Sorry, you need to enable JavaScript to visit this website.

മഴയെത്തും മുമ്പെ

കൊറോണ വ്യാപനത്തിന്റെ ആശങ്കകൾ വർധിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്കാണ് കാലവർഷത്തെ കുറിച്ചുള്ള ആശങ്കകൾ കടന്നു വരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി കാലവർഷം മഹാപ്രളയമായി കുടഞ്ഞെറിഞ്ഞ ഗ്രാമങ്ങൾ ഇന്നും ആ ഭീതിയുടെ ഓർമകളിൽ കഴിയുകയാണ്. ഇതിയൊരു പ്രളയത്തെ അതിജീവിക്കാൻ നമുക്കാവുമോ എന്ന ചോദ്യം പോലും ഉയരുന്നു. കോവിഡ് മഹാമാരിക്കിടയിൽ പ്രളയനാളുകളെ പ്രതിരോധിക്കാൻ എന്ത് വഴിയെന്ന ആശങ്കകളിലാണ് നാട് കഴിയുന്നത്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ച മലപ്പുറം, വയനാട് ജില്ലകളിലെ ജനങ്ങളുടെ കഷ്ടതകൾ ഇപ്പോഴും കുറഞ്ഞിട്ടില്ല. പ്രളയം നിരവധി ജീവനുകൾ തട്ടിയെടുത്ത കുടുംബങ്ങൾ ഇന്നും ആ ദുഃഖത്തിൽ കഴിയുന്നു. വീടുകൾ തകർന്നവരുടെ പുനരധിവാസം ഇപ്പോഴും പൂർണമായിട്ടില്ല. കൊറോണയുടെ വരവോടെ പ്രളയ ബാധിതരുടെ ദുരിതങ്ങൾ പരിഗണനകളുടെ പുറമ്പോക്കിലേക്ക് മാറിയിരിക്കുന്നു.
2018 ലെ പ്രളയം കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയത് കോട്ടയം ജില്ലയിലും പരിസരങ്ങളിലുമായിരുന്നെങ്കിൽ കഴിഞ്ഞ തവണ ദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങിയത് മലപ്പുറം, വയനാട് ജില്ലകളായിരുന്നു. 
നിലമ്പൂർ താലൂക്കിലുണ്ടായ വലിയ വെള്ളപ്പൊക്കവും സമീപത്തെ മയലോര ഗ്രാമങ്ങളിലുണ്ടായ മലയിടിച്ചിലുകളും നിരവധി പേരുടെ ജീവനും വൻതോതിലുള്ള സ്വത്തിനുമാണ് നഷ്ടങ്ങളുണ്ടാക്കിയത്. വീടുകൾ മണ്ണിനടിയിൽ പെട്ട് ഉറ്റവരെ നഷ്ടപ്പെട്ട കവളപ്പാറ ഗ്രാമത്തിന്റെ കണ്ണീർ ഇപ്പോഴും ഉണങ്ങിയിട്ടില്ല.
വരാനിരിക്കുന്ന വർഷക്കാലത്ത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ ഇനിയും തുടങ്ങിയിട്ടില്ല. വീണ്ടുമൊരു പ്രളയം ഒഴിവാക്കാനുള്ള പ്രാഥമിക കാര്യങ്ങൾക്ക് പോലും തുടക്കമായിട്ടില്ല. കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും മുന്നിൽ വലിയൊരു വെല്ലിവിളിയായാണ് മഴമേഘങ്ങൾ ഉരുണ്ടു കൂടുന്നത്.
കിഴക്കൻ മേഖല ഏറെക്കുറെ മലനിരകളാൽ അതിരിട്ടു കിടക്കുന്ന മലബാറിന്റെ താഴ്ന്ന പ്രദേശങ്ങളിലേക്ക് മഴവെള്ളപ്പാച്ചിലെത്താൻ അധിക സമയമൊന്നും ആവശ്യമില്ല. തുടർച്ചയായി പത്തു നാൾ മഴ പെയ്താൽ ജലനിരപ്പുയരുന്ന പ്രദേശങ്ങളാണ് ഏറെയും. 
പ്രളയം ഒഴിവാക്കുന്നതിന് പ്രധാനമായും ആവശ്യമുള്ളത് തോടുകളുടെ ശുചീകരണമാണ്. മലമുകളിൽ നിന്ന് കുത്തി ഒഴുകിയെത്തുന്ന വെള്ളം തടസ്സങ്ങളില്ലാതെ തോടുകളിലൂടെയും പുഴകളിലൂടെയും കടലിലെത്തണം. എന്നാൽ തോടുകളുടെ സ്ഥിതി കഴിഞ്ഞ വർഷത്തേക്കാൾ മെച്ചമല്ല. വേൽക്കാലത്ത് ഈ തോടുകളുടെ ആഴം കൂട്ടിയും വൃത്തിയാക്കിയും ജലമൊഴുക്ക് സുഗമമാക്കേണ്ടതുണ്ട്. ഇതിനായി വൻതോതിൽ മനുഷ്യാധ്വാനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തോടുകൾ വൃത്തിയാക്കണമെന്ന് ഈ സീസണിൽ മുറവിളികൾ ഉയരാറുണ്ടെങ്കിലും ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് ഇത് പ്രാവർത്തികമാകുന്നത്.
