Sorry, you need to enable JavaScript to visit this website.

കാലം കണക്ക് ചോദിക്കും, പ്രവാസികളെ വിസ്മരിക്കുന്നവരോട്  

ഈയടുത്ത കാലത്തായി പ്രവാസികളുടെ ദുരിതങ്ങൾ കാണാതെ കേരള സർക്കാർ കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റെ പ്രധാന കാരണം പ്രവാസികൾ അവരുടെ നാട്ടിലേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ടാണ്. പ്രവാസികൾക്ക് സ്വന്തം ജന്മനാട്ടിൽ വരുന്നതിന് ആരുടെ സർട്ടിഫിക്കറ്റും ആവശ്യമില്ല. സർക്കാർ അനാവശ്യമായി ശങ്കിക്കുന്നത് അവരിൽ പലരും കോവിഡ് രോഗികൾ എന്നാണ്. ആയിരക്കണക്കിന് ആരോഗ്യ രംഗത്തുള്ളവരെ സർക്കാർ തീറ്റിപ്പോറ്റുന്നത് രോഗിയെ ചികിൽസിച്ചു സുഖപ്പെടുത്താനാണ്. അതിനുള്ള അടിസ്ഥാന സൗകര്യങ്ങളല്ലേ സർക്കാർ നോക്കേണ്ടത്? ഗൾഫിലും പാശ്ചാത്യ രാജ്യങ്ങളിലുമുൾപ്പെടെ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ജന്മദേശത്തേക്ക് വരാൻ ആഗ്രഹിക്കുമ്പോൾ അവർ അപകടകാരികൾ, രോഗമുള്ളവർ എന്നൊക്കെ പറഞ്ഞാൽ അതിലെന്ത് യുക്തിയാണുള്ളത്? മുൻകരുതലിന്റെയും ജാഗ്രതയുടെയും പാഠങ്ങളൊന്നും പ്രവാസികൾക്ക് ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല.


കേരളത്തിന്റെ ചികിത്സാ ചരിത്രം നമ്മുടെ ഭരണാധികാരികൾക്ക് അറിയില്ലേ? പോർച്ചുഗീസുകാർ 1482 ൽ വന്ന നാളു മുതൽ മുതൽ  ചികിൽസാരംഗത്തു ഇന്ത്യയിൽ കേരളം വളരെ മുന്നിലാണ്. അറിവിലും ആരോഗ്യ രംഗത്തും പാശ്ചാത്യരുടെ വരവ് കേരളത്തിന് ഏറെ ഗുണം ചെയ്തു. 
1813 ൽ റാണി ഗൗരി ലക്ഷ്മിഭായിയുടെ ഭരണ കാലത്ത് കൊട്ടാരത്തിൽ മാത്രം തങ്ങിനിന്ന പാശ്ചാത്യ ചികിത്സ പാവങ്ങളിലേക്ക് ബ്രിട്ടീഷുകാരുടെ നിർബന്ധ പ്രകാരം മാരകമായ വസൂരിക്കുള്ള മരുന്നുമായി കടന്നു വന്നു. ബ്രിട്ടീഷ് ഡോക്ടർമാർ തുറന്നുപറഞ്ഞു.  രോഗത്തിന് പാവപ്പെട്ടവനോ പണക്കാരനോ എന്നൊന്നില്ല.  ഇതിനായി തൈക്കാട്ട് 1816 ൽ ഒരു ഔഷധശാല തുടങ്ങി. മരുന്ന് എല്ലാവർക്കും സൗജന്യമാണ്. മരണം കണ്ടുകൊണ്ടിരുന്ന മനുഷ്യർ അന്ധവിശ്വാസങ്ങളുടെ ചങ്ങല പൊട്ടിച്ചുകളഞ്ഞു. 


