Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് ഉപ്പയും ഉമ്മയും യാത്രയായി; അനാഥരായി ആറു മക്കള്‍

ഷാര്‍ജ - കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതോടെ അനാഥരായ ആറു മക്കള്‍ യു.എ.ഇയില്‍ കുടുങ്ങി. ഷാര്‍ജയില്‍ കഴിയുന്ന സുഡാനി കുടുംബത്തിലെ മാതാപിതാക്കളാണ് കൊറോണ ബാധിച്ച് മരിച്ചത്. സുഡാനി അലി അഹ്മദ് അല്‍ത്വയ്യിബ് (57) ഈയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ കൊറോണ ബാധിച്ച് മരണപ്പെട്ട് 23 ദിവസത്തിനു ശേഷമാണ് അലി അഹ്മദ് അല്‍ത്വയ്യിബും അന്ത്യശ്വാസം വലിച്ചത്.

ഷാര്‍ജയിലെ അല്‍തൗവാന്‍ ഏരിയയിലാണ് കുടുംബം കഴിയുന്നത്.  ആറു കുട്ടികളും ഇപ്പോള്‍ അജ്മാനില്‍ കഴിയുന്ന പിതാവിന്റെ ബന്ധുവായ മുഹമ്മദ് ഹാശിമിനൊപ്പമാണ് കഴിയുന്നത്.


പത്താം ക്ലാസില്‍ പഠിക്കുന്ന വഅദ് അലി അഹ്മദ്, ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ബതൂല്‍, എട്ടാം ക്ലാസില്‍ പഠിക്കുന്ന കമാലുദ്ദീന്‍, ആറാം ക്ലാസില്‍ പഠിക്കുന്ന സൈനബ്, ഒന്നാം ക്ലാസില്‍ പഠിക്കുന്ന നൂര്‍ അല്‍ബയാന്‍, കിന്റര്‍ഗാര്‍ട്ടനില്‍ പഠിക്കുന്ന മുഹമ്മദ് എന്നിവരാണ് അനാഥരായി മാറിയിരിക്കുന്നത്. ഭാര്യ മരണപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് പ്രമേഹ രോഗിയായ അലി അഹ്മദ് അല്‍ത്വയ്യിബിന് കൊറോണ ബാധിച്ചതെന്ന് അടുത്തിടെ മാത്രം വിവാഹിതനായ കുട്ടികളുടെ പുതിയ രക്ഷകര്‍ത്താവ് മുഹമ്മദ് ഹാശിം പറഞ്ഞു.

മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ട വലിയ വേദനയില്‍ നിന്ന് പുറത്തുകടക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാതാപിതാക്കള്‍ ആശിച്ച പോലെ തന്നെ പഠനം തുടരാനും വളരാനും കുട്ടികള്‍ക്ക് സാധിക്കണമെന്നും ആഗ്രഹിക്കുന്നു. ട്യൂഷന്‍ ഫീസ് കുടിശ്ശികയായതിനാല്‍ കുട്ടികള്‍ കഴിഞ്ഞ വര്‍ഷം സ്‌കൂളിലേക്ക് പോയിരുന്നില്ലെന്നും മുഹമ്മദ് ഹാശിം പറഞ്ഞു.  ആറു കുട്ടികളുടെയും താമസ, സ്‌കൂള്‍ പഠന ചെലവുകള്‍ വഹിക്കുമെന്ന് ദാര്‍ അല്‍ബിര്‍ സൊസൈറ്റി അറിയിച്ചു.

 

Latest News