കുവൈത്ത് സിറ്റി- വിദേശികളുടെ പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം കുവൈത്തില്‍ വീണ്ടുമുയരുന്നു. പാര്‍ലമെന്റിന്റെ മാന്‍പവര്‍ റിസോഴ്‌സസ് കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ അല്‍ സാലെയാണ് ഇത്തവണ ഇക്കാര്യം ആവശ്യപ്പെട്ടത്. അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്റ് എത്രയും വേഗം അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ധനകാര്യ സാമ്പത്തിക സമിതി അംഗീകരിച്ച നിര്‍ദേശം പാര്‍ലമെന്റിന്റെ പരിഗണനയിലാണ് ഇപ്പോള്‍. സാമ്പത്തിക വരുമാനത്തിന് സാധ്യമായ സ്രോതസ് ആണ് വിദേശികളുടെ പണമിടപാടിനുള്ള നികുതിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 4.2 ബില്യന്‍ ദിനാറില്‍ ഏറെയാണ് വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയക്കുന്ന പണത്തിന്റെ തോതെന്നും അദ്ദേഹം പറഞ്ഞു. നികുതി ഏര്‍പ്പെടുത്തുന്നതിന് വിവിധ എം.പിമാരും പാര്‍ലമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.