കേരള സർക്കാർ പറയുന്ന ജാഗ്രത എല്ലാവർക്കും വേണ്ടതാണ്. അതിന് ആർക്കാണ് എതിർപ്പുള്ളത്? ഇന്ത്യയിൽ 500 ലധികം വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു കിടക്കുമ്പോൾ എന്തുകൊണ്ടാണ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി വിമാനം ഇന്നുവരെ വിട്ടില്ല? ലോകത്തിന്റെ എല്ലാം കോണുകളിൽ നിന്നും അവർ കണ്ണീരൊഴുക്കുന്നു.  ഇന്ത്യയുടെ അഭിമാനമായ എയർ ഇന്ത്യ പോലും അതിൽ ശരിക്കൊന്നു ഈ ആവശ്യാനുസരണം വിട്ടുകൊടുക്കാൻ തയാറായില്ല? പ്രവാസികളെ ജോലിയും കൂലിയും കൊടുക്കാതെ നാടുകടത്തി. അതാണ് ഇന്ത്യൻ ജനാധിപത്യം ചെയ്ത ആദ്യത്തെ അപരാധം അല്ലെങ്കിൽ കുറ്റകൃത്യം. ആ വകയിൽ നല്ലൊരു തുകയും കേന്ദ്ര സർക്കാർ ഈടാക്കി. ഇന്ന് ആ കണക്ക് നോക്കിയാൽ കോടികളാണ്. എയർ ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത പാവങ്ങൾക്ക് അതിൽ നിന്ന് ഒരു ചില്ലിക്കാശ് കൊടുത്തില്ല.  ഇറാഖ് യുദ്ധകാലത്ത് നാട്ടിൽ വന്നവർ ടിക്കറ്റിന് പണം കൊടുത്തില്ല. സർക്കാറുകൾ കേരളത്തിലേക്ക് വരുന്നവരുടെ ടിക്കറ്റ് തുക കൊടുക്കുന്നതാണ് മാന്യത. കാരണം കൊറോണ അവർ സൃഷ്ടിച്ചതല്ല. ദേശീയ ദുരന്തമായി കണ്ട് പ്രവാസികളെ സഹായിക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ വിദേശകാര്യ വകുപ്പ് വിദേശ രാജ്യങ്ങളിൽ പൗരത്വം സീകരിച്ചവർക്ക് പോലും അവർ കൊടുത്ത പണം മടക്കിക്കൊടുത്തിട്ടില്ല. ഇതൊക്കെ അനീതിയാണ്. ഇതിനെയാണ് പകൽക്കൊള്ള എന്ന് പറയുന്നത്. ഇന്ത്യൻ പാസ്‌പോർട്ടുള്ള പൗരന്മാരെ, വിദേശ ഇന്ത്യൻ പൗരന്മാരെ  ഈ ദുർഘട സന്ധിയിൽ ജന്മനാട്ടിലേക്ക് കൊണ്ടുവരേണ്ടത് ആരുടെ ചുമതലയാണ്? ഇവരാണോ നിസ്വാർത്ഥ സേവകരായ ഭരണാധിപന്മാർ? ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പെടുത്തിയെങ്കിലും പ്രവാസികളെ ജന്മനാട്ടിലെത്തിക്കണം.  


പുറത്തു നിന്ന് രോഗികൾ വന്നതുകൊണ്ട് രോഗം വർധിച്ചുവെന്ന കേരള സർക്കാർ സമീപനം പ്രവാസികളോടുള്ള വെല്ലുവിളിയാണ്. ഒരു നാടിനെ പട്ടിണിയിൽ നിന്ന് കരകയറ്റിയ പ്രവാസികൾ അവർ ഇന്ത്യയിൽ, ഗൾഫിൽ, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവരെങ്കിലും അവസരവാദ രാഷ്ട്രീയക്കാരെ പോലെ അപമാനിക്കുന്നത് നല്ലൊരു സർക്കാറിന് ചേർന്നതല്ല.  അവർ സ്വന്തം വീട്ടിൽ നിന്ന് ഉൽപാദിപ്പിച്ച രോഗമല്ല കോവിഡ്. വികസിത രാജ്യങ്ങളെ താറുമാറാക്കാൻ ചൈന വികസിപ്പിച്ചെടുത്ത ജൈവായുധം ആർക്കാണ് മനസ്സിലാകാത്തത്? എന്റെ ഇറ്റലി യാത്രയിൽ ധാരാളം ചൈനക്കരെ കണ്ടിരുന്നു. അന്ന് കരുതിയത് ഇവർ ടൂറിസ്റ്റുകളായി വന്ന കൊറിയ, ജപ്പാൻ, തായ്ലാൻഡ് രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരിക്കുമെന്നാണ്. ഇറ്റലിക്കാർ കൂട്ടമായി മരിച്ചൊടുങ്ങിയപ്പോൾ ഞാൻ കണ്ടവരത്രയും ചൈനയിൽ നിന്നുള്ളവരെന്ന് സുഹൃത്തുക്കൾ വഴി അറിയാൻ കഴിഞ്ഞു.  ഇറാഖ് യുദ്ധകാലത്ത് സൗദിയിലെ കിഴക്കൻ പ്രവിശ്യയിലായിരുന്ന ഞങ്ങൾ മാസ്‌കണിഞ്ഞു നടന്നത് രാസായുധ ഭയത്താലായിരുന്നു. 


