പാലക്കാട്- ജില്ലയിൽ ഇന്നലെ ഏഴ് പേർക്ക് കൂടി കോവിഡ്19 ബാധ സ്ഥിരീകരിച്ചു. ഇതിൽ മൂന്നു പേർ ചെന്നൈയിൽ നിന്ന് വാളയാർ വഴിയും നാല് പേർ മഹാരാഷ്ട്രയിൽ നിന്ന് തലപ്പാടി വഴിയും നാട്ടിൽ എത്തിയവരാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇരുപത് ആയി. ഇതിൽ ഓരോ മലപ്പുറം, തൃശൂർ സ്വദേശികളും ഉൾപ്പെടുന്നു. ജില്ലയിൽ നിന്നുള്ള രണ്ടു പേർ എറണാകുളത്ത് ചികിൽസയിലുണ്ട്.
മഹാരാഷ്ട്രയിൽ നിന്ന് എത്തിയ രണ്ട് ഒറ്റപ്പാലം പനമണ്ണ സ്വദേശികൾ (45, 42 വയസ്സുള്ളവർ), രണ്ട് തൃക്കടീരി സ്വദേശികൾ (50, 39 വയസ്സുള്ളവർ), ചെന്നൈയിൽ നിന്ന് എത്തിയ ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി (49), ആലത്തൂർ കാവശ്ശേരി സ്വദേശി (27), കൊല്ലങ്കോട് ആനമാറി സ്വദേശി (38) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൊല്ലങ്കോട്, കാവശ്ശേരി സ്വദേശികൾ മെയ് 17 നാണ് വാളയാർ ചെക്‌പോസ്റ്റ് കടന്നത്. ഇവർക്ക് ചെന്നൈയിൽ വെച്ച് തന്നെ അസുഖം സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് പാലക്കാട്ട് വെച്ച് രോഗബാധ സ്ഥിരീകരിച്ച തൃശൂർ സ്വദേശിക്കൊപ്പം ചെന്നൈയിൽ ഇവർ താമസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് മെയ് 13 ന് യാത്ര തിരിച്ച് പിറ്റേന്ന് തലപ്പാടി വഴി കേരളത്തിലെത്തിയ സംഘത്തിലെ അംഗങ്ങളാണ് പനമണ്ണ - തൃക്ക്ടീരി സ്വദേശികൾ.
റിയാദ്, ദമാം, ക്വാലാലംപുർ, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലായി ചൊവ്വാഴ്ച നാൽപത് പേരാണ് ജില്ലയിലേക്ക് മടങ്ങിയെത്തിയത്. ഇതിൽ 19 പേരെ ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജ് ഹോസ്റ്റലിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. റിയാദിൽ നിന്ന് കരിപ്പൂർ വഴി എത്തിയ പതിനൊന്നിൽ മൂന്നു പേരെയും ദമാമിൽ നിന്ന് നെടുമ്പാശ്ശേരി വഴി എത്തിയ 17 ൽ നാലു പേരെയും ക്വാലാലംപുരിൽ നിന്ന് നെടുമ്പാശ്ശേരി വഴി എത്തിയ പത്തു പേരെയും ദോഹയിൽ നിന്ന് കണ്ണൂർ വഴി എത്തിയ രണ്ട് പേരെയുമാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികളുടെ എണ്ണം 379 ആയി. ഇതിൽ 185 പേരാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഉള്ളത്. ബാക്കിയുള്ളവർ സ്വന്തം വീടുകളിലാണ്. ആകെ 7606 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വാളയാർ ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് ആളുകളുടെ ഒഴുക്ക് ഇപ്പോഴും നിലച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ ആറു മുതൽ ഇന്നലെ രാവിലെ ആറു വരെ 1538 പേരാണ് ഇതുവഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്.