യു.എ.ഇയില്‍ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് 19 രോഗി സുഖം പ്രാപിച്ചു

രോഗവിമുക്തയായ കുഞ്ഞ് അമ്മയോടൊപ്പം

ദുബായ് - യു.എ.ഇയിലെ  ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് 19 രോഗി - നാല് മാസം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു. തുടര്‍ച്ചയായ മൂന്നാമത് പരിശോധനയിലും ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈജിപ്ഷ്യന്‍ പെണ്‍കുഞ്ഞ് ആശുപത്രി വിട്ടത്. കോവിഡ് 19 സ്ഥീരീകരിച്ച് ഏപ്രില്‍ മൂന്നാം വാരത്തിലാണ് കുട്ടിയെ ദുബായ് അല്‍സഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
15 കാരനായ കുട്ടിയുടെ മുതിര്‍ന്ന സഹോദരന് കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനെ പരിശോധനക്ക് കൊണ്ടുപോയത്.

സഹോദരനില്‍ കണ്ട അതേ രോഗലക്ഷണങ്ങളായ പനിയും ചുമയും കുഞ്ഞിലും കണ്ടിരുന്നു. അതേസമയം, കുട്ടിയുടെ മാതാപിതാക്കളുടെയും മൂന്ന് വയസ്സുകാരനായ മറ്റൊരു സഹോദരന്റെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 'വെറും നാല് മാസം പ്രായമുള്ള പൈതല്‍ ഐസലോഷനില്‍ കിടക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു- കുഞ്ഞിന്റെ അമ്മ പറഞ്ഞു.
'മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കുഞ്ഞുങ്ങള്‍ക്ക് കോവിഡ് ബാധിക്കുന്നത് ഏറെ ഭയപ്പെടുത്തുന്നതാണ്. അല്‍സഹ്‌റ ഹോസ്പിറ്റല്‍ അധികൃതര്‍ തന്നെയും ഇളയ മകനെയും ഹോസ്പിറ്റലില്‍ താമസിക്കാന്‍ അനുവദിച്ചു. രോഗം ഭേദമാക്കുന്നതിനും കുഞ്ഞിനെ പഴയ നിലയിലേക്ക് കൊണ്ടുവരാനും അവര്‍ തങ്ങളെ വളരെയധികം സഹായിച്ചുവെന്നും അവര്‍ പറഞ്ഞു.

'കുഞ്ഞ് നേരിയ രോഗ ലക്ഷണവുമായാണ് വന്നതെന്ന് കുഞ്ഞിനെ ചികിത്സിച്ച ഡോ. യാസര്‍ അല്‍ നഖ്‌ലവി പറഞ്ഞു. ആശുപത്രിയില്‍ താമസിച്ച കാലം മുഴുവന്‍ നല്ല അവസ്ഥയിലായിരുന്നു. തുടക്കത്തില്‍ രോഗബാധിതരായ കുട്ടികളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ്-19 ബാധിതരായ കുട്ടികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍ മുതിര്‍ന്നവരില്‍ നിന്നാണ് കുട്ടികള്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യതയെന്ന് വിശ്വസിക്കുന്നു. പക്ഷെ, ഭാഗ്യവശാല്‍ മുതിര്‍ന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ വളരെ കുറവാണെന്നും ഡോ. യാസിര്‍ അല്‍നഖ്‌ലവി വിശദീകരിച്ചു.  

 

 

 

Latest News