ന്യൂദല്‍ഹി- കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാനോടൊപ്പം ചേരുമെന്ന സമൂഹ മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി താലിബാന്‍. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് താലിബാന്റെ പ്രഖ്യാപിത നയമെന്നാണ് വിശദീകരണം.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന പേരിലാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്. കശ്മീര്‍ പ്രശ്‌നത്തിനു പരിഹാരം കാണുന്നതുവരെ ഇന്ത്യയുമായി സൗഹൃദ ബന്ധം സാധ്യമല്ലെന്ന് താലിബാന്‍ വക്താവ് സബിഉല്ലാ മുജാഹിദ് പറഞ്ഞതായി പ്രചരിച്ചതിനെ തുടര്‍ന്നാണ് താലിബാന്റെ ഭാഗത്തുനിന്നുളള വിശദീകരണം.
അതേസമയം, താലിബാനില്‍ പല വീക്ഷണക്കാരുണ്ടെന്നും ചിലര്‍ക്ക് കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുണ്ടെന്നും നിരീക്ഷികര്‍ പറയുന്നു.






