കോവിഡ് രോഗികളെ ഖബറടക്കിയാല്‍ രോഗം പകരുമോ; മുംബൈയില്‍ വിവാദം

മുംബൈ-കോവിഡ് രോഗികളുടെ മൃതദേഹങ്ങളില്‍നിന്ന് രോഗം പകരില്ലെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) മുംബൈ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോവിഡ് ബാധിച്ച് മരിച്ചവരെ ബാന്ദ്ര ഖബര്‍സ്ഥാനില്‍ മറവു ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാന്ദ്ര നിവാസികള്‍ സമര്‍പ്പിച്ച ഹരജിയില്‍ മറുപടി നല്‍കുകയായിരുന്നു ബി.എം.സി.

കോവിഡ് രോഗികളെ മറവു ചെയ്യുന്നത് സാമൂഹിക വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ്  ബാന്ദ്രയിലെ പ്രദീപ് ഗാന്ധി എന്നയാളുടെ നേതൃത്വത്തില്‍ ഒരു സംഘം കോടതിയെ സമീപിച്ചത്.

മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതു പാലിക്കുന്നുണ്ടെന്നും കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. എബോള വൈറസ്, കോളറ തുടങ്ങിയവ ഒഴിച്ച്  മൃതദേഹങ്ങള്‍ പൊതുവെ വൈറസ് വ്യാപനത്തിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹത്തില്‍നിന്ന് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹരജിയിലെ വാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും  സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ബാന്ദ്ര ഖബര്‍സ്ഥാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യുന്നതിനായി പ്രത്യേക സ്ഥലം തന്നെ മാറ്റിവെച്ചിട്ടുണ്ട്. ആ പ്രദേശം റെസിഡന്‍ഷ്യല്‍ കോളനികളുടെ സമീപമല്ല. കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത്  വളരെയധികം സുരക്ഷിതമായ രീതിയിലാണെന്നും ബി.എം.സി വിശദീകരിച്ചു.

 

Latest News