  48, എറണാകുളം  എട്ട്, പാലക്കാട്  22, വയനാട്  രണ്ട്, തൃശൂര്‍  ഏഴ്, ആലപ്പുഴ  രണ്ട്, കോട്ടയം  രണ്ട്.  

 

Latest News