Sorry, you need to enable JavaScript to visit this website.

എന്നെ ഓര്‍മിക്കൂ.... കോവിഡ് ഇരകളുടെ ഓര്‍മപ്പുസ്തകവുമായി ലണ്ടനിലെ കതീഡ്രല്‍

ലണ്ടന്‍- വിഖ്യാതമായ സെന്റ് പോള്‍സ് കതീഡ്രലിലെ ഓണ്‍ലൈന്‍ ഓര്‍മപ്പുസ്തകത്തില്‍, കോവിഡ് ദുരന്ത ഇരകള്‍ അനശ്വരരാകും. ആരും ഓര്‍മിക്കാനില്ലാതെ, വിലാപയാത്രയോ, അനുസ്മരണ പരിപാടികളോ ഇല്ലാതെ ലോകത്തുനിന്ന് മാഞ്ഞുപോകുന്ന കോവിഡ് രോഗികള്‍ അങ്ങനെ ഒരിടത്തെങ്കിലും രേഖപ്പെടുത്തപ്പെടും.
കൊറോണ വൈറസ് മഹാമാരിയുടെ ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള ബഹുമത ഓണ്‍ലൈന്‍ അനുസ്മരണ പരിപാടിക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ക്രിസ്ത്യാനികളെയും മുസ്്‌ലിംകളെയും ജൂതരേയും മറ്റ് മതസ്ഥരേയും പരിപാടിയിലേക്ക് സംഘാടകര്‍ ക്ഷണിക്കുന്നു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/2.jpg
ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ലക്ഷക്കണക്കിന് പേരുടെ ജീവനെടുക്കുകയും ചെയ്ത മഹാമാരിയെ മാനസികമായി ചെറുക്കാനാണ് വിവിധ മതങ്ങളിലെ നേതാക്കളും അംഗങ്ങളും ഈ സംരംഭത്തില്‍ ഒത്തൊരുമിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയും ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാം അഹ്മദ് അല്‍തയ്ബും ഉള്‍പ്പെടെയുള്ള മതനേതാക്കളുടെ അംഗീകാരത്തെത്തുടര്‍ന്ന് ഈ മാസാദ്യം, മഹാമാരി അവസാനിക്കുന്നതിനായി ലോകമെമ്പാടും സംയുക്ത പ്രാര്‍ഥനകള്‍ നടത്തിയിരുന്നു.
അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രല്‍ എന്നെ ഓര്‍മ്മിക്കൂ.. എന്ന ഒരു ഓണ്‍ലൈന്‍ അനുസ്മരണ പുസ്തകം പുറത്തിറക്കി യു.കെയില്‍ ഈ രോഗം കാരണം മരണമടഞ്ഞ എല്ലാ മതസ്ഥരുടേയും ഓര്‍മ പുതുക്കുകയാണ്.  ചാള്‍സ് രാജകുമാരന്‍ അടക്കം നിരവധി പേരാണ് ഈ സംരംഭത്തിന് പിന്തുണ അറിയിച്ചത്. എല്ലാ മതസ്ഥരും മതവിശ്വാസമില്ലാത്തവരും അതുല്യരും വിലപ്പെട്ടവരുമാണ്. അവരെ ഓര്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-ചാള്‍സ് രാജകുമാരന്‍ ഒരു വീഡിയോയില്‍ പറഞ്ഞു. ഈ പുസ്തകത്തിലൂടെ, അവരുടെ ജീവിതം മറ്റുള്ളവരുമായി പങ്കിടാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/1.jpg
ഒരാഴ്ചക്കുള്ളില്‍ 2,700 ലധികം അനുസ്മരണങ്ങള്‍ സൈറ്റിലേക്ക് പോസ്റ്റു ചെയ്യപ്പെട്ടു. മരിച്ച ഓരോരുത്തരുടേയും പേര്, ജനനത്തീയതി, മരണ തീയതി, ഫോട്ടോ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ജൂത സമൂഹത്തിലെ ചീഫ് റബ്ബി അടക്കം യു.കെയിലെ വിവിധ മതനേതാക്കള്‍  സംരംഭത്തെ പിന്തുണക്കുന്നു. ഭാവിയില്‍ ഈ വെര്‍ച്വല്‍ അനുസ്മരണത്തെ ഒരു ഭൗതിക സ്മാരകമായി മാറ്റാനാണ് സെന്റ് പോളിന്റെ പദ്ധതി.
ലോകമെമ്പാടും കോവിഡ് മരണവുമായി ബന്ധപ്പെട്ട സംസ്‌കാര ചടങ്ങുകള്‍ക്ക് നിയന്ത്രണമുള്ള  സമയത്താണ് ഈ സംരംഭം വരുന്നത്. പകര്‍ച്ചവ്യാധികള്‍ക്കിടയിലും ശവസംസ്‌കാര ചടങ്ങുകള്‍ തുടരാന്‍ യു.കെ അനുവദിച്ചിട്ടുണ്ട്, എന്നാല്‍ സാമൂഹിക അകലം പാലിക്കല്‍, പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കല്‍ എന്നിവ പാലിക്കണമെന്ന് മാത്രം.

 

Latest News