ലോക്ക്ഡൗണ്‍ കൊണ്ട് കാര്യമുണ്ടായില്ലെന്ന് രാഹുല്‍ഗാന്ധി

ന്യൂദല്‍ഹി- രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയത് കൊണ്ട് ഗുണമുണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണിന് നമുക്ക് രണ്ട് ഉദ്ദേശമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണവിധേയമാക്കുകയും വൈറസ് വ്യാപനം തടയലുമായിരുന്നു അത്. പക്ഷേ വൈറസ്ബാധ കൂടുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വേണ്ടത്ര ആലോചനയില്ലാതെയാണ് ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. അതുകൊണ്ടാണ് ഫലമില്ലാതെ പോയതെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. ലോക്ക്ഡൗണ്‍ ജനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിയത്. എന്നാല്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 7500 രൂപ വീതം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കുടിയേറ്റ തൊഴിലാളികളെയും ചെറുകിട-ഇടത്തരം വ്യവസായ മേഖലയില്‍ പണിയെടുക്കുന്നവരെയും സഹായിക്കാനോ റേഷന്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ ലോക്ക്ഡൗണ്‍ വിപരീത ഫലമാണ് നല്‍കുകയെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജുകള്‍ സ്വീകാര്യമല്ല.ആളുകള്‍ക്ക് വായ്പകളല്ല സഹായമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News