മാതാപിതാക്കൾ വിദേശത്ത്; ഷാർജയിൽ അഫ്ഗാൻ ബാലികമാർ ദുരിതത്തിൽ 

മാതാപിതാക്കളില്ലാതെ ഷാർജയിൽ ഒറ്റക്ക് കഴിയുന്ന ഫരിഷ്തയും നാദിറയും. 
  •  തലസ്സേമിയ ബാധിതരായ കുട്ടികൾക്ക് ചികിത്സ മുടങ്ങുന്നു

ഷാർജ- കോവിഡ് 19 മൂലം ആശങ്കയിൽ കഴിയുന്ന അനേകായിരങ്ങളിൽ ഇതാ ശരീരത്തിൽ അനിയന്ത്രിതമായ തോതിൽ ഹീമോഗ്ലോബിൻ രൂപപ്പെടുന്ന അവസ്ഥയായ തലസ്സേമിയ ബാധിച്ച രണ്ട് അഫ്ഗാൻ കുട്ടികളും. വിമാനയാത്ര നിർത്തിവെച്ചതിനാൽ രക്ഷിതാക്കൾ വിദേശത്ത് കുടുങ്ങിയതോടെ പരിശോധനക്ക് കൃത്യസമയത്ത് ആശുപത്രിയിൽ കൊണ്ട് പോകാൻ ആളില്ലാതെ ദുരിതമനുഭവിക്കുകയാണ് ഒമ്പത് വയസ്സുകാരി ഫരിഷ്തയും ആറു വയസ്സുള്ള നാദിറയും.


പാരമ്പര്യമായി രക്തത്തകരാർ മൂലം ചികിത്സ നേരിടുന്ന ഇരുവർക്കും കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അൽഐനിലെ തവാം ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാർട്ട്‌മെന്റിൽ എത്തേണ്ടിയിരുന്നത്. പ്രധാന ചികിത്സ മുടങ്ങിയതോടെ കുട്ടികളുടെ കുടുംബം ആശങ്കയിലാണ്. ഒരു ബിസിനസ് ആവശ്യാർഥം ഓസ്ട്രേലിയയിൽ പോയതാണ് പിതാവ് നിഅ്മത്തുല്ല. മാതാവ് അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കഴിയുകയുമാണ്.


150 കിലോമീറ്റർ അകലെയുള്ള ഹോസ്പിറ്റലിലേക്ക് മക്കളെയെത്തിക്കാൻ എന്റെ പരിചയത്തിൽ ആരുമില്ലെന്ന് നിഅ്മത്തുല്ല പരിഭവിക്കുന്നു. അവരുടെ കാര്യമോർത്ത് ഉറക്കം നഷ്ടമായിട്ട് നാളുകളായി. ചികിത്സ തുടങ്ങിയാൽ ഒരുപക്ഷെ, രക്തം നൽകേണ്ടിയും വരും. അതിനെല്ലാം അവരുടെ കൂടെ നിൽക്കാനും സഹായിക്കാനും ആരെയെങ്കിലും വേണമെന്ന് ഇദ്ദേഹം അപേക്ഷിക്കുന്നു. 
ഫെബ്രുവരിയിലാണ് നിഅ്മത്തുല്ല ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നത്. മാർച്ചിൽ തിരികെ ഷാർജയിലേക്ക് വരാമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ കൊറോണ വ്യാപനം എല്ലാം തെറ്റിച്ചതാണ് ഈ പിതാവിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്.  

പിതാവിന്റെ രോഗം മൂർഛിച്ചതോടെയാണ് മാർച്ച് ഒമ്പതിന് കുട്ടികളുടെ മാതാവ് ഹുസ്‌നിയ ഇരുവരെയും ബന്ധുവായ ഹാഫിസിനെ ഏൽപ്പിച്ച് അഫ്ഗാനിസ്ഥാനിലേക്ക് പോയത്.  നാല് വയസ്സുകാരിയായ ഇളയ കുട്ടി ആയിശയെയും ഹുസ്‌നിയ കൂടെ കൂട്ടിയിരുന്നു. ജോലിത്തിരക്കിൽ കുടുങ്ങിയതോടെ കുട്ടികളെ അനുഗമിക്കുന്ന കാര്യത്തിൽ  ഹാഫിസും നിസ്സഹായനാണ്.  നിഅ്മത്തുല്ലയും ഭാര്യയും പലതവണകളായി തിരികെ വരാൻ അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇരുവരും. കഴിഞ്ഞ ശനിയാഴ്ച തന്റെ ദയനീയാവസ്ഥ വിവരിച്ച് നിഅ്മത്തുല്ല സാമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ട്വിറ്ററിലൂടെ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന് സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അനുകൂലമായ മറുപടി ലഭിക്കുമെന്ന്  പ്രതീക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം.

 

 


 

Latest News