ഗ്രൗണ്ടിൽ നിന്ന് തെരുവിലേക്ക്

ഈജിപ്ഷ്യൻ രണ്ടാം ഡിവിഷനിലെ ബനീ സുവൈഫ് ക്ലബ്ബിന്റെ ഡിഫന്ററാണ് മഹ്‌റൂസ് മഹ്മൂദ്. കൊറോണ കടന്നുവന്നില്ലെങ്കിൽ ഇപ്പോൾ പ്രൊഫഷനൽ ലീഗിൽ വിയർപ്പൊഴുക്കുന്നുണ്ടാവും. ഇരുപത്തെട്ടുകാരൻ ഈ റമദാൻ കാലത്ത് വിയർപ്പൊഴുക്കുന്നുണ്ട്, തെരുവ് കച്ചവടത്തിലാണെന്നു മാത്രം. 
ക്ലബ്ബിൽ മാസം 10 ഈജിപ്ഷ്യൻ പൗണ്ടാണ് പ്രതിഫലം, ഏതാണ്ട് 15,000 രൂപ. കൂടാതെ പാർട് ടൈം ജോലിയുമുണ്ടായിരുന്നു. മൂന്നംഗ കുടുംബത്തിന് ജീവിക്കാൻ അത് ധാരാളം മതിയായിരുന്നു. മാർച്ച് മധ്യത്തോടെ ലീഗ് നിർത്തി വെച്ചു. അതോടെ പ്രധാന വരുമാനം നിലച്ചു. ഈജിപ്തിൽ കർശന ലോക്ഡൗണായിരുന്നു. വീട്ടിൽ കഴിയാൻ ക്ലബ് നിർദേശം നൽകി. 
വീട്ടിൽ കഴിഞ്ഞാൽ മഹ്‌റൂസിന് വിശപ്പടങ്ങില്ല. കയ്‌റോക്ക് 350 കി.മീ തെക്കുള്ള നൈൽ നദീതീര നഗരമായ അസ്സുയൂതിലാണ് മഹ്‌റൂസിന്റെ ജന്മദേശം. അവിടെ എന്തു ജോലിയും ചെയ്ത് ജീവിക്കാനായിരുന്നു തീരുമാനം. റമദാൻ കാലമായതിനാൽ വൈകുന്നേരങ്ങളിൽ മൻഫലൂതിലെ മാർക്കറ്റ് സജീവമാവും. അവിടെ ഖതായിഫ് എന്ന റൊട്ടി നിർമാണ ജോലിയിലാണ് ഇപ്പോൾ മഹ്‌റൂസ്. ഈജിപ്തുകാരുടെ പ്രിയപ്പെട്ട നോമ്പുതുറ വിഭവമാണ് ഖതായിഫ്. 


ലോക്ഡൗണിന് മുമ്പ് നിർമാണ ജോലികൾ കിട്ടിയിരുന്നു. ഇപ്പോൾ അത് ലഭ്യമല്ല. ദരിദ്രമായ മൻഫലൂതുകാർക്ക് സാമൂഹിക അകലമൊന്നും പ്രശ്‌നമല്ല. സർക്കാരിന്റെ കച്ചമുറുക്കൽ നയം കാരണം ദാരിദ്ര്യം പ്രകടമാണ്. 
മഹ്‌റൂസിന്റെ പിതാവ് പാർട് ടൈം ഡ്രൈവറായിരുന്നു. ഹൃദ്രോഗം കാരണം ജോലി ഉപേക്ഷിച്ചു. മാതാപിതാക്കളെയും സഹോദരനെയും പോറ്റേണ്ട ജോലി ഇപ്പോൾ മഹ്‌റൂസിനാണ്. ഒറ്റമുറി വീട്ടിലാണ് അവർ കഴിയുന്നത്. ബോക്‌സിംഗിലും ഹാന്റ്‌ബോളിലും പരീക്ഷിച്ച ശേഷമാണ് മഹ്‌റൂസ് ഫുട്‌ബോളിലെത്തിയത്. പതിനാറാം വയസ്സിൽ പ്രൊഫഷനലായി. മാഞ്ചസ്റ്റർ സിറ്റിയുടെ വിൻസന്റ് കോമ്പനിയെ അനുസ്മരിപ്പിക്കുന്ന കളിക്കാരനാണ് മഹ്‌റൂസ്. കോമ്പനി എന്നാണ് സഹകളിക്കാർ വിളിക്കുന്നത്. മഹ്‌റൂസിന് ഇഷ്ടം ലിവർപൂളിന്റെ വിർജിൽ വാൻഡെക്കിനെയാണ്.  
മഹ്‌റൂസിന്റെ ടീമാണ് ഇപ്പോൾ രണ്ടാം ഡിവിഷനിൽ മുന്നിൽ. അടുത്ത വർഷം ഒന്നാം ഡിവിഷനിൽ കളിക്കാമെന്നാണ് മോഹം. അതുവരെ ജീവിച്ചല്ലേ പറ്റൂ. 

 

Latest News