Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഹന്‍ലാലുമായി അടുക്കാന്‍ ചിലര്‍ സമ്മതിച്ചില്ലെന്ന് ബാലചന്ദ്രമേനോന്‍

തിരുവനന്തപുരം- നാട്ടിലെ പത്രമാധ്യമങ്ങളെല്ലാം മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തിന്റെ അറുപതാം പിറന്നാളിന്റെ ആഘോഷത്തിലാണ്. അഭിമുഖം, ചര്‍ച്ച, ഫീച്ചര്‍, ഫാന്‍സ് അസോസിയേഷനുകള്‍പോലും മാറിനില്‍ക്കുന്ന രസികര്‍ മണ്‍ട്ര പതിപ്പുകള്‍. ഈ ഘട്ടത്തില്‍ പല മാധ്യമങ്ങളും മോഹന്‍ലാലിനെക്കുറിച്ച് പറയാന്‍ തന്നെ സമീപിച്ചെന്നും താന്‍ ഒഴിഞ്ഞുമാറിയെന്നും നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.

ഏതാണ്ട് ഒട്ടു മിക്ക ചാനലുകളും സന്നദ്ധ സംഘടനകളും ഫാന്‍സ് അസോസിയേഷനുകളും കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്നെ വിളിച്ചു മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ സംബന്ധിച്ച് ഒരു മെസ്സേജ് ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ ഞാന്‍ വിനയത്തോടെ അതില്‍ നിന്നു  പിന്‍മാറി. ഒന്നാമത് മലയാള സിനിമയില്‍ മോഹന്‍ലാലുമായി ഏറ്റവും കുറച്ചു സിനിമകളില്‍ മാത്രമേ ഞാന്‍ സഹകരിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ വിരലില്‍ എണ്ണാവുന്ന മീറ്റിങ്ങുകള്‍ മാത്രമേ ഉണ്ടായിട്ടുമുള്ളൂ. ഞാനും മോഹന്‍ലാലും തിരുവനന്തപുരത്ത് പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഞങ്ങള്‍ക്കിടയില്‍ ഒരുപാടു  സുഹൃത്തുക്കള്‍ ഉണ്ടായിട്ടും ആര്‍ക്കും ഞാന്‍ മോഹന്‍ലാലുമൊത്തു ഒരു സിനിമ ഉണ്ടാകുന്നത് എന്തുകൊണ്ടോ അത്ര സുഖ പ്രദമായി  തോന്നിയിട്ടില്ല. എന്തിനു? ഇത്രയും കാലത്തിനിടയില്‍  ആഘോഷിക്കാന്‍ ഒരുപാട് ചടങ്ങുകള്‍ എനിക്കുമുണ്ടായി. ലാലിനെ പങ്കെടുപ്പിക്കാന്‍ ശ്രമങ്ങളും നടത്തി. പക്ഷെ ലാലിന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളി. ഒന്ന് രണ്ടു മീറ്റിങ്ങുകള്‍ തയാറായി വരവേ അത് തടസ്സപ്പെടുത്താന്‍ എന്റെ സിനിമാസ്‌നേഹിതര്‍ തന്നെ പാട്പാടുന്നത് കണ്ടപ്പോള്‍, ഞാന്‍ പിന്നെ ലാലിനെ പിന്തുടരാന്‍ പോയിട്ടില്ല. സിനിമയിലെ എന്റെ നിലനില്‍പ്പിനു ഞാന്‍ ആരെയും തുറുപ്പു  ചീട്ടാക്കിയിട്ടില്ല എന്നതു എന്റെ സിനിമകളുടെ  താരനിര പരിശോധിച്ചാല്‍ അറിയാം. എന്നാല്‍ ഞാനും ലാലും ഒത്ത ദിനങ്ങളില്‍ ഉണ്ടായ ഒരു സൗഹൃദത്തിന്റെ ഈറന്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.  
