ന്യൂദല്‍ഹി- മുസ്്ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് മര്‍ദിച്ചതെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് സമ്മര്‍ദം ചെലുത്തുകയാണെന്ന് മധ്യപ്രദേശില്‍ പോലീസ് മര്‍ദനമേറ്റ അഭിഭാഷകന് ദീപക് ബുന്‍ദേലെ. ലോക്ഡൗണ്‍ നിയന്ത്രമണങ്ങള് ലംഘിച്ചെന്നാരോപിച്ചാണ് ദീപകിനെ പോലീസ് മര്‍ദിച്ചത്.
സംഭവത്തില്‍ താന്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ദീപക് ബുന്ദേളെ ദ വയറിനോട് പറഞ്ഞു.
മാര്‍ച്ച് 23 ന് വൈകീട്ട് അഞ്ച് മണിയോടെ ആശുപത്രിയിലേക്ക് പോയ തന്നെ പോലീസ് തടയുകയായിരുന്നു. ബെദുലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആരോഗ്യാവസ്ഥ മോശമായതോടെയാണ് ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനാണെന്ന് പറഞ്ഞതിന് ശേഷം മാത്രമാണ് പോലീസ് മര്‍ദനം അവസാനിപ്പിച്ചത്. അപ്പോഴേക്കും ചെവിയില്‍ നിന്ന് രക്തസ്രാവം തുടങ്ങിയിരുന്നു. പിന്നീട് സുഹൃത്തിനെയും സഹോദരനെയും വിളിച്ചാണ് ആശുപത്രിയിലെത്തിയത്- ദീപക് പറഞ്ഞു.
മാര്‍ച്ച് 24 ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡി.എസ്. ഭഡോറിയയ്ക്കും ഡി.ജി.പി വിവേക് ജോഹ്രിക്കും പരാതി നല്കി. മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിരുന്നു.






