Sorry, you need to enable JavaScript to visit this website.

ഡോ. പി.കെ. അബ്ദുൽ ഗഫൂർ  അനാവരണം ചെയ്യപ്പെടാത്ത നവോത്ഥാന നായകൻ

ഇന്ന് എം.ഇ.എസ് സ്ഥാപക പ്രസിഡന്റ് ഡോ. പി.കെ. അബ്ദുൽ ഗഫൂർ സാഹിബിന്റെ  മുപ്പത്താറാം ചരമ വാർഷികം 

കേരളത്തിന്റെ, വിശിഷ്യാ  മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ദീപം തെളിച്ചവരിൽ  പ്രഥമ സ്ഥാനത്ത് വരേണ്ട പേര്  ഡോ. പി.കെ. അബ്ദുൽ ഗഫൂർ എന്നാണ്. എന്നാൽ  ആ യാഥാർത്ഥ്യം ഇന്നും  ഔദ്യോഗികമായി  രേഖപ്പെടുത്തപ്പെട്ടിട്ടില്ല  എന്നത് സമുദായത്തിന്റെ പൊതുവെയും ഓരോ എം.ഇ.എസ് പ്രവർത്തകന്റെ പ്രത്യേകിച്ചുമുള്ള  തീരാദുഃഖമാണ്.
ഡോ.അബ്ദുൽ ഗഫൂർ സാഹിബ്, മെഡിക്കൽ രംഗത്തെ അതികായൻ.. ഏതൊരു ഡോക്ടറെയും  മോഹിപ്പിക്കുന്ന  എം.ആർ.സി.പി  എഫ്.ആർ.സി.പി തുടങ്ങിയ വിശിഷ്ട  അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഭിഷഗ്വരൻ, എഴുത്തുകാരൻ, വാഗ്മി, കായിക താരം. നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ഗഫൂർ സാഹിബ് അലീഗഢ് മുസിലിം യൂനിവേഴ്‌സിറ്റിയിലെയും കേരള യൂനിവേഴ്‌സിറ്റിയിലെയും അത്‌ലറ്റിക്‌സ് ചാമ്പ്യനായിരുന്നു എന്നത് യാദൃഛികമല്ല. രോഗങ്ങളും രോഗികളും എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വളരെ ശ്രദ്ധേയമായി.


ദന്തഗോപുരത്തിലിരുന്ന്  സർവ സൗഭാഗ്യത്തോടെയും  ജീവിതമാസ്വദിക്കാമായിരുന്നിട്ടും  എല്ലാ സുഖലോലുപതയും തമസ്‌കരിച്ച്  സമുദായത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുവാൻ  ജീവിതം ഉഴിഞ്ഞുവെച്ച  മഹാമാനുഷി. സ്വസമുദായത്തിൽ  നിന്നും നേരിട്ട  മത യാഥാസ്ഥിതികത്വം  ഉൾപ്പെടെയുള്ള  എതിർപ്പുകളെ  സധൈര്യം നേരിട്ട്  സമുദായത്തിന്റെ  വിദ്യാഭ്യാസ  പുരോഗതിക്കായി പട നയിച്ച തേരാളി.  പടിയത്ത് മനപ്പാട്ട് കൊച്ചു മൊയ്തീൻ ഹാജിയുടെയും  കറുകപ്പാടത്ത് കുഞ്ഞാച്ചുമ്മയുടെയും   മകനായി  1929 ഡിസംബർ 25 ന് ജനനം.  കേരളത്തിന്റെ സർവതോമുഖ  പുരോഗതിക്ക്   ഡോ. പി.കെ.അബ്ദുൽ ഗഫൂർ വഹിച്ച പങ്ക് വളരെ  വലുതാണ്.  എഴുപതുകളിൽ മലയാളികളുടെ  വിദേശ കുടിയേറ്റം  ശക്തി പ്രാപിക്കുകയും  എം.ഇ.എസ് സ്ഥാപനങ്ങളിലെ  പൂർവ വിദ്യാർത്ഥികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി നേടുകയും ചെയ്തു. ഇവർ  കേരളത്തിലേക്ക്   വിദേശനാണ്യം അയക്കുവാൻ തുടങ്ങിയ  ശേഷമാണ് നമ്മുടെ നാട്  പ്രത്യേകിച്ചും മലബാർ  പതുക്കെ  അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങുന്നത്.  മലബാറിന്റെ മുന്നേറ്റത്തിന് അടിത്തറ പാകിയത് വിദ്യാഭ്യാസവും  ഗൾഫ് പണവുമാണെന്ന   വസ്തുത മറച്ചുപിടിക്കാനാവില്ല. ഇത് സാധ്യമാക്കിയതിൽ  എം.ഇ.എസിനും  ഡോ.പി.കെ.അബ്ദുൽ ഗഫൂറിനുമുള്ള പങ്ക് മറച്ചുപിടിക്കുവാൻ ശ്രമിക്കുന്നത് സൂര്യനെ കുടപിടിച്ചു മറക്കാൻ ശ്രമിക്കുന്നതു  പോലെയാണ്. എന്നിട്ടും എന്തേ,  കേരളത്തിന്റെ നവോത്ഥാന നായകരുടെ കൂട്ടത്തിൽ  ഡോ. പി.കെ.അബ്ദുൽ ഗഫൂർ വായിക്കപ്പെടാതെ  പോകുന്നത് എന്നത്  നീതീകരിക്കാനാവില്ല.  കേരള ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ  നിരവധി   ചരിത്ര സത്യങ്ങളിൽ  മറ്റൊന്നാവരുത് ഈ  അതുല്യ വ്യക്തിത്വം.


