കുവൈത്ത് സിറ്റി- അടിയന്തരാവശ്യമുള്ള പ്രവാസികളെ മടക്കിക്കൊണ്ടുപോകുന്ന വന്ദേഭാരത് മിഷനില്‍ യാത്രക്കാരെ തെരഞ്ഞെടുക്കുന്നത് സുതാര്യത ഇല്ലാതെയാണെന്ന പരാതി വ്യാപകമാകുന്നു. അതിനാല്‍ പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ വിവരങ്ങള്‍ എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ സുതാര്യമാക്കാനും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലുള്ള മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കാനും എംബസി തയാറാകണം. വന്ദേ ഭാരത് ഒന്നാം ഘട്ടത്തില്‍ യാത്രക്കാരെ തെരഞ്ഞെടുത്ത രീതിയിലും നടപടിക്രമങ്ങളിലും വ്യാപകമായ പരാതികളുണ്ടെന്നും വെല്‍ഫെയര്‍ കുവൈത്ത് വ്യക്തമാക്കി.
എംബസികള്‍ തയാറാക്കുന്ന പട്ടികയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് ഇടപെടലുണ്ടാകുന്നതായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. യു.എ.ഇയില്‍നിന്നും സമാനമായ പരാതികള്‍ ഉണ്ടായിരുന്നു. അടിയന്തരാവശ്യമില്ലാത്ത പലരും ലിസ്റ്റില്‍ ഇടം പിടിക്കുന്നുവെന്നാണ് പരാതി.