കൽപറ്റ-കൊറോണ വൈറസ് ബാധയേറ്റു വയനാട്ടിൽ ചികിത്സയിലുള്ളതിൽ അഞ്ചു പേർ കൂടി രോഗമുക്തി നേടി. മാന്തവാടി ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന രണ്ട് പോലീസുകാർ, മാനന്തവാടി എടപ്പടിയിലെ രോഗബാധിതനായ ട്രക്ക് ഡ്രൈവറുടെ മകൻ, മരുമകൻ, ദുബായിൽനിന്നെത്തിയ യുവാവ് എന്നിവരുടെ കോവിഡ്-19 പരിശോധനാഫലമാണ് നെഗറ്റീവായത്. അഞ്ചു പേരും ഇന്നലെ ആശുപത്രി വീട്ടു. ഇവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയും. ജില്ലയിൽ മൂന്നു പ്രവാസികളടക്കം അഞ്ചു പേർ നേരത്തേ സുഖം പ്രാപിച്ചിരുന്നു. വൈറസ് ബാധിതരായ 11 പേരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കോവിഡ് പ്രതിരോധത്തിൻെ ഭാഗമായി ജില്ലയിൽ 3,046 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 134 പേരെ നിരീക്ഷണത്തിലാക്കി. 93 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ജില്ലയിൽനിന്നു ഇന്നലെ 64 സാംപിൾ പരിശോധനക്കു അയച്ചു. ഇതുവരെ 1,462 സാംപിലാണ് പരിശോധനയ്ക്കു വിട്ടത്. 1,282 ഫലം ലഭിച്ചതിൽ 1,259 എണ്ണം നെഗറ്റീവാണ്. 173 ഫലം ലഭിക്കാനുണ്ട്. ഇന്നലെ 81 സർവൈലൻസ് സാംപിളും പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്നു എകവട പഞ്ചായത്തിലെ 12,14,16 വാർഡുകൾ ഇന്നലെ ഒഴിവാക്കി. നിലവിൽ മാനന്തവാടി മുനിസിപ്പാലിറ്റിയും തിരുനെല്ലി പഞ്ചായത്തുമാണ് പൂർണമായും കണ്ടെയ്ൻമെന്റ് സോണിലുള്ളത്. എടവക, മീനങ്ങാടി, നെൻമേനി പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും കണ്ടെയ്ൻമെന്റ് സോണിലാണ്.