അമ്മയുടെ മീറ്റിങ്ങില്‍ കാണുമ്പോഴും , ആരാധകരാലും ആവശ്യക്കാരാലും ചുറ്റപ്പെട്ടു ഏവരെയും തൃപ്തിപ്പെടുത്താന്‍  ലാല്‍ പണിപ്പെടുന്നതിനിടയിലും പ്രസാദാത്മകമായ തന്റെ ചിരികൊണ്ടും ഒരു കണ്ണിറുക്ക് കൊണ്ടും ലാല്‍ എന്നെ സന്തോഷവാനാക്കും.
'ഭാവുകങ്ങള്‍ നേരുന്നു' എന്നൊരു വാക്കില്‍ തീരുന്ന മെസ്സേജ് എനിക്കൊന്നുമാവുന്നില്ല  . നിങ്ങളാരും അറിയാത്ത മോഹന്‍ലാലിന് പോലും അറിയാത്ത ഒരു രസകരമായ സംഗതിയുടെ സൂചന തരാം. 'പത്തിരുപതു'  വര്‍ഷത്തെ ദീര്‍ഘമായ പരിശ്രമം കൊണ്ടു 2012 ജൂലൈ 29 ന്  ബാര്‍ കൗണ്‍സില്‍ എന്നെ വക്കീലായി  വിളംബരം ചെയ്തു.  എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് 1981  ല്‍ ഞാന്‍ മോഹന്‍ലാലിന് വേണ്ടി വക്കീലായി  രാത്രിയും പകലുമായി പല ദിവസങ്ങളിലും പണ്ഡിത സദസ്സിനു മുന്‍പില്‍, മോഹന്‍ലാലിന്റെ നടന വൈഭവത്തെപറ്റി പറഞ്ഞു ബോധിപ്പിക്കലായിരുന്നു. അതിനു വേണ്ടി മനസ്സുകൊണ്ടും ശരീരംകൊണ്ടും ഞാന്‍ നടത്തിയ ശ്രമങ്ങള്‍ ലോകം അറിയാത്ത കഥയാണ്. ലാലിന്റ ചീട്ട് കീറും എന്ന്  പൂര്‍ണബോധ്യം വന്നപ്പോഴാണ് ഞാന്‍ സംവിധായന്റെ വേഷം മാറി വക്കീലായതു . അതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഞാന്‍ നേരിട്ടത് , പറഞ്ഞാല്‍ മാത്രമേ അത് കൂടുതല്‍ ബോധ്യമാക്കാന്‍ പറ്റൂ.അതുകൊണ്ടു തന്നെ "filmy Fridays " SEASON 3 ല്‍ അതേപ്പറ്റി വ്യക്തമായി പരാമര്‍ശിക്കാം. എന്തായാലും എന്റെ അഭിഭാഷകനായുള്ള ലാലറിയാതെയുള്ള പ്രകടനം ഒരു വലിയ നടന്റെ തുടക്കത്തില്‍ സഹായമായല്ലോ എന്ന് ഞാന്‍ ആശ്വസിക്കുന്നു. ഒരു പിറന്നാള്‍ ദിനത്തില്‍ എനിക്ക് ലാലുമായി പങ്കിടാന്‍ ഇതിലും മധുരമായ എന്തുണ്ട്!
പ്രിയപ്പെട്ട ലാല്‍, ഇന്നത്തെ ദിവസം നിങ്ങള്‍ അഭിനനന്ദനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയാണ് എന്നെനിക്കറിയാം. എന്നാല്‍ ഇത് നിങ്ങള്‍ നിങ്ങളുടെ പ്രതിഭകൊണ്ടും അദ്ധ്വാനം കൊണ്ടും നേടിയെടുത്തതുമാണ്. ഒരു നായകന്റെ രൂപത്തോടെയല്ല നിങ്ങള്‍ വന്നത്. എന്നാല്‍ നിങ്ങള്‍ അതിനെ നായകരൂപമാക്കിമാറ്റി ഒരു മോഹന്‍ലാല്‍ സ്വാഭാവമുണ്ടാക്കിയെടുത്തു. അതൊരു നിസ്സാര കാര്യമല്ല. ലാലേട്ടന്‍ എന്ന പ്രയോഗം യുവജനങ്ങള്‍ക്കിടയില്‍ ഒരു മുദ്രാവാക്യമാക്കി മാറ്റിയില്ലേ നിങ്ങള്‍?
നിങ്ങള്‍ മിടുക്കനാണ് ..
ഭാഗ്യവാനാണ് ...
കുട്ടിക്കാലത്തു മിടുക്കന്മാരായ കുട്ടികളെ ചൂണ്ടി പ്രായമുള്ളവര്‍ പറയും
'ദേ കണ്ടു പഠിക്കടാ ...'
അഭിനയത്തില്‍ താല്‍പ്പര്യത്തോടെ വരുന്നവരോട് നമുക്ക് അഭിമാനത്തോടെ മോഹന്‍ലാലിനെ ചൂണ്ടി എന്നും പറയാം ...
'ദേ കണ്ടു പഠിക്ക് ...'!

 

Latest News