കൊല്ലം- അമ്മയുടെ അവസാന വാക്കുകള്‍ പിങ്കിയുടെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നു. ക്ഷീണിച്ച ശബ്ദത്തില്‍, എന്തോ അപകടസൂചനപോലെ ആ വാക്കുകള്‍. ആംബുലന്‍സിന് കാത്തിരിക്കുന്നു.. ചെറിയൊരു പനിയുണ്ട് മോളെ...പിന്നെ വിളിക്കാമെന്ന പറഞ്ഞ് ലാലി ഫോണ്‍വെച്ചു. പിന്നീടൊരിക്കലും ആ വിളിയെത്തിയില്ല.
റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ച നഴ്‌സ് ലാലിയുടെ മകള്‍ പിങ്കിക്ക് താങ്ങാനാവാത്തതാണ് ഈ വേര്‍പാട്. തിരുവനന്തപുരത്ത് അക്കൗണ്ടിംഗ് ബിരുദകോഴ്‌സിന് പഠിക്കുകയാണ് പിങ്കി. ഒരു വര്‍ഷം മുന്‍പ് വരെ മാതാപിതാക്കളോടൊപ്പം സൗദി അറേബ്യയിലായിരുന്നു. 20 വര്‍ഷത്തിലേറെയായി കുടുംബം സൗദിയിലാണ്.
ആംബുലന്‍സിന് കാത്തിരുന്നെങ്കിലും എത്തിയില്ല. അതിനാല്‍ ആശുപത്രിലേക്കു ലാലിക്കു പോകാനായില്ല. ഭര്‍ത്താവ് തോമസ് പണിക്കരെയും ഏക മകള്‍ പിങ്കിയെയും തനിച്ചാക്കി ലാലി യാത്രയായി. കോവിഡ് കവര്‍ന്ന ജീവനുകളില്‍ ഒന്നുകൂടി.
കൊട്ടാരക്കര എഴുകോണ്‍ കാരുവേലില്‍ മണിമംഗലത്ത് ഹൗസില്‍(പിങ്കി വില്ല) തോമസ് പണിക്കറിന്റെയും ലാലിയുടെയും ഏക മകളായ പിങ്കി എന്ന മറിയാമ്മ തോമസ് അമ്മ പോയ വിവരം ആദ്യം അറിഞ്ഞില്ല. അമ്മയെ ഫോണില്‍ പലവട്ടം വിളിച്ചു. റിയാദില്‍ അമ്മക്കൊപ്പമുള്ള പപ്പയുടെ ഫോണും കിട്ടുന്നില്ല.
കുണ്ടറയ്ക്കു സമീപം മുത്തശ്ശിക്കൊപ്പം കഴിയുന്ന പിങ്കി അസ്വസ്ഥയായാണ് ആ രാത്രി കഴിച്ചുകൂട്ടിയത്. രാവിലെ പ്രാര്‍ഥനക്കായി എഴുകോണിലെ സ്വന്തം വീട്ടിലേക്ക് പിങ്കിയെ കൂട്ടിക്കൊണ്ടു വന്നു. വെള്ളപ്പുതപ്പ് വിരിച്ച കട്ടിലില്‍ അമ്മയുടെ വലിയൊരു ചിത്രം. കത്തിച്ച മെഴുകുതിരിക്കു മുന്നില്‍ വാവിട്ട് കരഞ്ഞ് ഉറ്റവര്‍. പിങ്കി പൊട്ടിത്തകര്‍ന്നു. അമ്മ ഇനിയില്ലെന്ന് അവള്‍ക്ക് മനസ്സിലായി.
ജോലിത്തിരക്കിനിടയിലും ദിവസം അഞ്ച് തവണയെങ്കിലും മകളോട് സംസാരിക്കാന്‍ ലാലി സമയം കണ്ടെത്തിയിരുന്നു. അവധിക്കാലത്ത് പിങ്കിയെ ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ വിസയുമെടുത്തിരുന്നു. വിമാന സര്‍വീസുകള്‍ മുടങ്ങിയതിനാല്‍ അത് നടന്നില്ല.