റിയാദ് - പെരുന്നാൾ ദിവസം രാവിലെ രാജ്യത്തെ മസ്ജിദുകളിലും ജുമാ മസ്ജിദുകളിലും തക്ബീർ മുഴക്കാൻ മുഅദ്ദിനുമാരെ ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ഇസ്ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. പെരുന്നാൾ ദിവസം രാവിലെ രാജ്യത്തെ മസ്ജിദുകളിലും ജുമാ മസ്ജിദുകളിലും തക്ബീർ മുഴക്കാൻ ഇസ്ലാമികകാര്യ മന്ത്രാലയം മുഅദ്ദിനുമാരെ ചുമതലപ്പെടുത്തി എന്ന നിലക്ക് ഒരു പത്രവും ചില ഓൺലൈൻ പത്രങ്ങളും സാമൂഹിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തീർത്തും വാസ്തവ വിരുദ്ധമാണെന്നും പെരുന്നാൾ ദിവസം മസ്ജിദുകളിൽ തക്ബീർ മുഴക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നിർദേശവും ഇസ്ലാമികകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വ്യാപനം തടയുന്നതിന് ജുമാ മസ്ജിദുകളിൽ സംഘടിത നമസ്കാരങ്ങൾ നിർത്തി വെച്ചിട്ടുണ്ടെങ്കിലും ഏതാനും ചില അറബ് രാജ്യങ്ങൾ പെരുന്നാൾ ദിവസം മസ്ജിദുകളിൽ തക്ബീർ മുഴക്കുന്നതിന് മുഅദ്ദിനുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മസ്ജിദുകളിൽ ബാങ്ക് വിളിക്കുന്നതിന് മുഅദ്ദിനുമാരെ സൗദി അറേബ്യയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മറ്റു ചില രാജ്യങ്ങളെ പോലെ സൗദിയിലും പെരുന്നാൾ ദിവസം മസ്ജിദുകളിൽ തക്ബീർ മുഴക്കുന്നതിന് മുഅദ്ദിനുമാരെ ഇസ്ലാമികകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകൾ പ്രചരിച്ചത്.
ഇത് ശരിയല്ലെന്നും ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും ഇസ്ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. പെരുന്നാളിന് രാവിലെ എല്ലാവരും വീടുകളിൽ വെച്ച് പെരുന്നാൾ നമസ്കാരം നിർവഹിക്കണമെന്ന് ഗ്രാന്റ് മുഫ്തി അടക്കമുള്ള പണ്ഡിതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഖുതുബ ഇല്ലാതെ പെരുന്നാൾ നമസ്കാരം മാത്രമാണ് നിർവഹിക്കേണ്ടത്.