ന്യൂദല്‍ഹി- അന്താരാഷ്ട്ര വിമാന സര്‍വീസ് ഓഗസ്റ്റിന് മുമ്പ് തുടങ്ങാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വന്ദേഭാരത് മിഷനിലൂടെ 25 ദിവസത്തിനിടെ വിദേശരാജ്യങ്ങളില്‍നിന്ന് 50,000 പേരെ രാജ്യത്ത് എത്തിക്കാനായെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യസേതു ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുന്നവരെ കോവിഡ് ക്വാറന്റൈന്‍ ചെയ്യേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ലക്ഷണങ്ങളില്ലാത്ത ആഭ്യന്തര യാത്രക്കാരെ കരുതല്‍ നിരീക്ഷണത്തില്‍ അയക്കേണ്ട കാര്യമില്ല. ആര്‍ക്കെങ്കിലും ആരോഗ്യ സേതു ആപ്പുണ്ടെങ്കില്‍ അതു പാസ്‌പോര്‍ട്ട് പോലെയാണെന്നും ആഭ്യന്തര യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര വിമാന യാത്രക്കാരോട് സ്വീകരിക്കേണ്ട രീതി സംബന്ധിച്ച് വ്യോമയാന മന്ത്രാലയം വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുട്ടിണ്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്കാണ് നിരീക്ഷണം ആവശ്യമില്ലാത്തതെന്നും വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തെ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന് നേരത്തെ വ്യക്തമായ നിര്‍ദേശം നല്‍കിയതാണെന്നും മന്ത്രി ചോദ്യത്തിനു മറുപടി നല്‍കി.
മേയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ആഭ്യന്തര യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കൊഴികെ യാത്രക്ക് ആരോഗ്യ സേതു നിര്‍ബന്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ആരോഗ്യ സേതു ആപ്പ് ഇല്ലാത്തര്‍ എയര്‍പോര്‍ട്ടിലെ പ്രത്യേക കൗണ്ടറില്‍ ചെന്നാല്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാക്കി. ഫോണുകളില്‍ ഏതെങ്കിലും കാരണത്താല്‍ ആരോഗ്യ സേതു ആപ്പ് ഇല്ലെങ്കില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ വിമാനത്തില്‍ കയറുന്നതില്‍നിന്ന് തടയില്ലെന്നും പറയുന്നു.
വിമാനയാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കാനാവില്ലെന്നാണ് വ്യോമയാനമന്ത്രിയുടെ നിലപാട്. മുതിര്‍ന്ന പൗരന്‍മാരെ വിലക്കാനാവില്ലെന്നും ആരോഗ്യമുള്ളവര്‍ക്ക് യാത്രസൗകര്യം ഒരുക്കുമെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ആഭ്യന്തരവിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാനങ്ങളുടെ നിര്‍ദേശം പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം തള്ളിയിട്ടുണ്ട്.
കോവിഡ് ഏറ്റവുമധികം പടരുന്ന മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സര്‍വീസ് ഇപ്പോള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും സര്‍വീസ് അനുവദിക്കുന്നതോടെ വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവെക്കുകയും ചെയ്തത്.
ആദ്യഘട്ടത്തില്‍ മൂന്നിലൊന്ന് ആഭ്യന്തര സര്‍വീസുകളാണ് തുടങ്ങുന്നത്. ബോര്‍ഡിംഗ് പാസടക്കം ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. കൗണ്ടര്‍ ചെക്കിന്‍ ഉണ്ടാകുകയില്ല. പകരം വെബ് ചെക്കിംഗിലൂടെ ആളുകളെ കടത്തിവിടും.






