ഗാങ്ടോക്ക്- സിക്കിമില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ക്കാണ് വൈറസ് ബാധയുള്ളത്. ഇയാളെ ക്വാറന്റൈനിലാക്കിയിരുന്നതായും സാമ്പിള്‍ പരിശോധനാഫലം പോസിറ്റീവായതായും സിക്കിം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പെംപ ഷെറിങ് ബൂട്ടിയ അറിയിച്ചു. ഇന്ത്യയാകെ കൊറോണ ബാധിച്ചപ്പോഴും സിക്കിമില്‍ ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഫെബ്രുവരി മുതല്‍ തന്നെ സംസ്ഥാനത്തേക്കുള്ള ആളുകളുടെ പ്രവേശനം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഒക്ടോബര്‍ മാസം വരെ സംസ്ഥാനത്തേക്ക് പുറത്തുനിന്നുള്ളവരുടെ വരവ് നിരോധിച്ചിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിസന്ധിയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പി.എസ്. ഗോലിയുടെ നേതൃത്വത്തില്‍ സംസ്ഥാനം മൂന്ന് മാസത്തോളമായി ഹരിതമേഖലയാണെന്ന റെക്കോര്‍ഡുമായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.






