സൗദിയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നീക്കുന്നു; ഓഫീസുകളില്‍ ജോലി തുടങ്ങാം

റിയാദ്- സൗദി അറേബ്യയില്‍ നിലവിലുള്ള 24 മണിക്കൂര്‍ കര്‍ഫ്യൂവില്‍ വ്യാഴം മുതല്‍ ഇളവ് വരുത്തും. മക്ക ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും രാവിലെ ആറു മുതല്‍ വൈകിട്ട് മൂന്ന് വരെ യാത്ര അനുവദിക്കും.
ഓഫീസുകളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്കു പോകുന്നതിനുള്ള വിലക്ക് ഒഴിവാക്കി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറക്കും. വീടുകളില്‍നിന്നുള്ള ജോലി അവസാനിപ്പിച്ച് ഓഫീസുകളില്‍ ജോലി തുടങ്ങാം.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ജൂണ്‍ 21 മുതല്‍ രാജ്യത്തിന് സാധാരണ നിലയിലേക്ക് തിരിച്ചെത്താനാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഘട്ടംഘട്ടമായി സാമ്പത്തിക, വ്യാപാര പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുകയാണ്. റസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള വിലക്ക് ഉടന്‍ നീക്കും.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സൗദി ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നേരത്തെ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത് രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ജനങ്ങളെ ബോധവല്‍കരിക്കുന്നതിനും സഹായകമായി. ഇതോടൊപ്പം ലബോറട്ടറികളും തീവ്രപരിചരണ വിഭാങ്ങളും വെന്റിലേറ്ററുകളും ഇരട്ടിയാക്കാനും കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
പുതിയ തന്ത്രങ്ങളും നയങ്ങളും വ്യാഴാഴ്ച മുതല്‍ നടപ്പിലാക്കി തുടങ്ങും. സാമൂഹിക അകലം പാലിച്ചുകൊണ്ട് സ്വീകരിക്കുന്ന മാറ്റങ്ങള്‍ സാധാരണ നില കൈവരിക്കുന്നതുവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News