തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് അഞ്ചു പേര്‍ക്കും കണ്ണൂരില്‍ നാലും കോട്ടയം,തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്നു പേര്‍ക്ക് വീതവും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് രണ്ടുപേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. എല്ലാവരും അടുത്തിടേ കേരളത്തില്‍ തിരിച്ചെത്തിയവരാണ്. 14 പേര്‍ വിദേശത്തുനിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുമാണ് കേരളത്തിലെത്തിയത്. യുഎഇ-8, കുവൈത്ത്-4, ഖത്തര്‍-1, മലേഷ്യ-1, മഹാരാഷ്ട്ര-5, തമിഴ്നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവര്‍ എത്തിച്ചേര്‍ന്ന സ്ഥലങ്ങള്‍.
നിലവില്‍ ചികിത്സയിലായിരുന്ന എട്ടുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതില്‍ അഞ്ചുപേര്‍ വയനാട് ജില്ലയിലാണ് ചികിത്സയിലുണ്ടായിരുന്നത്. കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ വീതവും രോഗമുക്തി നേടി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തിരിച്ചെത്തിക്കല്‍ നടപടികളെ തുടര്‍ന്നും സ്വന്തം നിലയില്‍ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തിയും 78,096 പേരാണ് സംസ്ഥാനത്ത് ഇതുവരെ തിരിച്ചെത്തിയത്. ഇതില്‍ 68,844 പേരും സംസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികള്‍ വഴി റോഡ് മാര്‍ഗ്ഗം എത്തിച്ചേര്‍ന്നവരാണ്.ഒപ്പം എയര്‍പോര്‍ട്ട് വഴി 5,495 പേരും, കടല്‍വഴി 1,621 പേരും റെയില്‍വേ വഴി 2136 പേരും തിരിച്ചെതിയവരില്‍ ഉള്‍പ്പെടുന്നു.
80,138 പേരാണ് വിവിധ ജില്ലകളിലായി ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 79,611 പേര്‍ വീട്ടിലോ മറ്റ് ക്വാറന്റൈന്‍ കേന്ദങ്ങളിലോ കഴിയുന്നു. 527 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 153 പേരെയാണ് ഇന്ന് പുതിതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.