ഡോ. ഗഫൂർ അമ്പത്തഞ്ച് വയസ്സ് പോലും പൂർത്തിയാവാതെ നമ്മോട് വിട പറയുമ്പോൾ നമുക്ക് കൈമാറിയ ദീപശിഖ ഇന്നും നമ്മുടെ മനസ്സിൽ തീഗോളം പോലെ ജ്വലിച്ചു നിൽക്കുന്നു. നമ്മെ ഇന്നും മുന്നോട്ട് നയിക്കുന്ന ഉൾക്കരുത്ത് മറ്റൊന്നല്ല. ഒരു സമൂഹത്തിന്റെ വളർച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന  ചുവരെഴുത്ത് മുൻകൂട്ടി വായിക്കുകയും  അതിനനുസൃതമായി 
സമുദായത്തെ  സജ്ജമാക്കുവാൻ  സമുദായാംഗങ്ങളിൽ  ശുഭാപ്തി വിശ്വാസം  കുത്തിവെക്കുകയും ചെയ്ത  ക്രാന്തദർശിയായ  ഡോക്ടർ. 
ഒരിക്കൽ കണ്ടാൽ വീണ്ടും കാണണമെന്ന് തോന്നുന്ന  വശ്യ വ്യക്തിത്വത്തിന് ഉടമ, പ്രതിസന്ധികളെ പുഞ്ചിരിയോടെ  നേരിടുന്ന ആ വ്യക്തിത്വം ഇഹലോകത്ത് ത്യജിച്ച സിംഹാസനം പരലോകത്ത്  ദൈവപ്രീതിയായി  മാറട്ടെ.
സമുദായത്തിന്റെ വളർച്ചയുടെ സ്വപ്‌നക്കൂട് കൂട്ടിയ ഈ  മഹാപ്രതിഭ   കനലടങ്ങാത്ത മനസ്സുമായി  1964 ൽ എം.ഇ.എസിന് രൂപം നൽകുവാൻ ചുക്കാൻ പിടിച്ചു.  എം.ഇ.എസിന്റെ സ്ഥാപക പ്രസിഡന്റായ അദ്ദേഹം സമുദായത്തിലെ   അന്ധവിശ്വാസങ്ങൾക്കും  അനാചാരങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. അദ്ദേഹം നാടിന്റെ  ഓരോ മുക്കിലും മൂലയിലും യാത്ര ചെയ്ത് മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ നേരിട്ട് മനസ്സിലാക്കി.  അറബി മലയാളവും പള്ളി ദർസുകളുമായി   ഒതുങ്ങിക്കൂടിയ സമുദായത്തിലെ മഹാഭൂരിപക്ഷം ആളുകളും ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പടിക്ക് പുറത്തു നിർത്തിയ കാലം. ചില പണ്ഡിതന്മാർ ഇംഗ്ലീഷ് ഹറാം ആക്കുക പോലും ചെയ്തു. ഈ സാമൂഹ്യ സാഹചര്യത്തിലാണ് ഡോ. അബ്ദുൽ ഗഫൂർ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരകനായി  ഇറങ്ങിപ്പുറപ്പെടുന്നത്. എഡിൻബർഗ് യൂനിവേഴ്‌സിറ്റിയിൽ നിന്നും ഡി.ടി.എം.എച്ച് കരസ്ഥമാക്കിയ ഗഫൂർ ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വലുതായിരിക്കുമെന്ന് തിരിച്ചറിഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം  സ്‌കൂളുകളും കോളേജുളും മറ്റു ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുവാൻ നേതൃത്വം നൽകി.  സമുദായ നേതാക്കളെ നേരിൽ കണ്ട് സഹായമാഭ്യർഥിച്ചു. മുസ്‌ലിം സമുദായത്തിൽ ആധുനിക ആശയങ്ങൾ വെച്ചു പുലർത്തിയിരുന്ന, ഖുർആൻ മലയാളത്തിലേക്ക് ആദ്യമായി മൊഴിമാറ്റം ചെയ്ത സമുദായ  പരിഷ്‌കർത്താവായിരുന്നു സി.എൻ. അഹമ്മദ് മൗലവി. അദ്ദേഹം സ്ഥാപക പ്രസിഡന്റായി 1965 ൽ രൂപീകരിച്ച  ഏറനാട് എജ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് മമ്പാട് കോളേജിന് തുടക്കമിട്ടത്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ആ കാലത്ത്, സമുദായ നേതാക്കൾക്ക്  സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ സാധിക്കാതെ വന്നു. അധ്യാപക അനധ്യാപകർക്ക് ശമ്പളം പോലും നൽകാനാവാതെ  വന്നപ്പോൾ  സ്ഥാപനം അടച്ചു പൂട്ടുകയല്ലാതെ വഴിയില്ല എന്ന അവസ്ഥ. ഈ സമയത്താണ് 


