ആഭ്യന്തര വിമാനസർവീസ്; എതിർപ്പുമായി സംസ്ഥാനങ്ങൾ

ന്യൂദൽഹി- കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിക്കാനിക്കെ എതിർപ്പുമായി ബംഗാൾ, മഹാരാഷ്്ട്ര, തമിഴ്‌നാട് സർക്കാറുകൾ. കോവിഡ് വ്യാപനം ഇപ്പോഴും ശക്തിയായി തുടരുകയാണെന്നും തങ്ങളുടെ അനുമതിയില്ലാതെ സർവീസുകൾ പുനസ്ഥാപിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും ഈ മൂന്നു സംസ്ഥാനങ്ങളും മുന്നറിയിപ്പ് നൽകി. മെയ് 19ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവ് വരുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതിയിയുള്ളത്. വിമാനതാവളങ്ങൾ തുറക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
സമാനമായ ആശങ്കയാണ് തമിഴ്‌നാട് സർക്കാറും ഉയർത്തിയത്. മഹാരാഷ്ട്രക്ക് പിറകിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ഉംപുൺ ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിനെതുടർന്ന് മെയ് 30 വരെ കൊൽക്കത്ത വിമാനതാവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.    
    തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യാതൊരു വിധ വ്യക്തത കുറവും ഇല്ല. മുൻ നിശ്ചയപ്രകാരം തന്നെ സർവീസുകൾ പുനരാരംഭിക്കുമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

    ആഭ്യന്തര വിമാന സർവീസുകളിൽ ഇന്നു മുതൽ അതാതു സംസ്ഥാനങ്ങളിൽ എത്തുന്നവർ ക്വാറന്റൈനിൽ കഴിയേണ്ട ആവശ്യമില്ലെന്നും മന്ത്രി ആവർത്തിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് നിരീക്ഷണം ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചു കഴിഞ്ഞാൽ അതാതു സംസ്ഥാനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ വേണോ എന്ന കാര്യം സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം എന്നായിരുന്നു നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നത്.
    എന്നാൽ, അവരവരുടെ നാടുകളിൽ എത്തുന്ന ആഭ്യന്തര വിമാന യാത്രക്കാരുടെ സ്റ്റാറ്റസ് ആരോഗ്യ സേതു ആപ്പിൽ ഗ്രീൻ ആണെങ്കിൽ എന്തിന് ക്വാറന്റൈനിൽ പോവാൻ പറയുന്നത് എന്ന് മനസിലാകുന്നില്ല എന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ആസാം സംസ്ഥാനങ്ങളും ജമ്മു കാഷ്മീരുമാണ് ആഭ്യന്തര വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. എന്നാൽ, ആഭ്യന്തര വിമാനങ്ങളിൽ രോഗം ഇല്ലെന്ന് ഉറപ്പുള്ളവർ മാത്രമേ കയറൂ എന്നാണ് വ്യോമയാന മന്ത്രി അവകാശപ്പെടുന്നത്. അതാകട്ടെ ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷന്റെ അടിസ്ഥാനത്തിലും.

 

 

Latest News