Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

മാസ്‌ക് ധരിച്ച്, അകലം പാലിച്ച്... ഇത് നൂറ്റാണ്ട് മുമ്പത്തെ കഥ

  • ഒരു നൂറ്റാണ്ട് മുമ്പത്തെ മഹാമാരിക്കാലത്ത് കളികൾ നടന്ന ഓർമ...

ചിത്രം സ്വയം കഥ പറയുന്നുണ്ട്. മഹാമാരിയുടെ കാലത്ത് ആരാധകർ ഒരു അമേരിക്കൻ കോളേജ് ഫുട്‌ബോൾ മത്സരം വീക്ഷിക്കുന്നു. മാസ്‌ക് ധരിച്ച്, ഇരിപ്പിടങ്ങൾ തമ്മിൽ അകലം പാലിച്ച്.. ഫോട്ടോക്ക് 102 വർഷത്തെ പഴക്കമുണ്ട്. ജോർജിയ ടെക് യൂനിവേഴ്‌സിറ്റിയാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ട്വീറ്റ് ചെയ്തത്. കളി വലിയ ബിസിനസായി മാറും മുമ്പുള്ളതാണ് കഥ. അന്നും ആരാധകർ എല്ലാം റിസ്‌കും ഏറ്റെടുത്ത് കളി കാണാനെത്തി. കാണികൾ ഗാലറിയിൽ തിരിച്ചെത്തിയതോടെ കളി ആരോഗ്യം വീണ്ടെടുത്തുവെന്നാണ് നൂറ്റാണ്ട് നൽകുന്ന പാഠം. 1920 കൾ അമേരിക്കൻ കോളേജ് ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം പുഷ്‌കല കാലമാണ്. 
ആരാധകർ കളിക്കായി കാത്തിരിക്കുകയായിരുന്നു, ഒന്നാം ലോക യുദ്ധത്തിന്റെ ദുരിതം പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ. അവർക്ക് കളി വേണമായിരുന്നു. ഇന്നത്തെപ്പോലെ ലോക്ഡൗണില്ല. പക്ഷെ സുരക്ഷിതമായി എന്തൊക്കെ ചെയ്യാം എന്ന ചർച്ച സജീവമായിരുന്നു. കൊറോണയുടെ കാലത്തും വാക്‌സിൻ കണ്ടുപിടിക്കും വരെ ആരാധകരിൽ പലരും ഗാലറിയിൽ തിരിച്ചെത്താൻ മടിക്കുമെന്നാണ് ജോർജിയ ടെക് യൂനിവേഴ്‌സിറ്റിയലെ സ്‌പോർട്‌സ് ഹിസ്റ്ററി പ്രൊഫസർ ജോണി സ്മിത്ത് പറയുന്നത്. 
മഹാമാരിയോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ 1918 വലിയ പാഠമാണെന്ന് അദ്ദേഹം കരുതുന്നു. അന്നും ലോക്ഡൗണിന് മടിച്ചുനിന്ന നഗരങ്ങളിലാണ് മരണം നാശം വിതച്ചത്. മഹാമാരി പടരുമ്പോൾ ആദ്യം ചെയ്യേണ്ടത് എല്ലാം അടച്ചിടുകയും അകലം പാലിക്കുകയുമാണ്. 
ഒന്നാം ലോക യുദ്ധത്തിനു ശേഷം യാത്രാ നിയന്ത്രണമുണ്ടായിരുന്നു. കളികളുടെ എണ്ണത്തിനുമുണ്ടായിരുന്നു നിയന്ത്രണം. 1918 ലെ ആർമി-നേവി മത്സരം റദ്ദാക്കി. മഹാമാരി കളിക്കാരെയും കോച്ചുമാരെയും അവശരാക്കി. സീസണിന്റെ ദൈർഘ്യം കുറച്ചു. 1918 ഒക്ടോബർ 13 ലെ വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: രാജ്യത്ത് പടർന്നുപിടിക്കുന്ന മഹാമാരി എല്ലാ ഒരുക്കങ്ങൾക്കും മരണമണിയായി. ഭാവി ഇരുളടഞ്ഞിരിക്കുകയാണ്.
സ്പാനിഷ് ഫഌവാണ് പടർന്നുപിടിച്ചത്. ന്യൂയോർക്ക് ജയന്റ്‌സിന്റെ ആദ്യ കോച്ച് ബോബ് ഫോൾവെൽ കിടപ്പിലായി. വെസ്റ്റ് വിർജീനിയക്ക് ഒരു ടീമിനെ അണിനിരത്താൻ പോലുമായില്ല. ജലദോഷത്തെ അവഗണിച്ച ഒരു കളിക്കാരനെ മരണം തട്ടിയെടുത്തു. 


1918 ൽ രോഗത്തിന്റെ രണ്ടാം തരംഗം ന്യൂയോർക്കിൽ ആഞ്ഞടിച്ചു. മിച്ചിഗൺകാർക്ക് മാസ്‌ക് എന്നായിരുന്നു ഒക്ടോബർ 23 ലെ ഡെയ്‌ലി പെൻസിൽവാനിയ പത്രത്തിന്റെ തലക്കെട്ട്. ഫുട്‌ബോളിന് ദുരിത വർഷം എന്ന് ഒക്ടോബർ 21 ഷിക്കാഗൊ ഡെയിലി ട്രിബ്യൂൺ എഴുതി. മഹാമാരി ലോകമാസകലം അഞ്ചു കോടി പേരുടെ ജീവൻ കവർന്നു. അമേരിക്കയിൽ മാത്രം ആറേ മുക്കാൽ ലക്ഷം പേർ മരിച്ചു. കൊറോണ അത്രക്കൊന്നും പോയിട്ടില്ല. പക്ഷെ ആളുകൾ ഭീതിയിലാണ്. രോഗത്തിന്റെ രണ്ടാം തരംഗത്തെ ആളുകൾ ഭയപ്പെടുന്നു. 1918 നൽകുന്ന രണ്ടാം പാഠമാണ് അതെന്ന് പ്രൊഫസർ സ്മിത്ത് ഓർമിപ്പിക്കുന്നു.
ആരാധകരെ അനുവദിക്കുമ്പോൾ എന്തൊക്കെ ചട്ടങ്ങളാണ് പാലിക്കേണ്ടത്? നൂറ്റാണ്ട് മുമ്പത്തെ കഥയല്ല ഇന്ന്. സ്‌പോർട്‌സ് കോടികളുടെ ബിസിനസാണ്. ടി.വി പണം, നിരന്തര യാത്രകൾ അങ്ങനെ പലതും. പല കായിക ഇനങ്ങളിലായി എത്രയെത്ര ടീമുകൾ. കളിക്കണോ വേണ്ടയോ എന്നതാണ് അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കുന്ന ചോദ്യം. 1919 ലെ പോലെ സ്‌പോർട്‌സ് തിരിച്ചുവരിക തന്നെ ചെയ്യുമെന്നതാണ് ചരിത്രം. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം സ്‌പോർട്‌സ് അതിശക്തമായി തിരിച്ചുവരിക തന്നെ ചെയ്തു. ആളുകൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരേണ്ടതുണ്ടായിരുന്നു. മനുഷ്യന്റെ അനുഭവങ്ങളാണ് സ്‌പോർട്‌സ്, മനുഷ്യ ബന്ധങ്ങളുടെ കഥയാണ് അത്. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് സമ്പർക്കവിലക്കിൽ കഴിയാനല്ല.  

Latest News