മലപ്പുറത്തിന്റെ  മിനി ഊട്ടി  കൊടികുത്തി മല

 കൊടികുത്തിമലയുടെ മുകളിൽ നിന്നുള്ള ദൂരക്കാഴ്ച
കൊടികുത്തി മലയിൽ എത്തിയ ട്രക്കിങ് സംഘം.
കൊടികുത്തിമലയിൽ അവധി ദിനങ്ങളിലെ സന്ദർശകരുടെ തിരക്ക്.
കൊടികുത്തി മല വാച്ച് ടവർ.
കൊടികുത്തിമലയിൽ അവധി ദിനങ്ങളിലെ സന്ദർശകരുടെ തിരക്ക്.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽനിന്നും എട്ട് കിലോമീറ്റർ അകലെയായി സമുദ്ര നിരപ്പിൽ നിന്നും ആയിരത്തി എഴുനൂറ്റി പതിമൂന്നു അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തി മല ജില്ലയിലെ എന്ന് മാത്രമല്ല സംസ്ഥാനത്തെ തന്നെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായി   വളർന്നു കഴിഞ്ഞ സ്ഥലമാണ്.  താഴേക്കോട്,  അരക്കുപറമ്പ്,  വെട്ടത്തൂർ വില്ലേജുകളുടെ സംഗമ കേന്ദ്രമാണ് ഇവിടം.  അമ്മിനിക്കാടൻ മല നിരകളിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഈ ഭാഗത്തുനിന്നും നോക്കിയാൽ  ചെറു മടക്കുകളായി സ്ഥാപിക്കപ്പെട്ട നിലയിലുള്ള ചെറു താഴ്‌വരയുടെ 
ഹരിതാഭ കാഴ്ചതന്നെ വളരെ മനോഹാരിത നിറഞ്ഞതാണ്. കൊടികുത്തിയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന വാച്ച് ടവറിൽനിന്നും നോക്കിയാൽ ഇരുപത് കിലോമീറ്റർ പരിധിയിൽ ഉള്ള മലപ്പുറം-പാലക്കാട് ജില്ലാ അതിർത്തി പ്രദേശങ്ങളുടെ നയനാനന്ദകരമായ കാഴ്ചകൾ ആസ്വദിക്കുവാൻ സാധിക്കും.   സംസ്ഥാന ടൂറിസം വകുപ്പ് നിർമിച്ച വാച്ച് ടവർ, വനവിജ്ഞാന കേന്ദ്രം, ചെക്ക് ഡാം  എന്നിവ നവീകരിച്ചു സഞ്ചാരികൾക്ക് കൂടുതൽ ഉപയോഗപ്രദമായ നിലയിൽ നിൽക്കുന്നു. ഏകദേശം രണ്ടു ദശാബ്ദങ്ങളായി സംസ്ഥാനത്തെ പ്രധാന  ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി കൊടികുത്തിമല വളർന്നു കഴിഞ്ഞു.  
ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സർവേയുടെ ഭാഗമായി അവർ സ്ഥാപിച്ച  ഒരു ബ്രിട്ടൻ പതാകയെ ആധാരപ്പെടുത്തിയാണ് ഇതിനു 'കൊടികുത്തി മല ' എന്ന നാമകരണം ലഭിച്ചത്.  വനം വകുപ്പ് സ്ഥലം ഏറ്റെടുത്തതിനുശേഷം കോടികൾ മുടക്കിയുള്ള വൻ പദ്ധതികളാണ് ഇവിടെ ആരംഭിച്ചിട്ടുള്ളത്. ഏകദേശം എഴുപത് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വലിയ വിനോദ സഞ്ചാര പദ്ധതികൾക്കാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പും  വനം വകുപ്പും പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.  
കൊടികുത്തി മലയിലേക്കുള്ള ട്രക്കിങ് എന്നത് വളരെ സാഹസികവും  അതിലേറെ ആനന്ദകരവുമായ ഒന്നാണ്. ട്രക്കിങ് തല്പരരായ ധാരാളം യുവാക്കളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായി കൊടികുത്തി മാറിക്കഴിഞ്ഞു. 
വാരാന്ത്യങ്ങളിലും ഒഴിവു ദിനങ്ങളിലും സമീപ പ്രദേശങ്ങളിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി ധാരാളം വിനോദ സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു. ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ കൊടികുത്തി അതിന്റെ ഏറ്റവും വശ്യസുന്ദരമായ കാഴ്ചകളാണ് നമുക്ക് നൽകുന്നത്.
ആയിരങ്ങൾ ചെലവഴിച്ചു അന്യ സംസ്ഥാനങ്ങളിൽ നാം പോവുന്ന  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേതിനേക്കാൾ എന്തുകൊണ്ടും ലാഭകരവും, ആസ്വാദ്യകരവുമായ ഒരു വിനോദ യാത്ര നിങ്ങൾക്ക് ഉറപ്പ് നൽകുന്ന ഒന്നാണിത്. 
പ്രകൃതി കനിഞ്ഞുനൽകിയ മനോഹര കാഴ്ചകളുമായി കൊടികുത്തിയെ ഏറ്റവും ആസ്വാദ്യകരമാക്കുന്നത് സെപ്റ്റംബർ മുതൽ ഏപ്രിൽ വരെ മാസങ്ങളിലാണ്.  


 

Latest News