Sorry, you need to enable JavaScript to visit this website.

സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഉപേക്ഷിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത്‌സിറ്റി- ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കുവൈത്ത് അധികം വൈകാതെ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഉപേക്ഷിച്ചേക്കും. ഇതിനുള്ള തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണെന്ന് സാമൂഹ്യക്ഷേമ മന്ത്രിയുടെ ഉപദേഷ്ടാവ് ദഹം അല്‍ശമിരി വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ 46 ലക്ഷം ജനസംഖ്യയില്‍ 33 ലക്ഷവും വിദേശികളാണ്. രാജ്യത്തേക്ക് അനധികൃതമായി വിദേശികളെ എത്തിച്ച് കുംഭകോണം നടക്കുന്നതായുള്ള ആരോപണം കുവൈത്തിനെ ഒന്നാകെ ഉലച്ചിരുന്നു. അവിദഗ്ധ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഇഖാമ കച്ചവടവും തകൃതിയായി നടമാടിയിരുന്നു. സാമൂഹ്യക്ഷേമ മന്ത്രാലയം ഇത്തരം വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ അന്വേഷിച്ച് കണ്ടെത്തി അവയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ഭഗീരഥ പ്രയത്‌നം നടത്തിയെന്ന് ദഹം അല്‍ശമിരി പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ, ഡസണ്‍ കണക്കിന് അനധികൃത റിക്രൂട്ട്‌മെന്റ് കമ്പനി ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ പതിനായിരക്കണക്കിന് ഇടപാടുകള്‍ നടക്കുന്നുണ്ട് എന്നതിനാല്‍ വെറും 400 ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ ഏതെല്ലാമാണ് അനധികൃതമെന്ന് കണ്ടുപിടിക്കല്‍ അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, ചെറുകിട റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തണമെങ്കില്‍ ചുരുങ്ങിയത് 10 പേരെയെങ്കിലും റിക്രൂട്ട് ചെയ്യണമെന്ന നിബന്ധനയും നിലവിലുണ്ടെന്ന് അദ്ദേഹം വിശദമാക്കി. ഇഖാമ കച്ചവടം കുവൈത്തില്‍ മൂന്ന് വര്‍ഷം തടവും 2000 മുതല്‍ 10,000 ദിനാര്‍ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

 

Latest News