പണ്ടു കാലം മുതൽ വയലുകളാണ് വർഷക്കാലത്ത് ജലസംഭരണികളായി മാറുന്നത്. എന്നാൽ ഇന്ന് തരിശു കിടക്കുന്ന ഹെക്ടർ കണക്കിന് സ്ഥലത്ത് പുൽക്കാടുകൾ നിറഞ്ഞ് ജലസംഭരണത്തിനുള്ള സാധ്യതകൾ അടഞ്ഞിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങൾ വൃത്തിയാക്കി പരമാവധി ജലസംഭരണം സാധ്യമാക്കുന്നത് വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാനാകും. 
കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷാ പദ്ധതിയിൽ തരിശുനിലങ്ങളിൽ കൃഷിയിറക്കുന്നത് ഊർജിതമാക്കാൻ സാമ്പത്തിക സഹായം നൽകുന്നുണ്ട്. പുൽക്കാട് നിറഞ്ഞു കിടക്കുന്ന പാടങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടും. എന്നാൽ ഇത്തരം ഭൂമികളിൽ കൃഷിയിറക്കുന്നത് വർഷക്കാലത്തിന് ശേഷം മാത്രമായിരിക്കും. മഴയെത്തും മുമ്പെ ഈ സ്ഥലങ്ങൾ വൃത്തിയാക്കിയിടുന്നതിനെ കുറിച്ച് കൃഷി വകുപ്പും പാടശേഖര സമിതികളും കർഷകരും ആലോചിക്കേണ്ടതുണ്ട്. എന്നാൽ അതിവർഷം വരുമ്പോൾ ജലസംഭരണികളായി ഇത്തരം നിലങ്ങൾ മാറും.വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാൻ ഒരു പരിധി വരെ കഴിയും.
ഡാം മാനേജ്്‌മെന്റ് വിഭാഗം ഇപ്പോഴും കാര്യങ്ങൾ ഗൗരവമായി ചിന്തിച്ചു തുടങ്ങിയിട്ടില്ല. കഴിഞ്ഞ പ്രളയ കാലത്ത് ദുരിതങ്ങൾക്ക് ഒരു കാരണമായി മാറിയത് ഡാമുകൾ യഥാസമയം തുറക്കാതിരുന്നതാണ്. വൈദ്യുതി ഉൽപാദനം നടക്കാത്ത ചെറിയ ഡാമുകളിൽ പലതും ശുദ്ധജല വിതരണ പദ്ധതികൾ ഉൾപ്പെട്ടവയാണ്. 
മഴക്കാലം മുന്നിൽ കണ്ട് മുൻകൂട്ടി ഷട്ടറുകൾ തുറന്നു വിട്ടാൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന ആശങ്ക മൂലം ഷട്ടറുകൾ തുറക്കുന്നത് ഇത്തവണയും വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് ദുരന്തങ്ങളെ ക്ഷണിച്ചു വരുന്നതിന് തുല്യമാണ്. ഡാമുകളുടെ ഷട്ടറുകൾ പ്രവർത്തന ക്ഷമാക്കുന്നതിനും പരിശോധനകൾ ഊർജിതമാക്കുന്നതിനുമുള്ള സമയമാണിത്. എന്നാൽ പല ജലസംഭരണികളിലും ഈ ജോലികൾ തുടങ്ങിയിട്ടില്ല. കോവിഡ് കാലത്തെ ലോക്ഡൗൺ ഇത്തരം ജോലികളെയും ബാധിക്കുന്നുണ്ട്. ഡാമുകളിൽ മൽസ്യബന്ധനം നടത്തുന്ന ലോബികൾക്കായി ഷട്ടറുകൾ തുറക്കുന്നത് വൈകിപ്പിക്കുന്നതായുള്ള ആരോപണങ്ങൾ പലയിടത്തും കഴിഞ്ഞ വർഷങ്ങളിൽ ഉയർന്നിരുന്നു. ഇത്തവണ അത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.
പ്രളയ കാലത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങളെ കുറിച്ച് ചിന്തിക്കാൻ സമയമായി. സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ താഴെ തട്ടിൽ നിന്നാണ് തുടങ്ങേണ്ടത്. തദ്ദേശ വാർഡുകളിൽ ഇതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും സന്നദ്ധസംഘങ്ങളെ നിയോഗിക്കുകയും വേണം. 
കോവിഡ് കാലത്തെ സാമൂഹിക അകലം പാലിക്കൽ പ്രളയ ദുരിതങ്ങൾക്കിടയിൽ വലിയ വെല്ലുവിളിയാകും. വീടുകളിൽ വെള്ളം കയറിയാൽ ആളുകളെ ഇത്തവണയും ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരും. അവിടെ കൊറോണ വ്യാപനം പുതിയ വെല്ലുവിളിയാകും. അതിവർഷം വന്നാലും ഭൂമിയിലെ ജലനിരപ്പ് വർധിക്കാതെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇതിനുള്ള പ്രതിവിധി. ഇതിനായി നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ജാഗ്രത കൊറോണയുടെ കാര്യത്തിൽ മാത്രം മതിയാകില്ല. പ്രളയത്തിന്റെ കാര്യത്തിലും അനിവാര്യമാകും.
 

Latest News