ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നാല് കോവിഡ് ലോക്ഡൗണും പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭാവി തന്ത്രം വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കോവിഡ് വ്യാപനം തടയാന്‍ കേന്ദ്രത്തിന്റെ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകള്‍ അതിവേഗം ഉയരുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കയാണ്. ലോക് ഡൗണിന്റെ ലക്ഷ്യം പരാജയപ്പെട്ടതിന്റെ ഫലമാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക് ഡൗണിന്റെ നാലു ഘട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉപദേശകരും പ്രതീക്ഷിച്ച ഫലം നല്‍കിയിട്ടില്ല. 21 ദിവസം കൊണ്ട് രോഗം അവസാനിക്കുമെന്നാണ് മോഡിയും കൂട്ടരും പറഞ്ഞിരുന്നത്. ഇപ്പോള്‍ 60 ദിവസം പിന്നിട്ടപ്പോള്‍ രോഗവ്യാപനം വര്‍ധിച്ചിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.
പല സംസ്ഥാന മുഖ്യമന്ത്രിമാരുമായും താന്‍ സംസാരിച്ചിരുന്നു. അവര്‍ തനിച്ചുള്ള പോരാട്ടമാണ് കോവിഡിനെതിരേ നടത്തുന്നത്. കേന്ദ്രം ഒരു തരത്തിലുള്ള പിന്തുണയും അവര്‍ക്ക് നല്‍കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട് പറഞ്ഞതായി രാഹുല്‍ വ്യക്തമാക്കി.
കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ, ലോക്ഡൗണില്‍ ഇളവു വരുത്തിയ ഏകരാജ്യമാണ് ഇന്ത്യ. സ്ഥിതിഗതികള്‍ വളരെ അപകടത്തിലേക്കാണ് നീങ്ങുന്നത്. പാവങ്ങളുടെ കൈകളിലേക്ക് പണവും ചെറുകിട വ്യവസായങ്ങള്‍ക്ക് അടിയന്തര സഹായവും നല്‍കുന്നില്ലെങ്കില്‍ സാമ്പത്തിക ദുരന്തവുമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലാണല്ലോ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലെന്ന ചോദ്യത്തിന് തങ്ങള്‍ സഖ്യ സര്‍ക്കാരിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുകയാണെന്നും രാഹുല്‍ മറുപടി നല്‍കി. സര്‍ക്കാരിനെ നയിക്കുന്നതും പന്തുണക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പാവങ്ങളിലേക്ക് എങ്ങനെ പണം എത്തിക്കണമെന്നും എന്തു ചെയ്യണമെന്നുമുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കുമുണ്ട്. എന്നാല്‍ കേന്ദ്ര സഹായമില്ലാതെ ഒന്നും വിജയിക്കില്ലെന്നും കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണെന്നും രാഹുല്‍ പറഞ്ഞു.