ഒരു ഭാഗത്ത് കേരള സർക്കാർ പറയുന്നു, പ്രവാസികൾ മടങ്ങിവരട്ടെ. അങ്ങനെയെങ്കിൽ കേരളത്തിലേക്ക് എന്തുകൊണ്ട് യഥേഷ്ടം ട്രെയിൻ സംവിധാനം വന്നില്ല? വിദ്യാഭ്യാസ യോഗ്യതകൾ അധികമില്ലാത്ത ബംഗാളി, ഒറീസ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അവിടുത്തുകാർ കടന്നു പോയി? ഇന്ത്യക്ക് പുറത്തുള്ള പ്രവാസികൾക്ക് എന്തുകൊണ്ടാണ് വിമാന, ട്രെയിൻ സർവീസ് ആവശ്യത്തിന് നൽകതിരിക്കുന്നത്? മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഏതാനും വിമാനങ്ങൾ വന്നാൽ മതിയോ? ജോലിയില്ലാത്ത, ആഹാരം കഴിക്കാൻ മറ്റുള്ളവരുടെ ഔദാര്യത്തിന്നായി കൈനീട്ടേണ്ട ഒരവസ്ഥ പ്രവാസിക്ക് എന്തുകൊണ്ടുണ്ടായി? രോഗികൾ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തവർ ഇങ്ങനെ പലവിധ ദുരിതങ്ങൾ അനുഭവിക്കുന്നവരെ വിമാനത്തിൽ കയറ്റാതെ സ്വാധീനത്താൽ അനർഹരായവരെ എന്തുകൊണ്ടാണ് വിമാനത്തിൽ കൊണ്ടുവന്നത്? എന്തുകൊണ്ടാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരെ കൊണ്ടുവരാൻ നടപടി സ്വീകരിക്കാത്തത്? 


പ്രവാസിക്ക് ഇന്നുണ്ടായ ഈ മുറിവ് ഒരിക്കലും മറക്കില്ല. അധികാര പദവികൾ വാരിക്കോരി ആസ്വദിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്ന പാവം പ്രവാസിയെ അവന്റെ ദുരിത നാളുകളിൽ അംഗീകരിക്കാൻ  മുന്നോട്ടു വരാഞ്ഞത് അവരിൽ എന്തെന്നില്ലാത്ത ഏകാന്തതയും അരക്ഷിതത്വ ബോധവും വളർത്തിയിട്ടുണ്ട്. ഇതുപോലുള്ള സന്ദർഭങ്ങളിലാണ് അനുകമ്പ സഹജീവികളോട് കാട്ടേണ്ടത്. പ്രവാസികൾ, ഭരിക്കുന്ന സർക്കാറുകളുടെ കളിപ്പാവകളോ പരിഹാസ കഥാപാത്രങ്ങളോ അല്ല എന്നത് ഓർക്കുക. അവർ ശ്രമിച്ചാലും സർക്കാറുകളെ ഒരളവോളം, ഇന്നല്ലെങ്കിൽ നാളെ മാറ്റിമറിക്കാൻ സാധിക്കും.  
പ്രവാസികൾ കേരളത്തിന്റ സ്വന്തം എന്ന് വീമ്പിളക്കുന്നവർ അവരനുഭവിക്കുന്ന ഇന്നത്തെ ദുർവിധി എന്തുകൊണ്ട് കാണുന്നില്ല? പലരുടെയും കദന കഥകൾ കേൾക്കുന്നത് ചാനലുകൾ വഴിയാണ്.   കേരള സർക്കാർ രോഗികളുടെ എണ്ണം വർധിച്ചുവെന്ന് പറയുമ്പോൾ അതിൽ ഊന്നൽ കൊടുക്കുന്നത് പ്രവാസികളെയാണ്. പ്രവാസികൾക്ക് എല്ലാം സൗകര്യവും ഒരുക്കിയ സർക്കാർ ഈ നാടകം എന്തിനാണ് കളിക്കുന്നത്? അവർ വരട്ടെ എന്നല്ലേ പറയേണ്ടത്?  ഗോവയിൽ ഒരാൾ പോലും കോവിഡ് പിടിച്ച് മരണപ്പെട്ടതായി അറിഞ്ഞില്ല. കേരളത്തേക്കാൾ മികച്ച ആരോഗ്യ രംഗം കാഴ്ചവെച്ച പല സംസ്ഥാനങ്ങളുമുണ്ട്. 


