കോവിഡുമായി ഒത്തുപോകണം; ദുബായില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നു

ദുബായ് - ദുബായില്‍ ബുധനാഴ്ച മുതല്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ നിര്‍ദേശാനുസരണം ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍മക്തൂം ആണ് ബുധന്‍ മുതല്‍ ദുബായില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ക്രമേണ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നു വരെയുള്ള സമയത്ത് ആളുകളുടെ സഞ്ചാരങ്ങള്‍ക്ക് ഒരുവിധ നിയന്ത്രണങ്ങളുമുണ്ടാകില്ല.
 ശൈഖ് ഹംദാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗത്തിലാണ് പുതിയ പ്രഖ്യാപനമുണ്ടായത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം എന്നിവരും കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍, വിവിധ ആരോഗ്യ, സാമൂഹിക-സാമ്പത്തിക വശങ്ങള്‍ എന്നിവയുടെ സമഗ്രമായ വിലയിരുത്തലുകള്‍ക്കും കോവിഡ്-19 സ്ഥിതിഗതികളുടെ സമഗ്ര അവലോകനത്തിനും ശേഷമാണ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. കോവിഡ്-19 യുമായി പൊരുത്തപ്പെട്ടുപോകാനുള്ള അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളും തീരുമാനമെടുക്കുന്നതിന് കണക്കിലെടുത്തിട്ടുണ്ട്.
സുപ്രധാന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താതെ കോവിഡ്-19 സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനാണ് പുതിയ നടപടികള്‍. മാസ്‌കുകള്‍ ധരിക്കല്‍, മിനിമം രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിക്കല്‍, അണുനശീകരണികള്‍ ഉപയോഗിക്കല്‍, സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നേരം പതിവായി കൈ കഴുകല്‍ എന്നിവ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തമായി നിരീക്ഷിക്കുകയും ചെയ്യും. മുന്‍കരുതല്‍ നടപടികളെ കുറിച്ച് സമൂഹത്തില്‍ കൂടുതല്‍ അവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ശൈഖ് ഹംദാന്‍ ഊന്നിപ്പറഞ്ഞു. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹം മനസ്സിലാക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നത് സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിന് പ്രധാനമാണെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.

 

Latest News