കോവിഡ്: കുവൈത്തിലും ഖത്തറിലും ഒമാനിലും മരണങ്ങള്‍

കുവൈത്ത് സിറ്റി - കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ പത്തു കൊറോണ രോഗികള്‍ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 148 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തില്‍ അസുഖം ഭേദമായ കൊറോണ രോഗികളുടെ എണ്ണം 5,747 ആയി ഉയര്‍ന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ 232 പേര്‍ കൂടി രോഗമുക്തി നേടിയതോടെയാണിത്. കുവൈത്തില്‍ പുതുതായി 900 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 20,464 ആയി ഉയര്‍ന്നു. ഇക്കൂട്ടത്തില്‍ 192 പേര്‍ ഗുരുതരാവസ്ഥയിലാണ്.
ഖത്തറില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 1,732 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും രണ്ടു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഖത്തറില്‍ ഇതുവരെ 42,213 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് 21 കൊറോണ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ കൊറോണ രോഗികളില്‍ 177 പേര്‍ ഗുരുതരാവസ്ഥയിലാണ്. 8,513 പേര്‍ രോഗമുക്തി നേടി.
ഒമാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 463 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 7,257 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 210 പേര്‍ ഒമാനികളും 253 പേര്‍ വിദേശികളുമാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ ഒരു കൊറോണ രോഗി കൂടി മരണപ്പെട്ടതോടെ ഒമാനില്‍ കൊറോണ മരണങ്ങള്‍ 35 ആയി. രാജ്യത്ത് 1,848 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 360 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 366 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ ആകെ 8,774 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 12 പേര്‍ മരണപ്പെട്ടു. 4,462 പേരുടെ അസുഖം ഭേദമായി. എട്ടു പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്. ബഹ്‌റൈനില്‍ പുതുതായി കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

Latest News