തിരുവനന്തപുരം- കോവിഡ് ബാധിതരാണെന്ന വിവരം മറച്ചുവച്ച് നാട്ടിലേക്ക് വിമാനം കയറിയ മൂന്ന് പ്രവാസികള്‍ക്കെതിരേ പോലിസ് കേസെടുത്തു. അബുദാബിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ മൂന്ന് കൊല്ലം സ്വദേശികള്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അബുദാബിയിൽ വച്ച് തന്നെ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നെന്നാണ് പൊലിസ് പറയുന്നത്. ഇത് മറച്ചുവച്ചാണ് ശനിയാഴ്ചത്തെ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയത്. നാട്ടിലെത്തിയിട്ടും അധികൃതരോട് രോഗവിവരം അറിയിച്ചില്ല. സുഹൃത്തുക്കളായ മൂന്നുപേരാണ് കോവിഡ് വ്യാപനത്തിന് കാരണമാകുന്ന തരത്തില്‍ നിരുത്തരവാദപരമായി പെരുമാറിയത്.
കൊല്ലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈന് കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ ബസില്‍ കൊട്ടാരക്കര വെച്ചാണ് ഇവര്‍ കോവിഡ് ബാധിതരാണെന്ന് അറിയുന്നത്. ഇവരുടെ സംസാരം ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരന് വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ ഇവർ രോഗവിവരം സമ്മതിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഇവര്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങള്‍ പ്രകടമല്ലാത്തവര്ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നതിനാല്‍ ഇവര്‍ക്ക് വിമാനത്തില്‍വെച്ചാണ് രോഗം പകര്‍ന്നത് എന്ന് കരുതുന്നു. അതിനാല്‍ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.






