ദുബായ്- നാല് വർഷം കൊണ്ട് ദുബായിൽ വിവാഹമോചന നിരക്ക് 35 ശതമാനം കുറഞ്ഞതായി സർവേ റിപ്പോർട്ട്. ദുബായിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി(സി.ഡി.എ) ദുബായ് സ്റ്റാറ്റിസ്റ്റ്ക്‌സ് സെന്ററുമായും ദുബായ് കോടതികളുമായും സഹകരിച്ച് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 2016 മുതൽ 2019 വരെ എമിറേറ്റിൽ വിവാഹമോചന കേസുകളിൽ ഗണ്യമായ കുറവുണ്ടായതായി സർവേ വ്യക്തമാക്കുന്നു. ഓരോ എമിറേറ്റുകളുടെയും വിവാഹമോചന നിരക്ക് 2016 ൽ 3.76 ൽനിന്ന് 2019 ൽ 2.44 ആയി കുറഞ്ഞു. ആയിരം പേരുടെ കണക്കു പ്രകാരമായിരുന്നു.
മേൽകാലയളവിൽ ദുബായ് കോടതികളിൽ രജിസ്റ്റർ ചെയ്ത എല്ലാ വിവാഹങ്ങളും വിവാഹമോചനങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാഹമോചന നിരക്ക് കുറക്കാനുള്ള നീക്കത്തിൽ ലഭിച്ച പോസിറ്റീവ് സ്ഥിതി വിവരകണക്കുകൾ ഇത് എടുത്തുകാണിക്കുന്നു. വിവാഹമോചനം നാല് കൊല്ലത്തിനിടയിൽ 33.5 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
2016ൽ ഈ നിരക്ക് 11.95 ശതമാനമായിരുന്നു. 2019ൽ 7.95 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
'കഴിഞ്ഞ ഏതാനും വർഷങ്ങളായി, വിവാഹമോചന നിരക്ക് അളക്കാനുള്ള എല്ലാ മാർഗങ്ങളെകുറിച്ചും ഞങ്ങൾ ഗവേഷണം നടത്തി.
കുടുംബങ്ങൾ സുരക്ഷിതമായി നിലനിൽക്കാനും ആഗോളതലത്തിൽ തന്നെ മികച്ച റിസൽട്ടുണ്ടാക്കാനുള്ള തീരുമാനങ്ങളെടുക്കാനും ഇതുവഴി ഞങ്ങൾ ശ്രമിക്കുകയാണ്.
വിവിധ സ്റ്റാറ്റിസ്റ്റിക്കൽ ഫാക്ടറുകളുമായി ബന്ധപ്പെടുത്തി കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സി.ഡി.എ സോഷ്യൽകെയർ ആന്റ് ഡെവലപ്‌മെന്റ് സെക്ടർ സി.ഇ.ഒ ഹുറൈസ് അൽ മുർബിൻ ഹുറൈസ് പറഞ്ഞു.
കുടുംബത്തിന്റെ സ്ഥിരത വർധിപ്പിക്കാൻ വേണ്ട പദ്ധതികൾ വികസിപ്പിച്ചെടുക്കാൻ ഈ പഠനങ്ങൾ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, 17 ശതമാനം എന്ന തോതിൽ വിവാഹങ്ങളിലും കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.