Sorry, you need to enable JavaScript to visit this website.

സൗദി ജയിലിൽനിന്ന് 30 മലയാളികളടക്കം 210 തടവുകാരെ ശനിയാഴ്ച ഇന്ത്യയിലെത്തിക്കും

റിയാദ്- റിയാദിലെയും ദമാമിലെയും തർഹീലുകളിൽ കഴിയുന്ന 210 പേരെ ഇന്ന് (ശനി) റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകും. റിയാദ് തർഹീലിൽ നിന്നുള്ള 150 പേരും ദമാം തർഹീലിൽ നിന്നുള്ള 60 പേരുമാണ് വിമാനത്തിലുണ്ടാവുക. ഇവരിൽ 30 ഓളം പേർ മലയാളികളാണ്.
കാലത്ത് ഒമ്പത് മണിക്കാണ് വിമാനം പുറപ്പെടുകയെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. കഴിഞ്ഞ ജനുവരി മുതൽ തൊഴിൽ, താമസ നിയമലംഘനത്തിന് പിടിയിലായ ഇവർക്ക് സൗദി സർക്കാറാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നൽകുന്നത്. നിലവിൽ 400 ലധികം ഇന്ത്യക്കാരാണ് സൗദിയിലെ വിവിധ തർഹീൽ കേന്ദ്രങ്ങളിലുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനസർവീസ് റദ്ദാക്കിയതിനെ തുടർന്നാണ് ഇവരുടെ ഇന്ത്യയിലേക്കുള്ള യാത്ര തടസ്സപ്പെട്ടത്. അതിനിടെ പലപ്പോഴായി ഇവരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ കേന്ദ്രസർക്കാറിന്റെ അനുമതി ലഭിക്കാത്തതിനാൽ യാത്ര അനിശ്ചിതമായി നീണ്ടു. കഴിഞ്ഞ ദിവസമാണ് ഈ സർവീസിന് അനുമതി ലഭിച്ചത്. അടുത്ത സർവീസിൽ ബാക്കിയുള്ളവരെ കൂടി നാട്ടിലെത്തിക്കും.

വാർത്തകൾ തൽസമയം  വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ദമാം തർഹീലിലെ 30 പേരെയും റിയാദിലേക്ക് കൊണ്ടുവന്ന് ഒറ്റവിമാനത്തിലാണ് യാത്ര. ഇവരിൽ പാസ്‌പോർട്ടില്ലാത്തവർക്കെല്ലാം എംബസി ഇന്നലെ ഔട്ട് പാസുകൾ വിതരണം ചെയ്തു.  കോവിഡ് വ്യാപനം ആരംഭിച്ചത് മുതൽ ഏതാനും പേരെ തർഹീലിൽ നിന്ന് ജാമ്യത്തിൽ വിട്ടിരുന്നു. ഇവർക്കും ഈ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചിട്ടുണ്ട്.
അതേസമയം ഹൈദരാബാദിലെത്തുന്ന ഇന്ത്യക്കാർക്ക് എന്ത് സൗകര്യമാണ് ലഭ്യമാകുകയെന്ന് ഇപ്പോഴും വ്യക്തമല്ല. വിവിധ സംസ്ഥാനക്കാരായ ഇവർക്ക് അവരുടെ നാടുകളിൽ എത്തിച്ചേരാനുള്ള സൗകര്യങ്ങൾ ഹൈദരാബാദിലെത്തിയ ശേഷമേ അറിയുകയുള്ളൂ.

 

Latest News