കേരളത്തെപ്പറ്റി ഇത്ര മാത്രം വീമ്പ് പറയാൻ എന്തെന്ന് വിദേശത്തുള്ള പലർക്കും മനസ്സിലാകുന്നില്ല. ചില മന്ത്രിമാരടക്കം ഇറ്റലിയെപ്പറ്റി പറഞ്ഞത് വയോധികരെ നോക്കേണ്ടതില്ല, ചെറുപ്പക്കാരെ നോക്കിയാൽ മതിയെന്നാണ്. ഈ കൂട്ടർ മൊത്തം പാശ്ചാത്യ രാജ്യങ്ങളെ അതിൽപെടുത്തി പരിഹസിച്ചു. ഏതാനും ലക്ഷങ്ങൾ പ്രവാസികളുള്ള സംസ്ഥാനത്ത് അവർ തൽക്കാലം വരേണ്ടതില്ല എന്ന് പറഞ്ഞതിനേക്കാൾ കുറ്റകരമാണോ ആശുപത്രിയിൽ ബെഡുകൾ ഇല്ലെന്ന് പറഞ്ഞത്? കേരളത്തിൽ ഇതുപോലെ ആയിരങ്ങൾ മരണപ്പെട്ടാൽ എന്ത് സമീപനമാണ് സ്വീകരിക്കുക? പുതിയ ആശുപത്രികൾ പണിയുമോ? പാശ്ചാത്യ നാടുകൾ വേണ്ടുന്ന ശ്രദ്ധ ആദ്യ നാളുകളിൽ കൊടുക്കാത്തതാണ് ഇന്നവർ അനുഭവിക്കുന്ന ദുരിതം.  മറ്റുള്ളവരെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ദുഷ്പ്രചാര വേലകൾ നിർത്തുക. വോട്ട് കിട്ടാനുള്ള തന്ത്രങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നതെങ്കിൽ അവർക്ക് ജാതി മത പ്രമാണിമാരുണ്ടല്ലോ. മറുനാട്ടിൽ കഷ്ടപ്പെടുന്ന  സ്വന്തം ജനതയെ  കൊണ്ടുവന്നിട്ട് നല്ല പിള്ള ചമയുക. അവരുടെ സുരക്ഷിതത്വത്തിനായി എന്തെങ്കിലും നല്ലത് ചെയ്യുക. കാരണം കേരളം വളർത്തിയെടുത്ത മികച്ച ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം മലയാളിക്കുണ്ട്.  കേരള സർക്കാർ ഒരു കാര്യമറിയുക. വേണ്ടുന്ന പരിരക്ഷ കിട്ടാതെ പ്രവാസികൾ ലോകമെമ്പാടും മരണപ്പെടുന്നു.  സ്വന്തം വീടും നാടും പ്രിയപ്പെട്ടവരെ പിരിഞ്ഞു കൊറോണക്ക് മുന്നിൽ പകച്ചു നിൽക്കുന്നവരാണവർ. അവരുടെ ഏക ആശ്രയം ജന്മനാടാണ്. അവർക്ക് വേണ്ടുന്ന താങ്ങും തണലുമൊരുക്കുക. രാഷ്ട്രീയ പോരുകൾക്കിടയിൽ പ്രവാസികളെ വിസ്മരിച്ചാൽ കാലം നമ്മുടെ ഭരണാധികാരികളോട് കണക്ക് ചോദിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Latest News