Sorry, you need to enable JavaScript to visit this website.

ജൂൺ 15 മുതൽ വാണിജ്യ വിമാനങ്ങൾക്ക്  അനുമതി; വാർത്ത നിഷേധിച്ച് കുവൈത്ത്‌

കുവൈത്ത്‌സിറ്റി- വാണിജ്യവിമാനങ്ങൾക്ക് അടുത്തമാസം 15 മുതൽ കുവൈത്ത് ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ അനുമതി നൽകിയേക്കുമെന്ന വാർത്ത നിഷേധിച്ച് കുവൈത്ത് സിവിൽ ഏവിയേഷൻ. സത്യവാങ്മൂലം തയാറാക്കി ഇതിനോടകം 300 ഓളം കുവൈത്തികൾ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന വാർത്തയും ഏവിയേഷൻ അധികൃതർ നിരാകരിച്ചു. സവിശേഷ സാഹചര്യങ്ങളിൽ വളരെ കുറച്ച് പേർ മാത്രമാണ് യാത്ര ചെയ്തുവെന്നുള്ളത് വാസ്തവമാണ്. നേരത്തെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും ജൂൺ പകുതിയോടെ വാണിജ്യ വിമാന സർവീസുകൾ നടത്തുമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, കുവൈത്ത് മന്ത്രിസഭ സമർപ്പിക്കുന്ന ഏതൊരു പദ്ധതിക്കും സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ തയാറാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ സാലിഹ് അൽ ഫദാഗി മാധ്യമങ്ങളോട് പ്രതികരിച്ചു.


'എല്ലാ വിമാനത്താവളങ്ങളിലും കെട്ടിടങ്ങളിലും ഉപകരണങ്ങളുടെയും മറ്റും മുൻകരുതൽ അറ്റകുറ്റപ്പണി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്, അതിനാൽ 40 ശതമാനം ശേഷിയോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, ലോകത്തെ മറ്റു വിമാനത്താവളങ്ങൾ അടച്ചുപൂട്ടുമ്പോഴും കുവൈത്ത് വിമാനത്താവളം ചെറിയ ശേഷിയോടെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ചൈനയിൽ കൊറോണ വൈറസ് വ്യാപിച്ചതിന് ശേഷം എല്ലാ ആരോഗ്യ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ മുഴുവൻ കുവൈത്തികളെയും ഇതിനകം ഒഴിപ്പിച്ചു. വൈദ്യ ചികിത്സ, വിദ്യാർഥികളുടെ പരീക്ഷ തുടങ്ങിയ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും സാലിഹ് അൽഫദാഗി പറഞ്ഞു.  വിദേശികളെ മാറ്റിപ്പാർപ്പിക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യം. ഓരോ രാജ്യത്തിനും എംബസികൾ മുഖേന കുവൈത്ത് ആഭ്യന്തര, ആരോഗ്യ, മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് അപേക്ഷ സമർപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും കുവൈത്ത് ഒരുക്കിയിട്ടുണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവർക്കായി സിവിൽ ഏവിയേഷൻ ഷെഡ്യൂൾ തയാറാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 


കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രതിദിനം 20 വിമാനങ്ങൾ എന്ന നിലയിൽ കാർഗോ വിമാനങ്ങൾ സേവനം നടത്തുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, അടിസ്ഥാന ചരക്കുകൾ എന്നിവയാണ് ഈ വിമാനങ്ങളിലൂടെ കൊണ്ടുപോകുന്നതെന്നും അൽഫദാഗി വിശദീകരിച്ചു.
പ്രത്യേക കേസുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് നിരവധി എയർലൈനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ വിദേശകാര്യമന്ത്രാലയം അനുമതി ലഭിക്കുമെന്നും അൽ ഫദാഗി വെളിപ്പെടുത്തി. ആരോഗ്യ സംരക്ഷണത്തിനും സാമ്പത്തിക ചെലവുകൾ ഏറ്റെടുക്കുന്നതിനും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അവർക്ക് സൗകര്യമേർപ്പെടുത്താനും കുവൈത്ത് സിവിൽ ഏവിയേഷൻ തയാറാണെന്നും സിവിൽ ഏവിയേഷൻ ഉപമേധാവി പറഞ്ഞു. ഈ മാസം ആദ്യം മുതൽ കുവൈത്ത് പൗരൻമാരിൽ നിന്ന് ജി.സി.സി രാജ്യങ്ങളിലേക്കും, ലണ്ടൻ, അമേരിക്ക, കൈറോ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ നിരവധി അഭ്യർഥനകൾ ഏവിയേഷന് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News