മൗലവി ഡോ. ഗഫൂറിനെ ബന്ധപ്പെട്ട് സ്ഥാപനം എം.ഇ.എസ് ഏറ്റെടുത്തു നടത്തണമെന്ന് അഭ്യർത്ഥിക്കുന്നത്. നഷ്ടത്തിൽ നട്ടം തിരിയുന്ന ഒരു സ്ഥാപനം ഏറ്റെടുക്കുന്നതിനോട് എം.ഇ.എസ് നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. വോട്ടിനിട്ട് തീരുമാനം കൈക്കൊള്ളാമെന്ന് വെച്ചപ്പോൾ  ഇരുപക്ഷത്തും തുല്യ വോട്ടുകൾ!! ഡോ.ഗഫൂർ സധൈര്യം തന്റെ കാസ്റ്റിങ് വോട്ട് കോളേജ് ഏറ്റെടുക്കുന്നതിന് അനുകൂലമായി വിനിയോഗിച്ചു. ഇത് ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. ഇന്ന് മലപ്പുറം ജില്ലയിലെ  ഏക  സ്വയംഭരണ കോളേജായി അഭിമാനപൂർവം നാം ഉയർത്തിക്കാണിക്കുന്ന  ഡോ.ഗഫൂർ മെമ്മോറിയൽ എം.ഇ.എസ് മമ്പാട് കോളേജ് ഡോ.പി.കെ.അബ്ദുൽ ഗഫൂർ എന്ന അപൂർവ  വ്യക്തിത്വത്തിന്റെ  അവസരോചിത ഇടപെടലിന്റെ സൃഷ്ടിയാണ്. അദ്ദേഹത്തിന്റെ  ഇത്തരം ഇടപെടലുകളാണ്  എം.ഇ.എസ് പൊന്നാനി കോളേജ്, കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ്  തുടങ്ങിയ പല എം.ഇ.എസ് സ്ഥാപനങ്ങളുടെയും സംസ്ഥാപനത്തിനും ഇന്ധനമയത്.
എം.ഇ.എസ് കെട്ടിപ്പടുക്കുന്നതിന്റെ  ഭാഗമായി  ബോംബെ, ദൽഹി, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിൽ അന്തർദേശീയ വിദ്യാഭ്യാസ സമ്മേളനങ്ങൾ  നടത്തുവാൻ ഡോ.ഗഫൂർ  തയാറായി. ഇതിലൂടെ  എം.ഇ.എസിന്റെ പ്രശസ്തി അന്തർദേശീയ തലങ്ങളിൽ എത്തിച്ചു.


പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഷ്ട്രപതിമാരായ ഫക്രുദ്ദീൻ അലി അഹമ്മദ്, ഗ്യാനി സെയിൽ സിംഗ് തുടങ്ങിയ  നേതാക്കന്മാർ  എംഇ.എസ് കോൺഫറൻസുകളിൽ പങ്കെടുത്തു എന്നത്  ഡോ.ഗഫൂറിന്റെ സംഘടനാ പാടവത്തിന്റെ തൊപ്പിയിലെ പൊൻതൂവലുകളാണ്. റാബിത്ത പോലുള്ള നിരവധി അന്തർദേശീയ സമിതികളിലും ഡോ.ഗഫൂർ അംഗമായിരുന്നു. ഡോ.ഗഫൂറിന്റെ  സ്വപ്‌നങ്ങൾക്ക്  നിറം പകരാൻ കൂടെ നിന്ന ഒരുപാട് മഹദ് വ്യക്തിത്വങ്ങളുണ്ട്. അവരിൽ പ്രൊഫ.സി.എ.അബ്ദുൽ സലാമിന്റെ പേര് പരാമർശിക്കാതെ പോകുന്നത് ഗുരു നിന്ദയാകും. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക  പുരോഗതിക്കായി ഡോ.ഗഫൂർ നടത്തിയ പോരാട്ടങ്ങൾക്ക് കളമൊരുക്കുന്നതിൽ മുൻപന്തിയിൽ നിന്ന പ്രമുഖരിൽ ഒരാളാണ്  പ്രൊഫ.സി.എ.അബ്ദുൽ സലാം സാഹിബ്. കോഴിക്കോട് സർവകലാശാല സ്ഥാപിക്കുന്നതിലും ഡോ. ഗഫൂർ നിർണായക പങ്കു വഹിച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിന്റെ അനുഗ്രഹാശിസ്സുകളോടെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന  സി.എച്ച് മുഹമ്മദ് കോയ ് ബീജാവാപം നൽകിയ യൂനിവേഴ്‌സിറ്റിയാണ്  മലബാറിന്റെ ഉന്നത വിദ്യാഭ്യാസത്തിന് ഊടും പാവും തീർത്തത്. യൂനിവേഴ്‌സിറ്റിയുടെ സംസ്ഥാപനം യാഥാർത്ഥ്യ മാക്കുവാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച ഇരുപത്തിരണ്ടംഗ വിദഗ്ധ സമിതിയിൽ അദ്ദേഹവും  അംഗമായിരുന്നു. സി.എച്ച്.മുഹമ്മദ് കോയ ഉൾപ്പെടെയുള്ള പ്രഗൽഭ നേതാക്കന്മാരുടെയും മുസ്‌ലിം സമുദായത്തിലെ അനവധി മഹാമനസ്‌കരുടെയും സ്‌നേഹവും സഹായ സഹകരണവും ഡോ.ഗഫൂറിന്റെ കരങ്ങൾക്ക് കരുത്തേകി. ഇനിയും പേരുകൾ കുറിച്ചാൽ നിർബന്ധമായും ചേർക്കേണ്ട  ഒരെണ്ണമെങ്കിലും വിട്ടുപോകുന്നത് അവിവേകമാകുമെന്നതിനാൽ അതിനു മുതിരുന്നില്ല.


നിശ്ചയദാർഢ്യത്തോടെ ഡോ.ഗഫൂർ ഏറ്റെടുത്ത ദൗത്യം  പിന്നീട് വന്ന  എം.ഇ.എസ് നേതാക്കളും  പിന്തുടർന്നു. ആധുനിക  കാലത്തിന്റെ  വെല്ലുവിളികളെ നേരിട്ട് ഇന്ന് എം.ഇ.എസ് സ്ഥാപനങ്ങൾ  സർവസജ്ജമായി  തലയുയർത്തി നിൽക്കുന്നത്  എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ സാഹിബിന്റെ കരുത്തുറ്റ നേതൃത്വത്തിൻ  കീഴിലാണ്. നമ്മുടെ ഓരോ സ്ഥാപനവും മികവിന്റെ കേന്ദ്രമായി മാറ്റുവാൻ  നമുക്ക് സാധിച്ചു. ഈ സ്ഥാപനങ്ങൾ  എം.ഇ.എസിന്റെ മുദ്ര പേറുന്നതിന്റെ പിന്നിൽ ഡോ.പി.കെ.അബ്ദുൽ ഗഫൂർ എന്ന അസാധാരണ മനുഷ്യന്റെ കൈയൊപ്പ് ഉണ്ടെന്ന് എപ്പോഴും ഓർക്കുന്നത്   വലിയ ഊർജമാണ് നമുക്ക്  നൽകുക. കേരള സർക്കാർ വൈകാതെ ഡോ.പി. കെ.അബ്ദുൽ ഗഫൂറിന്റെ പേര്  കേരള നവോത്ഥാന നായകരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന  പ്രത്യാശയോടെ...

(എം.ഇ.എസ് മലപ്പുറം ജില്ലാ പ്രവർത്തക സമിതി അംഗമാണ് ലേഖകൻ)

Latest News